വാണിയമ്മക്ക് ശ്രദ്ധാഞ്ജലി: പ്രവാസികൾക്കായി പാട്ടുമത്സരം
text_fieldsജിദ്ദ: തെന്നിന്ത്യയുടെ നിത്യഹരിത ഗായിക വാണി ജയറാമിന് ശ്രദ്ധാഞ്ജലിയായി പ്രവാസി ഗായകർക്ക് ഓർമപ്പൂക്കൾ അർപ്പിക്കാൻ അവസരം. പാട്ടുപാടി മത്സരിക്കാൻ ‘ഗൾഫ് മാധ്യമം’ ആണ് അവസരമൊരുക്കുന്നത്.
‘മീ ഫ്രൻഡ്’ ആപ്പുമായി സഹകരിച്ച് ഈ മാസം 24ന് ജിദ്ദ ഇക്വസ്ട്രിയൻ ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്ന ‘ഹാർമോണിയസ് കേരള’ ഒരുമയുടെ മഹോത്സവത്തിന്റെ ഭാഗമായാണ് മത്സരം. സ്വരമാധുര്യത്തിലും ആലാപനസൗകുമാര്യത്തിലും ഇന്ത്യൻ സംഗീതവീഥിയിലെ വേറിട്ട സഞ്ചാരമായിരുന്നു വാണിയമ്മയുടേത്.
അരനൂറ്റാണ്ടിലേറെക്കാലം വിവിധ ഇന്ത്യൻ ഭാഷകളിൽ 10,000ത്തിൽപരം സിനിമാഗാനങ്ങളും ഭക്തിഗീതങ്ങളും ആലപിച്ചും കച്ചേരികൾ നടത്തിയും സംഗീതപ്രിയരുടെ മനം കവർന്ന അവർ രണ്ടാഴ്ച മുമ്പാണ് ഈ ലോകത്തോട് വിടപറഞ്ഞത്. ആ ആർദ്രസ്മരണകളെ പാടിയുണർത്തുകയാണ് സംഗീതോത്സവംകൂടിയായ ‘ഹാർമോണിയസ് കേരള’.
ഗാനങ്ങൾ പാടാനും സമ്മാനങ്ങൾ കരസ്ഥമാക്കാനും ജിദ്ദയിലെയും സമീപ പ്രദേശങ്ങളിലെയും ഗായകർക്കാണ് വേദിയൊരുക്കുന്നത്. മത്സരിക്കാൻ ആഗ്രഹിക്കുന്നവർ വാണിയമ്മയുടെ ഏതെങ്കിലും മലയാളത്തിലുള്ള പാട്ടുപാടി 0549760773 എന്ന നമ്പറിലേക്ക് വാട്സ്ആപ് ചെയ്യണം. അത് ഗൾഫ് മാധ്യമം ഫേസ്ബുക്ക് പേജിൽ (https://www.facebook.com/gulfmadhyamamsaudi) അപ്ലോഡ് ചെയ്യും.
കൂടുതൽ ലൈക്കും കമന്റുകളും കിട്ടുന്നവർക്ക് ‘ഹാർമോണിയസ് കേരള’ വേദിയിൽവെച്ച് പ്രശസ്ത ഗായിക സിതാര കൃഷ്ണകുമാർ സമ്മാനങ്ങൾ വിതരണം ചെയ്യും. ഒരു പാട്ടിന്റെ രണ്ടു മിനിറ്റിൽ കുറയാത്ത ഭാഗം പാടിയ വിഡിയോയാണ് അയക്കേണ്ടത്. മത്സരത്തിന് പ്രായപരിധിയില്ല. പശ്ചാത്തല സംഗീതമില്ലാതെയായിരിക്കണം ആലാപനം. അവസാന തീയതി 2023 ഫെബ്രുവരി 21.
വ്ലോഗിങ് മത്സരം
ജിദ്ദ: ‘ഹാർമോണിയസ് കേരള’യുടെ ഭാഗമായി സൗഹൃദത്തിന്റെ സുഗന്ധം പ്രസരിപ്പിക്കുന്ന കൂട്ടുകെട്ടുകൾ അനാവരണം ചെയ്യാൻ വ്ലോഗർമാർക്കും അവസരം. നാട്ടിലും പ്രവാസലോകത്തുമുള്ള സൗഹൃദങ്ങൾ, യാത്രയിലോ തൊഴിലിടങ്ങളിലോ മറ്റേതെങ്കിലും യാദൃച്ഛികതയുടെ നിമിഷങ്ങളിലോ ഹൃദയത്തിൽ പതിഞ്ഞ സൗഹൃദത്തെ കുറിച്ച് വിവരിക്കുന്ന ഒരു മിനിറ്റുള്ള വിഡിയോ 0549760773 എന്ന വാട്സ്ആപ്പിലേക്ക് അയക്കുക.
ഫെബ്രുവരി 21നകം വിഡിയോ ലഭിക്കണം. മികച്ച വിഡിയോക്ക് ‘ഹാർമോണിയസ് കേരള’ വേദിയിൽ യൂത്ത് സൂപ്പർ സ്റ്റാർ ടൊവിനോ തോമസ് സമ്മാനം നൽകും.
ചിത്രരചന മത്സരവും
ജിദ്ദ: മാനവികതയുടെ മഹോത്സവമായ ‘ഹാർമോണിയസ് കേരള’യിൽ കുട്ടികൾക്കും കൗമാരക്കാർക്കുമുണ്ട് പ്രതിഭ മാറ്റുരക്കാൻ അവസരം. സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും മാരിവില്ലുകൾ കാൻവാസിൽ പകർത്തി ചങ്ങാത്തവും പരസ്പര ബന്ധങ്ങളും ഊഷ്മളമാക്കാം.
എട്ട് മുതൽ 12 വരെ ക്ലാസിൽ പഠിക്കുന്നവർക്ക് സൗഹൃദത്തെ കുറിച്ചുള്ള പെൻസിൽ ഡ്രോയിങ്, വാട്ടർ കളർ / ക്രയോൺ പെയിൻറിങ് തയാറാക്കി ക്ലാസ് ടീച്ചറിൽ നിന്നും അറ്റസ്റ്റ് ചെയ്ത് ഫോട്ടോ എടുത്ത് വാട്സ്ആപ് (0549760773) ചെയ്യുക. തിരഞ്ഞെടുക്കപ്പെടുന്ന എൻട്രിക്ക് വേദിയിൽ സമ്മാനം നൽകുന്നതാണ്. ഫെബ്രുവരി 21ന് മുമ്പ് ചിത്രങ്ങൾ അയക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.