ശിങ്കാരിമേള പൊലിമയിൽ ജിദ്ദയിൽ ടി.എസ്.എസ് ‘അനന്തോത്സവം' അരങ്ങേറി
text_fieldsജിദ്ദ: തിരുവനന്തപുരം സ്വദേശി സംഗമം (ടി.എസ്.എസ്) ജിദ്ദ കൂട്ടായ്മയുടെ 19-ാംവാർഷിക ആഘോഷങ്ങൾ 'അനന്തോത്സവം' എന്ന പേരിൽ വിപുലമായ പരിപാടികളോടെ അരങ്ങേറി. ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് അങ്കണത്തിൽ നടന്ന ആഘോഷ പരിപാടിയിലെ സാംസ്കാരിക സമ്മേളനം കോൺസുൽ മുഹമ്മദ് ഹാഷിം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അജി. ഡി പിള്ള അധ്യക്ഷത വഹിച്ചു.
എഫ്.എസ്.സി ലോജിസ്റ്റിജിക് പ്രതിനിധി ഷബീർ സുബൈറുദ്ദീൻ ആശംസ നേർന്ന് സംസാരിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന നാസർ സ്മാരക അവാർഡ് വാസു വെള്ളത്തേടത്തിനും കലാരംഗത്തുള്ള മികവിന് ഏർപ്പെടുത്തിയ മഹേഷ് സ്മാരക അവാർഡ് നാടക പ്രവർത്തകൻ സന്തോഷ് കടമ്മനിട്ടക്കും ടി.എസ്.എസ് സ്പെഷൽ അച്ചീവ്മെൻറ് അവാർഡ് ഇന്ത്യൻ നാഷനൽ ബുക്സ് ഓഫ് വേൾഡ് റെക്കോഡിനർഹയായ അറബിക് കാലിഗ്രാഫർ ആമിന മുഹമ്മദ് ബിജുവിനും ചടങ്ങിൽ സമ്മാനിച്ചു. വിജേഷ് ചന്ദ്രു സ്വാഗതവും മുഹമ്മദ് ബിജു നന്ദിയും പറഞ്ഞു. നജീബ് വെഞ്ഞാറമൂട്, ആഷിക് ഹാഷിം, ആമിനാ മുഹമ്മദ് ബിജു, ആയിഷ മറിയം, മിൻസ ഫാത്തിമ, അസ്നാ മുഹമ്മദ് ബിജു, യാസീൻ ശരീഫ് എന്നിവർ അവതാരകരായിരുന്നു.
താള തരംഗം തീർത്ത് മേള പെരുക്കം മുറുക്കി റിയാദിലെ മേളം കൂട്ടായ്മ പ്രവർത്തകർ അവതരിപ്പിച്ച ശിങ്കാരി മേളം ജിദ്ദയിൽ ആദ്യമായി വേറിട്ട അനുഭവമായിരുന്നു. സിനിമാ പിന്നണി ഗായകനും സൂഫി ഗായകനുമായ സിയാഹുൽ ഹഖ്, പ്രശസ്ത ഗായിക ശിഖ പ്രഭാകർ എന്നിവർ ചേർന്ന് സ്വരരാഗ സമന്വയം തീർത്ത സംഗീത രാവ് ഏറെ ആസ്വാദ്യകരമായിരുന്നു. ജിദ്ദയിലെ സംഗീത ബാൻഡ് 'തീവണ്ടി' ഒരുക്കിയ സംഗീതരാവും റിയാദ് പോൾസ്റ്റാർ ഡാൻസ് അക്കാദമിയുടെ ചടുല നൃത്തവും ആഘോഷ പരിപാടികൾക്ക് കൊഴുപ്പേകി.
ജയശ്രീ പ്രതാപൻ രംഗാവിഷ്കാരം നിർവഹിച്ച തീം ഡാൻസ് പരിപാടിയിൽ കേരളത്തിന്റെ തനത് നൃത്തരൂപങ്ങളുടെ മാതൃകകൾ അവതരിപ്പിച്ചു.
ധന്യ കിഷോർ നൃത്ത സംവിധാനം നിർവഹിച്ച ക്ലാസിക്കൽ ഡാൻസും മതിലുകൾ എന്ന കവിതയുടെ ദൃശ്യാവിഷ്കാരവും മൗശ്മി ശരീഫ് ഒരുക്കിയ ഫ്യൂഷൻ ഡാൻസും ഐശ്വര്യ തരുൺ സംവിധാനം നിർവഹിച്ച ലേഡീസ് ഡാൻസും കലാഭവൻ ഗഫാർ ചിട്ടപ്പെടുത്തിയ വാദ്യോപകരണ സംഗീതവും അനന്തോത്സവം ആസ്വദിക്കാനെത്തിയ സദസ്സിന്റെ കൈയടി നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.