ആകാശച്ചതിയിൽ യാത്രക്കാരുടെ നിസ്സംഗതക്കും പങ്ക് -ഐ.സി.എഫ് ജനകീയ സദസ്സ്
text_fieldsറിയാദ്: പ്രായോഗിക രീതിയിൽ യാത്രകൾ ആസൂത്രണം ചെയ്യുന്നതിലെ പരാജയവും തുച്ഛമായ സംഖ്യ ലാഭം നോക്കി ബജറ്റ് എയർലൈനുകളുടെ പിന്നാലെപോയി കെണിയിൽ വീഴുകയും ചെയ്യുന്നതാണ് ഗൾഫ് സെക്ടറുകളിലെ യാത്രക്കാരെ ചൂഷണം ചെയ്യാൻ വിമാന കമ്പനികൾക്ക് സഹചര്യമൊരുക്കുന്നതെന്ന് ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) റിയാദ് ഘടകം സംഘടിപ്പിച്ച ജനകീയ സദസ്സ് അഭിപ്രായപ്പെട്ടു. ‘അവസാനിക്കാത്ത ആകാശച്ചതികൾ’ എന്ന വിഷയത്തിൽ ഐ.സി.എഫ് ദേശീയ തലത്തിൽ നടത്തിവരുന്ന ജനകീയ സദസുകളുടെ ഭാഗമായി റിയാദിൽ നടന്ന പരിപാടിയിൽ പ്രതിരോധത്തിന്റെ വിവിധ ആശയങ്ങൾ ഉയർന്നുവന്നു.
സീസൺ കാലയളവിലാണ് വിമാന കമ്പനികൾ ഏറ്റവും കൂടുതൽ ചൂഷണം നടത്തുന്നത് എന്നതിനാൽ ഗ്രൂപ്പ് ടിക്കറ്റിങ് സംവിധാനം വഴി വിവിധ കൂട്ടായ്മകൾ കൂടുതൽ ടിക്കറ്റുകൾ എടുത്താൽ, ഈ സമയത്തുള്ള വിമാനക്കമ്പനികളുടെയും ട്രാവൽ ഏജൻസികളുടെയും ടിക്കറ്റ് പൂഴ്ത്തിവെപ്പിന് തടയിടാൻ കഴിയുമെന്ന് സംസാരിച്ചവർ അഭിപ്രായപ്പെട്ടു. കേരള സെക്ടറിൽ നിലവിൽ കോഴിക്കോട് എയർപോർട്ടിലേക്കാണ് ഏറ്റവും കൂടുതൽ യാത്രക്കാരുള്ളത്. ഇത് ഇവിടത്തേക്കുള്ള ടിക്കറ്റ് നിരക്ക് വർധിക്കുന്നതോടൊപ്പം മറ്റുള്ള വിമാനത്താവളങ്ങളിലേക്കുള്ള സർവിസ് കുറക്കാൻ വിമാനക്കമ്പനികളെ പ്രേരിപ്പിക്കും. തൊട്ടടുത്ത എയർപോർട്ടുകൾ ഉപയോഗപ്പെടുത്താൻ കഴിയുന്നവർ, അവ ഉപയോഗപ്പെടുത്തിയാൽ എല്ലായിടത്തേക്കും ഒരേ നിരക്ക് ഈടാക്കാൻ നിർബന്ധിതരാകും.
കോവിഡിന് ശേഷം നിർത്തലാക്കിയ റിയാദ് -തിരുവനന്തപുരം സെക്ടറിലെ സൗദിയ എയർലൈൻസ് സർവിസ് പുനഃരാരംഭിക്കണമെന്ന് അഭ്യർഥിച്ചുകൊണ്ട്, സൗദിയ എയർലൈൻസ് അധികാരികളെ കാണാൻ ഐ.സി.എഫിന്റെ നേത്യത്വത്തിൽ ജനകീയ സദസ്സിൽ പങ്കെടുത്തവർ ശ്രമം നടത്തും. യാത്രക്കാരുടെ അവകാശങ്ങളെ കുറിച്ചുള്ള നിയമ ബോധവത്കരണത്തിലൂടെ ഒരു പരിധിവരെ പരിഹാരം കണ്ടെത്താൻ സാധിക്കുമെന്ന് വിലയിരുത്തുകയും ജനകീയ സദസ്സിൽ ബോധവത്കരണ പരിപാടികൾ നടത്താൻ വിവിധ കൂട്ടായ്മകൾ മുന്നിട്ട് വരണമെന്നും അഭിപ്രായമുയർന്നു.
ഐ.സി.എഫ് റിയാദ് സെൻട്രൽ അഡ്മിൻ സെക്രട്ടറി ലത്തീഫ് മാനിപുരം വിഷയാവതരണം നടത്തി. സെൻട്രൽ പ്രസിഡൻറ് ഒളമതിൽ മുഹമ്മദ് കുട്ടി സഖാഫി ഉദ്ഘാടനം ചെയ്തു. നജിം കൊച്ചുകലുങ്ക്, നൗഫൽ പാലക്കാടൻ, യൂനുസ് തൃശൂർ, സലിം പട്ടുവം എന്നിവർ സംബന്ധിച്ചു. ജനറൽ സെക്രട്ടറി അബ്ദുൽ മജീദ് താനാളൂർ സ്വാഗതവും മീഡിയ ആൻഡ് പബ്ലിക്കേഷൻ സെക്രട്ടറി അബ്ദുൽ കാദർ പള്ളിപറമ്പ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.