യാത്ര മുടങ്ങിയവര്‍ക്ക് ന്യായമായ നഷ്ടപരിഹാരം ലഭ്യമാക്കണം: ഐ.സി.എഫ്
text_fieldsദമ്മാം: ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക് കാരണം എയര്‍ ഇന്ത്യ വിമാന സര്‍വിസുകള്‍ മുടങ്ങിയത് ആയിരക്കണക്കിന് പ്രവാസികളുടെ യാത്രയും തൊഴിലും പ്രതിസന്ധിയിലാക്കിയെന്ന് ഐ.സി.എഫ് ഇന്റർനാഷനൽ കൗൺസിൽ പ്രസ്താവനയില്‍ പറഞ്ഞു. വലിയ തുക നല്കി ടിക്കറ്റ് സ്വന്തമാക്കിയാണ് സാധാരണക്കാരായ പ്രവാസികള്‍ യാത്രക്കൊരുങ്ങുന്നത്. ദൂരങ്ങള്‍ താണ്ടിയും മണിക്കൂറുകള്‍ യാത്ര ചെയ്തുമാണ് പലരും വിമാനത്താവളങ്ങളിലെത്തുന്നത്. വിമാനം കയറാന്‍ കാത്തുനില്ക്കുന്നവരുടെ യാത്ര മുടക്കുന്ന നടപടി നീതീകരിക്കാനാവാത്തതാണ്.
പ്രവാസികള്‍ വിമാനയാത്രകളില്‍ നേരിടുന്ന കടുത്ത അനീതികളുടെ ഏറ്റവും പുതിയ മുഖമാണ് ഇന്നലെ കണ്ടത്. പൊതുമേഖല സ്ഥാപനമായിരുന്ന എയര്‍ ഇന്ത്യയെ സ്വകാര്യ മേഖലയിലേക്ക് കൈമാറ്റം ചെയ്തതിന്റെ അനന്തരഫലം കൂടിയാണ് കുട്ടികളും സ്ത്രീകളും അടക്കം ആയിരക്കണക്കിന് പ്രവാസികള്‍ അനുഭവിച്ച ദുരിതം. മിന്നല്‍ പണിമുടക്ക് കാരണം യാത്ര മുടങ്ങിയവര്‍ക്ക് അടിയന്തര യാത്രാ സൗകര്യങ്ങളും ന്യായമായ നഷ്ടപരിഹാരവും ലഭ്യമാക്കണം. കേരള-കേന്ദ്ര സര്‍ക്കാറുകള്‍ വിഷയത്തില്‍ ഇടപെടണം. വരാനിരിക്കുന്ന വേനല്‍ അവധിക്കാലത്തേക്കുള്ള നിരക്കുയര്‍ത്തിയ നടപടികള്‍ പിന്‍വലിക്കാന്‍ വിമാനക്കമ്പനികള്‍ തയാറാകണമെന്നും ഐ.സി.എഫ് ഇന്റർനാഷനൽ കൗൺസിൽ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.