മലയാളി തീർഥാടകരെ മക്കയിലുപേക്ഷിച്ച് ട്രാവല്‍സ് ഉടമ മുങ്ങി
text_fieldsജിദ്ദ: മലയാളി തീർഥാടകരെ മക്കയിലുപേക്ഷിച്ച് ട്രാവല്‍സ് ഉടമ മുങ്ങി. മലപ്പുറം വേങ്ങര റബീഹ് ട്രാവല്‍സിന് കീഴില്‍ ഉംറക്ക് എത്തിയ 38 തീര്‍ഥാടകരാണ് മക്കയില്‍ പെരുവഴിയിലായത്. നാട്ടിലേക്ക് മടങ്ങാന്‍ ടിക്കറ്റ് ഇല്ലാത്ത വലയുന്ന ഇവരെ ഹോട്ടലില്‍ നിന്ന് പുറത്താക്കുമെന്ന ഭീതിയിലാണ്. വേങ്ങരയിലെ റബീഹ് ട്രാവല്‍സിന് കീഴില്‍ ജൂണ്‍ രണ്ടിനാണ് ഇവർ ഉംറ നിര്‍വഹിക്കാന്‍ മക്കയിലെത്തിയത്. ഇതില്‍ 15 പേര്‍ ഈ മാസം19-ന് നാട്ടിലേക്ക് മടങ്ങേണ്ടവരുമായിരുന്നു. മടക്ക ടിക്കറ്റുണ്ടെന്ന് വിശ്വസിപ്പിച്ചാണ് ഇവരെ കൊണ്ടുവന്നത്. എന്നാല്‍ നാട്ടിലേക്ക് മടങ്ങേണ്ട സമയത്താണ് തങ്ങള്‍ കബളിപ്പിക്കപ്പെട്ട വിവരം ഇവര്‍ അറിയുന്നത്. ട്രാവല്‍സ് ഉടമ മുനീര്‍തങ്ങളെ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും ഫോണില്‍ പോലും ലഭ്യമാകാത്ത അവസ്ഥായാണ് നിലവിലുള്ളത് എന്ന് തീര്‍ഥാടകര്‍ പറഞ്ഞു. ഇതോടെ മുതിര്‍ന്നവരും സ്ത്രീകളും ഉള്‍പ്പെടെയുള്ളവര്‍ പെരുവഴിലായി.
ഇപ്പോള്‍ ഇവര്‍ താമസിക്കുന്ന ഹോട്ടലിനും ഭക്ഷണം വിതരണം ചെയ്യുന്ന കരാര്‍ സ്ഥാപനത്തിനും ട്രാവല്‍സ് ഉടമ വലിയ സംഖ്യ നല്‍കാനുണ്ട്. അതിനാല്‍ തീര്‍ഥാടകരെ ഹോട്ടലില്‍ നിന്ന് പുറത്താക്കുമെന്നാണ് അവര്‍ പറയുന്നത്. ഭക്ഷണവും താമസവും ഇല്ലാതെ പെരുന്നാള്‍ ദിനത്തില്‍ അലയേണ്ടിവരുമോ എന്ന ആശങ്കയിലാണ് തീര്‍ഥാടകര്‍.അറുപതിനായിരം മുതല്‍ തൊണ്ണൂറായിരം രൂപ വരെ നൽകിയാണ് പലരും ഉംറക്ക് വന്നത്. ജൂലൈ രണ്ടുവരെയാണ് ഇവരുടെ വിസാ കാലാവധി. മലപ്പുറം പാലക്കാട് വയനാട് ജില്ലകളിൽ നിന്നുള്ളവരാണ് തീർഥാടകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.