തുവൈഖ് ശിൽപകല സിമ്പോസിയത്തിന് തുടക്കം; 30 രാജ്യാന്തര കലാകാരന്മാരുടെ പങ്കാളിത്തം
text_fieldsറിയാദ് റോഷൻ ഫ്രണ്ടിൽ ഒരുങ്ങിയ തുവൈഖ് ശിൽപകല സിമ്പോസിയം വേദി
റിയാദ്: തുവൈഖ് ശിൽപകല ഫോറം ആറാമത് സിമ്പോസിയത്തിന് റിയാദിൽ തുടക്കമായി. ലോകമെമ്പാടുമുള്ള 23 രാജ്യങ്ങളിൽനിന്ന് 30 കലാകാരന്മാർ ശിൽപനിർമാണം നടത്തുന്ന സിമ്പോസിയം റിയാദ് റോഷൻ ഫ്രണ്ടിലാണ് നടക്കുന്നത്. ഫെബ്രുവരി എട്ടുവരെ തുടരും.
കലാകാരന്മാരും സന്ദർശകരും തമ്മിലുള്ള സാംസ്കാരിക ആശയവിനിമയത്തിന് സർഗാത്മക ഇടം ഒരുക്കുന്നതാണ് ഈ പരിപാടി. സർഗാത്മകതക്കും സംസ്കാരത്തിനുമുള്ള ആഗോള കേന്ദ്രമെന്ന നിലയിൽ സൗദി അറേബ്യയുടെ പങ്ക് ഉയർത്തിക്കാട്ടുന്നതിന്റെ ഭാഗമായാണ് ശിൽപകല ഫോറം സംഘടിപ്പിക്കുന്നത്.
ലോകത്തെ ഏറ്റവും മികച്ച ചിത്ര, ശിൽപ കലാകാരന്മാരെയാണ് ഇത്തവണ തിരഞ്ഞെടുത്തതെന്ന് ഫോറം ഡയറക്ടർ സാറ അൽറുവൈത്ത് പറഞ്ഞു. 80 രാജ്യങ്ങളിൽനിന്ന് 750 കലാകാരന്മാരുടെ അപേക്ഷകളാണ് ലഭിച്ചത്. അതിൽനിന്നാണ് 30 പേരെ തിരഞ്ഞെടുത്തത്. സൗദിയിൽനിന്നുള്ള ശിൽപികളും ചിത്രകാരന്മാരും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. വിവിധ രാജ്യക്കാരായ കലാകാരന്മാരുടെ സർഗാത്മക ഇടപഴകലിനുള്ള വേദിയാണ് ഫോറത്തിലൊരുക്കുന്നത്.
ശിൽപനിർമാണം സംബന്ധിച്ച് കലാകാരന്മാർക്കും സന്ദർശകർക്കും തമ്മിൽ സാംസ്കാരിക ആശയവിനിമയത്തിനുള്ള കലാപരമായ ഇടം ഫോറം പ്രദാനം ചെയ്യുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. ഫോറം ഈ വർഷം സ്കൂൾ വിദ്യാർഥികൾക്കായി പ്രത്യേക സന്ദർശനങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. ഫോറത്തിന്റെ സ്വാധീനം പരമാവധി വർധിപ്പിക്കുന്നതിനും അമച്വർമാരെയും കഴിവുള്ള ആളുകളെയും ടാർഗെറ്റ് ചെയ്യുന്നതിനും അവരുടെ അഭിനിവേശം വർധിപ്പിക്കുന്നതിനുമായി വളർന്നുവരുന്ന കലാകാരന്മാർക്കും കലാശാസ്ത്ര വിദ്യാർഥികൾക്കും പരിശീലന പരിപാടി ആരംഭിക്കാനും പദ്ധതിയുണ്ട്.
താൽപര്യമുള്ളവരെ ലക്ഷ്യമിട്ടുള്ള ശിൽപശാലകളും സെഷനുകളും ഫോറത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അൽറുവൈത്ത് പറഞ്ഞു. ഫെബ്രുവരി 12 മുതൽ 24 വരെ നടക്കുന്ന ഇതേ വേദിയിൽ നടക്കുന്ന എക്സിബിഷനിൽ കലാകാരന്മാർ സിമ്പോസിയം വേദിയിൽ വെച്ചൊരുക്കിയ മുഴുവൻ ശിൽപങ്ങളും പ്രദർശിപ്പിക്കും. അന്തിമ പ്രദർശനത്തിന് മുമ്പ് കലാസൃഷ്ടിയുടെ വിശദാംശങ്ങൾ സന്ദർശകന് കാണാൻ അവസരം ഒരുക്കാനാണിത്. എല്ലാ സന്ദർശകർക്കും പ്രവേശനം സൗജന്യമാണെന്നും അൽ റുവൈത്ത് പറഞ്ഞു.
റിയാദ് ആർട്ട് പ്രോഗ്രാമിന്റെ പദ്ധതികളിൽ ഒന്നാണ് തുവൈഖ് ശിൽപ ഫോറം. ലോകത്തിലെ ഏറ്റവും വലിയ പൊതുകലാപരിപാടികളിൽ ഒന്നാണിത്. റിയാദിനെ ഒരു ഓപൺ ആർട്ട് ഗാലറിയാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇത് സർഗാത്മകത വർധിപ്പിക്കുകയും നഗരവാസികളുടെയും സന്ദർശകരുടെയും ജീവിതത്തെ സമ്പന്നമാക്കുകയും ചെയ്യുന്നു. റിയാദിനെ കലയുടെയും സംസ്കാരത്തിന്റെയും ആഗോള കേന്ദ്രമാക്കി മാറ്റുന്നതിലൂടെ സൗദി വിഷൻ 2030 കൈവരിക്കുന്നതിന് ഇത് സംഭാവന ചെയ്യുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.