തുർക്കിയ ഭൂകമ്പം; ഏറ്റവും കൂടുതൽ സഹായമെത്തിച്ച രാജ്യങ്ങളിൽ സൗദിയും
text_fieldsറിയാദ്: അടുത്തിടെയുണ്ടായ ഭൂകമ്പത്തെ തുടർന്ന് ദുരിതത്തിലായ തുർക്കിയ ജനതക്ക് കൂടുതൽ സഹായമെത്തിച്ച രാജ്യങ്ങളിൽ സൗദി അറേബ്യയും. 100 കോടി ഡോളറിന്റെ സഹായം തേടി യു.എൻ മാനുഷികകാര്യ ഓഫിസ് ലോകരാജ്യങ്ങളോട് നടത്തിയ അഭ്യർഥനക്കു പിന്നാലെ 26.8 കോടിയുടെ സഹായമാണ് സൗദി അറേബ്യ ഉൾപ്പടെയുള്ള ചില രാജ്യങ്ങൾ നൽകിയത്. അമേരിക്ക, കുവൈത്ത്, യൂറോപ്യൻ കമീഷൻ, യു.എൻ. കേന്ദ്ര ദുരിതാശ്വാസ ഫണ്ട് എന്നിവയാണ് ഏറ്റവും വലിയ സംഭാവന നൽകിയ മറ്റുള്ളവർ.
യു.എൻ ഹ്യൂമാനിറ്റേറിയൻ അഫയേഴ്സ് ഓഫിസ് (ഒ.സി.എച്ച്.എ) കൂടുതൽ ഫണ്ട് നൽകിയ രാജ്യങ്ങൾക്ക് നന്ദി അറിയിച്ചു. തുർക്കിയ ഭരണകൂടത്തിന്റെ ആവശ്യത്തെ പിന്തുണച്ചാണ് ലോകരാഷ്ട്രങ്ങളോട് സഹായം തേടിയതെന്ന് യു.എൻ മാനുഷികകാര്യ ഓഫിസ് മേധാവി ജെൻസ് ലാർകെ വിശദീകരിച്ചു.
രണ്ടു മാസം മുമ്പുണ്ടായ ഭൂകമ്പത്തിന്റെ ദുരിതം 90 ലക്ഷം ആളുകളെ നേരിട്ട് ബാധിച്ചു. 30 ലക്ഷം ആളുകൾ പലായനം ചെയ്തു. ഐക്യരാഷ്ട്ര സഭയുടെ മാനുഷിക ഏജൻസികൾ 41 ലക്ഷത്തിലധികം ആളുകളിലേക്ക് ഭക്ഷ്യേതര സഹായവും 30 ലക്ഷം ആളുകൾക്ക് അടിയന്തര ഭക്ഷണ സഹായവും എത്തിച്ചിട്ടുണ്ട്. ഏഴുലക്ഷത്തിലധികം ആളുകൾക്ക് ടെന്റുകൾ ഉൾപ്പെടെയുള്ള അടിയന്തര സഹായമെത്തിക്കുന്നതിന് ലോകരാജ്യങ്ങളിൽനിന്ന് പിന്തുണ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 16 ലക്ഷം പേർക്കാണ് വെള്ളം അടക്കമുള്ള ശുചിത്വ സഹായം ലഭ്യമാക്കിയത്. 10 ലക്ഷം ലിറ്റർ കുടിവെള്ളം ദുരന്ത ബാധിതർക്കിടയിൽ വിതരണം ചെയ്തു.
ആരോഗ്യ സംരക്ഷണത്തിനും പരിക്കുകൾക്കുള്ള ചികിത്സക്കുമുള്ള മരുന്നുകളും മറ്റും കൂടാതെ 46 ലക്ഷം വാക്സിനുകളും 16 മൊബൈൽ ഹെൽത്ത് ക്ലിനിക്കുകളും തുർക്കിയ ആരോഗ്യ മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ടെന്നും ഹെൻസ് ലാർകെ ചൂണ്ടിക്കാട്ടി. അതേസമയം, ഫെബ്രുവരി ആറിന് തുർക്കിയയിലും സിറിയയിലും ഉണ്ടായ ഭൂചലനത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് ദുരിതാശ്വാസ സഹായവുമായി 20ലധികം കാർഗോ വിമാനങ്ങളാണ് റിയാദിൽനിന്ന് ഇരു രാജ്യത്തേക്കും പറന്നത്.
ഇതിൽ കൂടുതലും തുർക്കിയയിലേക്കായിരുന്നു. 100 കണക്കിന് ട്രക്കുകൾ അതിർത്തി കടന്ന് സിറിയയിലേക്കും ദുരിതാശ്വാസ സാമഗ്രികൾ എത്തിച്ചു. ഭൂകമ്പ ദുരന്തത്തെത്തുടർന്ന്, കിങ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്റർ (കെ.എസ്. റിലീഫ്) ‘സാഹിം’ പ്ലാറ്റ്ഫോം വഴി നടത്തിയ കാമ്പയിനിലൂടെ മൂന്ന് കോടി 70 ലക്ഷത്തിലധികം റിയാൽ (ഏകദേശം 10 കോടി ഡോളർ) സമാഹരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.