ഒരാഴ്ചക്കിടെ എത്തിയത് രണ്ടരലക്ഷം വിദേശ തീർഥാടകർ
text_fieldsജിദ്ദ: വ്രതകാലം ആരംഭിച്ചതോടെ മക്കയിലേക്കുള്ള തീർഥാടക പ്രവാഹം ശക്തം. പുണ്യമാസത്തിലെ രാപ്പകലുകളിൽ ഹറമിൽ പ്രാർഥനാനിരതരായി കഴിയാനും ഉംറ ചെയ്യാനും സ്വദേശികളും വിദേശികളുമായി ലക്ഷങ്ങളാണ് മക്കയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.
വിദേശ രാജ്യങ്ങളിൽ നിന്നുള്ള തീർഥാടകരുടെ ഒഴുക്കും ഗണ്യമായി വർധിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചക്കിടയിൽ രണ്ടര ലക്ഷം വിദേശ തീർഥാടകർ പുണ്യഭൂമിയിലെത്തിയതായാണ് കണക്ക്. ആഭ്യന്തര തീർഥാടകരുടെ വരവും ഒട്ടും കുറവല്ല. രാജ്യത്തെ വിവിധ ഭാഗങ്ങളിൽനിന്ന് ഉംറ ഏജൻസികൾ വഴിയും അല്ലാതെയും നിരവധി പേരാണ് ദിവസവും മക്കയിലേക്ക് വന്നുകൊണ്ടിരിക്കുന്നത്. കര, വ്യോമ, കടൽ തുറമുഖങ്ങളിൽ തിരക്കേറിയിട്ടുണ്ട്.
ഇവിടങ്ങളിൽ സേവനത്തിന് കൂടുതൽ പേർ രംഗത്തുണ്ട്. വരുംദിവസങ്ങളിൽ പ്രത്യേകിച്ച് റമദാൻ അവസാന 10ൽ ആഭ്യന്തര വിദേശ തീർഥാടകരുടെ എണ്ണത്തിൽ വലിയ വർധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തിരക്ക് മുൻകൂട്ടിക്കണ്ട് റമദാനിലെ ഒരോ പത്തിലേക്കും പ്രത്യേക പ്രവർത്തന പദ്ധതികളാണ് ബന്ധപ്പെട്ട വകുപ്പുകൾ ആവിഷ്കരിച്ചിരിക്കുന്നത്. ഇരു ഹറമുകളിൽ പൂർണ ശേഷിയിൽ തീർഥാടകരെ സ്വീകരിക്കാനുള്ള എല്ലാ ഒരുക്കവും നേരത്തെ പൂർത്തിയാക്കിയിട്ടുണ്ട്.
മുസ്ഹഫുകളും നമസ്കാര വിരിപ്പുകളും ലഭ്യമാക്കുകയും സംസം വിതരണത്തിന് കൂടുതൽ സ്ഥലങ്ങൾ ഒരുക്കുകയും ശുചീകരണത്തിന് ധാരാളം ആളുകളെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്.
തീർഥാടകർക്ക് മാർഗനിർദേശങ്ങൾ നൽകുന്നതിനും ഹറമിലെ മുഴുവൻ ഭാഗങ്ങളും ശുചിയാക്കുന്നതിനും അണുമുക്തമാക്കുന്നതിനും നൂതനമായ സംവിധാനങ്ങളാണുള്ളത്. തിരക്ക് കുറക്കാനും കൂടുതൽ ആളുകൾക്ക് ഉംറക്ക് അവസരമൊരുക്കാനുംവേണ്ടി ആവർത്തിച്ചുള്ള ഉംറ അനുവദിക്കില്ലെന്ന് ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഒരാൾക്ക് ഒരു ഉംറക്ക് മാത്രമാണ് അനുമതി. ഹറം താഴത്തെ നിലയിലെ മത്വാഫ് ഉംറ തീർഥാടകർക്ക് മാത്രമാക്കിയിട്ടുണ്ട്.
ഒന്നാം നില, മതാഫിന്റെ മേൽഭാഗം, മുറ്റങ്ങൾ, മൂന്നാം സൗദി വിപുലീകരണ ഭാഗവും അതിന്റെ മുറ്റങ്ങളും നമസ്കരിക്കുന്നവർക്കായി നീക്കിവെച്ചിട്ടുണ്ട്. തീർഥാടകരുടെ വരവ് കൂടിയതോടെ മക്കയിലെയും മദീനയിലെയും താമസകേന്ദ്രങ്ങളിലും തിരക്കേറിയിട്ടുണ്ട്. മക്കക്കും മദീനക്കുമിടയിലെ ട്രെയിൻ സർവിസുകളുടെ എണ്ണവും വർധിപ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.