ഗസ്സയിലേക്ക് റിലീഫ് പ്രവർത്തനങ്ങൾക്കായി ട്രക്കുകളും ഫോർക്ക് ലിഫ്റ്റുകളും അയച്ച് സൗദി
text_fieldsയാംബു: ഇസ്രായേൽ ആക്രമണങ്ങളിൽ ഇരയാക്കപ്പെടുന്ന ഗസ്സക്കാർക്കുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സഹായിക്കാൻ സൗദി അറേബ്യയുടെ സഹായം തുടരുന്നു. റിലീഫ് പ്രവർത്തനങ്ങൾ നടത്താനുള്ള സഹായത്തിനായി ട്രക്കുകളും ഫോർക്ക് ലിഫ്റ്റുകളുമായി സൗദിയുടെ രണ്ട് വിമാനങ്ങൾ ഈജിപ്തിലെ അൽഅരീഷ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. അൽ അരീഷിലെത്തുന്ന ദുരിതാശ്വാസ വസ്തുക്കൾ ലോഡുചെയ്യുന്നതിനും കൊണ്ടുപോകുന്നതിനുമാണ് രണ്ട് ട്രക്കുകളും ഫോർക്ക് ലിഫ്റ്റുകളുമെത്തിച്ചത്. ഈജിപ്ഷ്യൻ റെഡ് ക്രസൻറിനെ സഹായിക്കാനാണിത്.
ഇസ്രായേലിന്റെ മനുഷ്വത്വരഹിത ആക്രമണങ്ങളിൽ തകർന്നടിഞ്ഞ ആരോഗ്യമേഖലയിലേക്ക് ആവശ്യമായ പ്രത്യേക സഹായ പദ്ധതികളും സൗദി ഇതിനകം നടപ്പാക്കിവരുകയാണ്. ആംബുലൻസുകളടക്കം ചികിത്സാരംഗത്ത് അനിവാര്യമായും ലഭ്യമാക്കേണ്ടുന്ന സഹായങ്ങൾ ഫലസ്തീൻ റെഡ് ക്രസന്റ് സൊസൈറ്റിയുടെ സഹകരണത്തോടെയാണ് സൗദിയെത്തിച്ചത്. ഗസ്സയിലേക്കുള്ള സഹായത്തിനായി കഴിഞ്ഞ നവംബറിൽ സൗദി തുടക്കംകുറിച്ച ദേശീയ കാമ്പയിന് നല്ലപ്രതികരണമാണ് ലഭിച്ചത്. സൗദിയുടെ റിലീഫ് ഏജൻസിയായ കിങ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെൻറർ (കെ.എസ്. റിലീഫ്) അയച്ച 39ാമത്തെയും 40ാമത്തെയും ദുരിതാശ്വാസ വിമാനങ്ങളാണ് കഴിഞ്ഞ ദിവസം ട്രക്കുകളും ഫോർക്ക് ലിഫ്റ്റുകളുമായി ഈജിപ്തിലെത്തിയത്.
ഫലസ്തീനികളെയെന്നും സഹായിക്കുക എന്ന രാജ്യത്തിന്റെ പ്രഖ്യാപിത നയത്തിന്റെ അടിസ്ഥാനത്തിലാണ് കെ.എസ്. റിലീഫ് സെന്ററിന്റെ അഭിമുഖ്യത്തിൽ സൗദി കൂടുതൽ സഹായങ്ങൾ നൽകിവരുന്നതെന്ന് സെന്റർ വക്താവ് പ്രസ്താവനയിൽ വ്യക്തമാക്കി. പ്രതിസന്ധിയിലായ ലബാനിലും സുഡാനിലും കെ.എസ്. റിലീഫ് സെന്റർ ടീമുകൾ ഭക്ഷണവിതരണ നടപടികൾ തുടരുന്നതായും അധികൃതർ അറിയിച്ചു. ‘അൽ അമൽ ചാരിറ്റബിൾ പദ്ധതി’യുടെ ഭാഗമായി സിറിയൻ, ഫലസ്തീൻ അഭയാർഥികൾക്കും വടക്കൻ ലാബനാനിലെ ആതിഥേയ സമൂഹത്തിനുമിടയിൽ പ്രതിദിനം 25,000 ബ്രെഡ് ബാസ്ക്കറ്റ് വിതരണം ചെയ്തു. സുഡാനിലെ സെൻനാർ പ്രവിശ്യയിലെ എൽ സുകി പ്രദേശത്തെ 2,570 ജനങ്ങൾക്ക് ഭക്ഷ്യസുരക്ഷാപിന്തുണ പദ്ധതിയുടെ ഭാഗമായി 641 ഭക്ഷണ കൊട്ടകൾ നൽകിയതായും അധികൃതർർ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.