ട്രക്ക് ഇടിച്ച് തെറിപ്പിച്ചു; മരണത്തെ മുഖാമുഖം കണ്ട മാനസികാഘാതത്തിൽ ഖാലിദ്
text_fieldsഅൽഅഹ്സ: മരണത്തെ മുഖാമുഖം കണ്ട വലിയൊരു വാഹനാപകടത്തിൽനിന്ന് പരിക്കുകളോടെ രക്ഷപ്പെട്ടെങ്കിലും മാനസികാഘാതത്തിൽനിന്ന് മോചിതനാവാതെ അബ്ദുൽ ഖാലിദ്. തുണയായി അൽഅഹ്സ ഒ.ഐ.സി.സി പ്രവർത്തകർ. റിയാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ ഫർണിച്ചർ കമ്പനി ഉൽപന്നങ്ങളുടെ സൗദി കിഴക്കൻ പ്രവിശ്യയിലെ വിതരണക്കാരനായി ജോലി ചെയ്യുന്ന മലപ്പുറം വാഴക്കാട് ആക്കോട് സ്വദേശി അബ്ദുൽ ഖാലിദ് ആശുപത്രിയിൽ ചികിത്സയിലാണ്. ഭാര്യയും മൂന്ന് കുട്ടികളുമടങ്ങുന്ന ഒരു പാവപ്പെട്ട കുടുംബത്തിെൻറ ഏക ആശ്രയമാണ് ഇദ്ദേഹം. ഈ മാസം 13നായിരുന്നു സംഭവം.
ജോലി സംബന്ധമായി ദമ്മാമിൽ പോയി അൽഅഹ്സയിലേക്ക് തിരിച്ചുവരുന്നതിനിടെ മുതൈർഫി എന്ന സ്ഥലത്തുവെച്ചാണ് ഖാലിദ് ഓടിച്ച വാഹനം അപകടത്തിൽപെട്ടത്. ഡ്രൈവിങ്ങിനിടെ ക്ഷീണം തോന്നിയപ്പോൾ റോഡിൽനിന്നിറക്കി വാഹനം പാർക്ക് ചെയ്ത് പുറത്തിറങ്ങുേമ്പാൾ പിറകെ അതിവേഗത്തിൽ വന്ന മിനിട്രക്ക് (ഡൈന) ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. വാഹനത്തിൽനിന്നിറങ്ങി വെള്ളകുപ്പിയെടുക്കാൻ സീറ്റിലേക്ക് കുനിഞ്ഞ ഖാലിദിെൻറ കാലിെൻറ ഭാഗവും ഡോറടക്കം ട്രക്ക് ഇടിച്ചുതെറിപ്പിച്ചു.
ട്രക്ക് ഡ്രൈവർ ഉറങ്ങിയതാവാനാണ് സാധ്യതയെന്ന് പറയപ്പെടുന്നു. ഖാലിദിനെ ഉടൻ അടുത്തുള്ള ഉബൈദ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. വലത് കാലിെൻറ തുടയെല്ലിന് സാരമായ പൊട്ടലുണ്ടായി. അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട സമയം മുതൽ സഹായഹസ്തവുമായി ഒ.ഐ.സി.സി നേതാക്കൾ സജീവമായി രംഗത്തുണ്ട്. ഖാലിദിെൻറ സുഹൃത്തുകൂടിയായ ദമ്മാം ഒ.ഐ.സി.സി ഭാരവാഹി ഷമീർ പനങ്ങാടൻ, അൽഅഹ്സ ഭാരവാഹി ഉമർ കോട്ടയിൽ എന്നിവരും സുഹൃത്തുക്കളും കൂടെയുണ്ട്. തൊട്ടടുത്ത ദിവസം റിയാദിൽനിന്ന് സ്പോൺസറും സഹപ്രവർത്തകരുമെത്തിയിരുന്നു.
ശസ്ത്രക്രിയക്കുശേഷം ഉബൈദ് ആശുപത്രിയിൽ കഴിയുന്ന ഖാലിദിനെ ഒ.ഐ.സി.സി അൽഅഹ്സ ഏരിയകമ്മിറ്റി പ്രസിഡൻറ് ഫൈസൽ വാച്ചാക്കൽ, ജനറൽ സെക്രട്ടറി ഉമർ കോട്ടയിൽ, വൈസ് പ്രസിഡൻറ് നവാസ് കൊല്ലം, ട്രഷറർ ഷിജോമോൻ വർഗീസ്, ദമ്മാം പാലക്കാട് ജില്ല കമ്മിറ്റി ട്രഷറർ ഷമീർ പനങ്ങാടൻ എന്നിവർ സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.