നാട്ടിൽ പോകാൻ ഒരുങ്ങുന്നതിനിടെ തിരുവനന്തപുരം സ്വദേശി സൗദിയിൽ മരിച്ചു
text_fieldsറിയാദ്: അവധിക്ക് നാട്ടിൽ പോകാനുള്ള ഒരുക്കത്തിനിടെ ഹൃദയാഘാതത്തെ തുടർന്ന് മലയാളി മരിച്ചു. തിരുവനന്തപുരം പൊട്ടക്കുളം ആനന്ദ് ഭവനിൽ ആനന്ദൻ നാടാർ (60) ആണ് മരിച്ചത്. ചെല്ലൻ നാടാർ ഭാസ്കരൻ-ശാരദ ദമ്പതികളുടെ മകനാണ് ആനന്ദ് എന്ന പേരിൽ അറിയപ്പെടുന്ന ആനന്ദൻ നാടാർ. 20 വർഷത്തോളമായി റിയാദിലെ നിർമാണ മേഖലകളിൽ ടൈൽ ഫിക്സറായി ജോലി ചെയ്തുവരികയായിരുന്നു.
ഒരാഴ്ചയായി വിട്ടുമാറാത്ത പനിയും മറ്റു ദേഹാസ്വാസ്ഥ്യവും കാരണം സ്വകാര്യ ക്ലിനിക്കുകളിൽ ചികിത്സതേടിയെങ്കിലും കാര്യമായ മാറ്റം കാണാത്തതിനാൽ നാട്ടിൽ പോയി തുടർചികിത്സ തേടാൻ തീരുമാനിക്കുകയായിരുന്നു. റിയാദ് മലസിലെ താമസസ്ഥലത്തുനിന്നും എയർപോർട്ടിൽ പോകാൻ ഒരുങ്ങുന്നതിനിടെ, കുളിക്കാൻ കയറുമ്പോൾ തളർന്നു വീഴുകയായിരുന്നു.
സുഹൃത്തുക്കൾ കേളി കലാസാംസ്കാരിക വേദി മലസ് ഏരിയ ജീവകാരുണ്യവിഭാഗം കൺവീനർ പി.എൻ.എം. റഫീഖിന്റെ സഹായത്തോടെ ആംബുലൻസ് എത്തിച്ചു. ആംബുലൻസ് ജീവനക്കാരുടെ പരിശോധനയിൽ മരണം സ്ഥിരീകരിക്കുകയും തുടർ നടപടികൾക്കായി മൃതദേഹം ശുമൈസി ആശുപത്രിയിലേക്ക് മറ്റുകയും ചെയ്തു. ഭാര്യ: ശോഭ, മക്കൾ: ഹേമന്ത്, നിഷാന്ത്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കേളിയുടെ നേതൃത്വത്തിൽ നടത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.