തണുപ്പകറ്റാൻ ഹീറ്റർ ഓൺ ചെയ്തു വെച്ചിട്ട് ഉറങ്ങി; തീപടർന്ന് കുട്ടികളടക്കം നാലു പേർക്ക് ദാരുണാന്ത്യം
text_fieldsറിയാദ്: രാത്രി തണുപ്പകറ്റാൻ ഹീറ്റർ ഓൺ ചെയ്തുവെച്ചിട്ട് കിടന്നുറങ്ങി, തീപടർന്ന് ഒരു കുടുംബത്തിലെ ഒരു കൗമാരക്കാരിക്കും മൂന്ന് കുട്ടികൾക്കും ദാരുണാന്ത്യം. സൗദി കിഴക്കന്‍ പ്രവിശ്യയിലെ ഹഫര്‍ അല്‍ബാത്വിനിലാണ് സംഭവം. മുറിയില്‍ ഹീറ്റര്‍ വെച്ച് കിടന്നുറങ്ങിയ 10 അംഗ യമനി കുടുംബത്തിലെ നാലുപേരാണ് വെന്തുമരിച്ചത്.
രാത്രിയേറെ കഴിഞ്ഞപ്പോൾ ഹീറ്ററില്‍നിന്ന് തീ പടരുകയായിരുന്നു. ആറു പേരെ അത്യാസന്ന നിലയില്‍ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. തീപിടിത്തം സംബന്ധിച്ച് പുലര്‍ച്ചെ നാലരക്കാണ് സിവില്‍ ഡിഫന്‍സിന് വിവരം ലഭിച്ചത്. അഗ്നിശമന സേനയുടെ വിവിധ യൂനിറ്റുകള്‍ രക്ഷാപ്രവര്‍ത്തനം നടത്തി ആറു പേരെ രക്ഷിച്ചു. ബാക്കി നാലുപേരെ രക്ഷപ്പെടുത്താന്‍ സാധിച്ചില്ല.
എട്ടു മാസം പ്രായമുള്ള കുഞ്ഞും മൂന്ന് മാസത്തിനുള്ളിൽ വിവാഹം നടത്താന്‍ നിശ്ചയിച്ച പ്രതിശ്രുത വധുവും അടക്കം നാലു പേരാണ് മരിച്ചത്. മകന്റെ വീട്ടില്‍ തീ പടര്‍ന്നുപിടിച്ചതായി അയല്‍വാസികള്‍ തന്നെ ഫോണില്‍ വിളിച്ച് അറിയിക്കുകയായിരുന്നെന്ന് യമനി പൗരന് അവദ് ദര്‍വേശ് പറഞ്ഞു. വിവരമറിഞ്ഞ് അവിടെ ഓടിയെത്തിയപ്പോഴേക്കും സിവില്‍ ഡിഫന്‍സ് അധികൃതര്‍ തീയണച്ച് മൃതദേഹങ്ങള്‍ പുറത്തെടുത്ത് പ്ലാസ്റ്റിക് കീസുകളില്‍ പൊതിഞ്ഞിരുന്നു. മകളും മരുമകനും മക്കളും കഴിയുന്ന വീട്ടിലാണ് ദുരന്തം. മരുമകന് തനിക്ക് മകനെ പോലെ തന്നെയായിരുന്നു.
മരുമകനെ താനാണ് വളര്‍ത്തി വലുതാക്കി മകളെ വിവാഹം ചെയ്തുകൊടുത്തത്. പതിനെട്ടുകാരിയായ പേരമകളുടെ വിവാഹം അടുത്ത റമദാനുശേഷം നടത്താന്‍ തീരുമാനിച്ചതായിരുന്നെന്നും അവദ് ദർവേശ് പറഞ്ഞു. 18 കാരിക്ക് പുറമെ എട്ടു മാസം മാത്രം പ്രായമുള്ള പെൺകുഞ്ഞ്, അഞ്ചു വയസ്സുള്ള ആൺകുട്ടി, 11 വയസ്സുള്ള പെൺകുട്ടി എന്നിവരാണ് മരിച്ചത്.
പരിക്കേറ്റവര്‍ ഹഫര്‍ അൽ ബാത്വിനിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണെന്നും അവദ് ദര്‍വേശ് പറഞ്ഞു. ഹഫര്‍ അൽ ബാത്വിന്‍ ഗവര്‍ണര്‍ അമീർ അബ്ദുറഹ്മാന് ബിന്‍ അബ്ദുല്ല ബിന്‍ ഫൈസല്‍ പരിക്കേറ്റവരെ ആശുപത്രികളില്‍ സന്ദര്‍ശിക്കുകയും കുടുംബത്തെ ആശ്വസിപ്പിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.