വായനക്കൊപ്പം വൃക്ഷത്തൈ നടീൽ; വേറിട്ട പദ്ധതിയുമായി ‘ഇത്റ’
text_fieldsദമ്മാം: മനസ്സും പ്രകൃതിയും സമന്വയിക്കുന്ന ആർദ്രവും മനോഹരവുമായ പദ്ധതിക്ക് ദഹ്റാനിലെ കിങ് അബ്ദുൽ അസീസ് വേൾഡ് കൾച്ചറൽ സെൻററിന്റെ (ഇത്റ) നേതൃത്വത്തിൽ തുടക്കമായി. വായനക്കൊപ്പം വൃക്ഷത്തൈനട്ട് മനസ്സിനൊപ്പം പ്രകൃതിയേയും ചേർത്തുവെക്കുകയെന്ന മനോഹരമായ ആശയത്തിന്റെ ആവിഷ്കാരമാണിത്. മൂന്ന് അറബ് നഗരങ്ങളിൽ മൂന്ന് ദിവസത്തെ വായനാമാരത്തണും മരംനടീൽ ദൗത്യവുമാണിത്. ലൈബ്രറി ഓഫ് അലക്സാൻഡ്രിയയുടെയും മൊറോക്കൻ നാഷനൽ ലൈബ്രറിയുടെയും സഹകരണത്തോടെയാണ് ഈ വ്യത്യസ്ത പരിപാടി സംഘടിപ്പിക്കുന്നത്.
സൗദിയിലെ ദഹ്റാൻ, ഈജിപ്തിലെ അലക്സാൻഡ്രിയ, മൊറോക്കോയിലെ റബാത്ത് എന്നിവിടങ്ങളിൽ ഒരേസമയം ഈ പരിപാടി നടക്കുമെന്ന് അധികൃതർ അറിയിച്ചു. ഓരോ സ്ഥലങ്ങളിലും ആളുകൾ പുസ്തകങ്ങൾ വായിക്കുകയും വായിച്ചുതീർന്ന ഓരോ 100 പേജിനും ഓരോ മരത്തൈ വീതം നട്ടുപിടിപ്പിക്കുകയും ചെയ്യും. ഇത്തരത്തിൽ ഒരു നഗരത്തിൽ അഞ്ചു ലക്ഷം പേജുകൾ വായിക്കുകയും 5,000 തൈകൾ നടുകയും ചെയ്യുകയെന്നതാണ് ലക്ഷ്യം. മരം നടീൽ സൗദി അറേബ്യയിലെ മരുഭൂവത്ക്കരണത്തെ ചെറുക്കുന്നതിനുള്ള ദേശീയ സസ്യവികസന കേന്ദ്രവുമായും ഈജിപ്തിലെയും മൊറോക്കോയിലെയും ബന്ധപ്പെട്ട വകുപ്പുകളുടെയും പിന്തുണയോടെയാണ് നടത്തുന്നത്. പങ്കെടുക്കുന്ന എല്ലാ വായനക്കാർക്കും മെഡലുകൾ സമ്മാനിക്കും. 100 പേജ് വായിക്കുന്നവർക്ക് വെങ്കലവും 200 പേജ് പൂർത്തിയാക്കുന്നവർക്ക് വെള്ളിയും 1,000 പേജ് വായിക്കുന്നവർക്ക് സ്വർണവും മെഡലുകൾ നൽകും.
ഇത്റ സംഘടിപ്പിച്ച ഇതിന്റെ ആദ്യ പതിപ്പിൽ 1,62,000 പേജുകൾ വായിക്കുകയും 1,622 മരങ്ങൾ നട്ടുപിടിപ്പിക്കുകയും ചെയ്തിരുന്നു. രണ്ടാം പതിപ്പ് ഇത്റ ലൈബ്രറിയിലും റിയാദിലെയും തബൂക്കിലെയും രണ്ട് ലൈബ്രറികളിലുമായാണ് കഴിഞ്ഞ വർഷം നടന്നത്. ഇതിൽ 4,22,000 പേജുകൾ വായിക്കുകയും 4,222 മരങ്ങൾ നട്ടുപിടിപ്പിക്കുകയും ചെയ്തു. വായനക്കാർ ഒത്തുചേർന്ന് അൽഅഹ്സ നാഷനൽ പാർക്കിൽ തൈകൾ നട്ടത് സൗദിയിൽ ഏറെ ശ്രദ്ധനേടിയിരുന്നു.
വായന മനസ്സിനേയും ചിന്തയേയും ഉത്തേജിപ്പിക്കുമ്പോൾ പ്രകൃയെ അതിന്റെ യാഥാർഥ്യ അനുഭവത്തിലേക്കു തിരിച്ചെത്തിക്കുകയെന്ന ബോധ്യമാണ് മരങ്ങൾ നടുന്നതിലൂടെ സാധ്യമാകുന്നത്. കേവലം ഒരു കൗതുകമുള്ള പരിപാടി എന്നതിനപ്പുറത്ത് ഒരു തലമുറക്കും സമൂഹത്തിനും ആർദ്രമായ സന്ദേശം നൽകുകയെന്നതുകൂടി ഇത്റ ഇതിലൂടെ ലക്ഷ്യമിടുന്നുണ്ട്. മരുഭൂവത്ക്കരണത്തെ തടയാനും ഭൗമതാപനം കുറക്കാനും പ്രകൃതിയുടെ ഹരിതഭാവം തിരിച്ചെടുക്കാനുമുള്ള ‘വിഷൻ 2030’ന് പിന്തുണ നൽകുക കൂടി ഈ പരിപാടിയുടെ ലക്ഷ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.