തുർക്കിയ കന്നുകാലികളെ ഇറക്കുമതി ചെയ്യുന്നതിനുള്ള താൽക്കാലിക വിലക്ക് പിൻവലിച്ചു
text_fieldsജിദ്ദ: തുർക്കിയയിൽ നിന്ന് കന്നുകാലികളെ ഇറക്കുമതി ചെയ്യുന്നതിനുള്ള താൽക്കാലിക വിലക്ക് സൗദി പിൻവലിക്കുന്നതായി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം അറിയിച്ചു. തുർക്കിയയിലെ സോങ്കുൽഡാക് ജില്ലയിലെ ചില ഗ്രാമപ്രദേശങ്ങളിൽ ചെമ്മരിയാടുകൾക്കും മറ്റും നേരത്തേ രോഗം കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ ഈ വർഷം മാർച്ച് മുതലായിരുന്നു സൗദി തുർക്കിയയിൽനിന്ന് കന്നുകാലികളെ ഇറക്കുമതി ചെയ്യുന്നതിന് വിലക്ക് ഏർപ്പെടുത്തിയിരുന്നത്.
കാലികളിൽ കുളമ്പുരോഗം കണ്ടെത്തുകയും തുർക്കിയ അധികൃതർ രോഗം കണ്ടെത്തിയ രാജ്യത്തിന്റെ വടക്കു പടിഞ്ഞാറുള്ള 215 ഗ്രാമങ്ങളെ പ്രത്യേകം നിരീക്ഷിച്ച് വേണ്ട ചികിത്സയും പരിഹാര മാർഗങ്ങളും ഫലപ്രദമായി ആസൂത്രണം ചെയ്ത് നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു.
ഇപ്പോൾ തുർക്കിയയിലെ കാലിസമ്പത്ത് കുറ്റമറ്റ രീതിയിലാണ് എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൗദി അധികൃതർ വീണ്ടും തുർക്കിയയിൽ നിന്നുള്ള കാലികളുടെ ഇറക്കുമതിക്ക് അനുവാദം നൽകിയതെന്നറിയുന്നു.
തുർക്കിയയിൽനിന്ന് സൗദിയിലേക്കുള്ള ഇറക്കുമതി ഈയിടെ വർധിച്ചുവരുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. നേരത്തേ തുർക്കിയയും സൗദിയും തമ്മിൽ ഉണ്ടായിരുന്ന നിലപാടുകളിലെ പ്രശ്നത്തിൽ തുർക്കിയ ഉൽപന്നങ്ങൾ സൗദി ബഹിഷ്കരിച്ചിരുന്നുവെങ്കിലും പിന്നീട് അതൊഴിവാക്കി രാജ്യങ്ങൾ തമ്മിൽ നല്ല ബന്ധം നിലനിർത്തുകയും ചെയ്തിരുന്നു.
വഷളായിരുന്ന പരസ്പരബന്ധം വീണ്ടും സജീവമായതോടെ തുർക്കിയയിൽ നിന്നുള്ള ഇറക്കുമതിയും കുത്തനെ കൂടിയതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് കണക്കുകൾ വ്യക്തമാക്കുന്നു. സൗദി അറേബ്യക്കെതിരെ തുർക്കിയയുടെ ചില നയനിലപാടുകളിൽ പ്രതിഷേധിച്ച് ജനകീയ തലത്തിൽ തുർക്കിയ ഉൽപന്നങ്ങൾ ബഹിഷ്കരിക്കാൻ കാമ്പയിൻ വരെ നടന്നിരുന്നു.
അന്ന് തുർക്കിയ ഉൽപന്നങ്ങൾ മാത്രമല്ല ആഗോള കമ്പനികൾ തുർക്കിയയിൽ ഉൽപാദിപ്പിച്ച് കയറ്റി അയച്ചിരുന്ന ഉൽപന്നങ്ങൾ വരെ സൗദികൾ ബഹിഷ്കരിച്ചിരുന്നു. പിന്നീട് സൗദിയും തുർക്കിയയും ഉഭയകക്ഷി വ്യാപാരത്തിൽ ഊഷ്മളമായ ബന്ധം വീണ്ടും കരുപ്പിടിപ്പിക്കാൻ കഴിഞ്ഞതാണ് വമ്പിച്ച നേട്ടമുണ്ടാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.