തുർക്കിയ ഭൂകമ്പം; മുഴുസമയ രക്ഷാപ്രവർത്തനവുമായി സൗദി സിവിൽ ഡിഫൻസ് സംഘം
text_fieldsജിദ്ദ: തുർക്കിയയിലെത്തിയ സൗദി സിവിൽ ഡിഫൻസ് രക്ഷാപ്രവർത്തന സംഘത്തിെൻറ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ഭൂകമ്പബാധിത പ്രദേശങ്ങളിലെ ഗാസിയാൻടെപ് സിറ്റിയിലെ നാല് സ്ഥലങ്ങളിൽ മുഴുസമയം സംഘം പ്രവർത്തിക്കുന്നതായി സിവിൽ ഡിഫൻസ് വക്താവ് കേണൽ മുഹമ്മദ് അൽഹമാദി വ്യക്തമാക്കി. വീഴാൻ പോകുന്ന താമസകെട്ടിടങ്ങളും സംഘം പരിശോധിക്കുന്നുണ്ട്. ഭൂകമ്പത്തിൽ അതിജീവിച്ചവരെ കണ്ടെടുക്കുന്നതിനും കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ തിരയുന്നതുന്നതിനും ഉയർന്ന സുരക്ഷ നിലവാരത്തിലാണ് സംഘം പ്രവർത്തിക്കുന്നത്. ഏറ്റവും കൂടുതൽ വീടുകൾ കവർ ചെയ്യുന്നതിന് സംഘം വ്യവസ്ഥാപിതമായി പ്രവർത്തിക്കുന്നുണ്ടെന്നും വക്താവ് പറഞ്ഞു.
കഴിഞ്ഞ ശനിയാഴ്ചയാണ് രണ്ട് വിമാനങ്ങളിലായി എല്ലാവിധ ഉപകരണങ്ങളോടുംകൂടി സൗദി സിവിൽ ഡിഫൻസ് സംഘം തുർക്കിയയിലെത്തിയത്. ദുരന്തത്തിെൻറ സ്വഭാവമനുസരിച്ചുള്ള പ്രവർത്തന പദ്ധതിയാണ് ആവിഷ്കരിച്ചിരിക്കുന്നത്. കെട്ടിടങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെയും ദുരിതബാധിതരെയും രക്ഷപ്പെടുത്തുന്നതിനും കാണാതായവരെ കണ്ടെത്തുന്നതിനും ഏറ്റവും മികച്ച രീതിയിൽ പങ്കാളികളായിക്കൊണ്ടിരിക്കുകയാണെന്നും വക്താവ് പറഞ്ഞു.
രക്ഷാപ്രവർത്തന സംഘത്തിൽ നൂറിലധികം ആളുകളുണ്ട്. ഡോക്ടർമാർ, എൻജിനീയർമാർ, രക്ഷാപ്രവർത്തന രംഗത്ത് വിദഗ്ധരായവർ അടക്കം സംഘത്തിലുണ്ട്. ഒരു വിദഗ്ധ, അന്താരാഷ്ട്ര സംഘമാണവർ. ആവശ്യമായ ഉപകരണങ്ങളോടൊപ്പം കുടുങ്ങിക്കിടക്കുന്നവരെയും മരിച്ചവരെയും കണ്ടെത്താൻ സഹായിക്കുന്നതിന് പൊലീസ് നായ്ക്കളും കൂടെയുണ്ട്.
സെൻസറുകൾ, വൈബ്രേഷനുകൾ അളക്കുന്നതിനുള്ള ഉപകരണങ്ങൾ, അവശിഷ്ടങ്ങൾക്കടിയിൽ തെരച്ചിലിനുള്ള കാമറകൾ എന്നിവയുമുണ്ട്. സ്ഥലങ്ങൾ നിർണയിക്കുന്നതിന് പ്രത്യേക ടീമുണ്ട്. കിങ് സൽമാൻ സെൻറർ സംവിധാനത്തിനു കീഴിലാണ് പ്രവർത്തിക്കുന്നതെന്നും സിവിൽ ഡിഫൻസ് വക്താവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.