രണ്ടര മാസമിനി കാൽപന്ത് കളിയാരവം:ജിദ്ദയിൽ സിഫ് ഈസ്ടീ ചാമ്പ്യൻസ് ലീഗിന് തുടക്കം
text_fieldsജിദ്ദ: ഇനിയുള്ള രണ്ടര മാസക്കാലം ജിദ്ദ മലയാളികളുടെ വാരാന്ത്യങ്ങൾ ഫുട്ബാൾകളികളുടെ ലഹരിയിലായിരിക്കും. 20ാമത് സിഫ് ഈസ്ടീ ചാമ്പ്യൻസ് ലീഗ് ഫുട്ബാൾ ടൂർണമെന്റിന് ജിദ്ദയിൽ തുടക്കമായി. 11 ആഴ്ച നീണ്ടുനിൽക്കുന്ന വീറും വാശിയും നിറഞ്ഞ കാൽപന്തുകളിയുടെ ആരവങ്ങൾക്കാണ് ജിദ്ദ വസീരിയ അൽ തആവുൻ സ്റ്റേഡിയത്തിൽ ആരംഭം കുറിച്ചത്. ടൂർണമെൻറ് അബ്ദുൽ ഹമീദ് മാസ്റ്റർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ബേബി നീലാമ്പ്ര അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ പങ്കെടുത്ത ചലച്ചിത്രനടൻ ഹരീഷ് കണാരൻ, സിനിമ, ടി.വി കലാകാരൻ അനിൽ ബേബി എന്നിവർ അവതരിപ്പിച്ച കോമഡി സ്കിറ്റ് സ്ത്രീകളും കുട്ടികളുമുൾപ്പെടെ സ്റ്റേഡിയത്തിൽ തടിച്ചുകൂടിയ കാണികൾ കൈയടിയോടെ സ്വീകരിച്ചു. എം.ഡി.എൻ കംഫോർട്ട് എം.ഡി ലത്തീഫ് കാപ്പുങ്ങൽ സംസാരിച്ചു. സിഫ് ജനറൽ സെക്രട്ടറി നിസാം മമ്പാട് സ്വാഗതവും ട്രഷറർ നിസാം പാപ്പറ്റ നന്ദിയും പറഞ്ഞു. ഉദ്ഘാടനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ വിദ്യാർഥികളുടെ ബാൻഡ് വാദ്യങ്ങളോടുകൂടിയ വർണാഭയമായ മാർച്ച് പാസ്റ്റിൽ ടൂർണമെന്റിൽ പങ്കെടുക്കുന്ന 23 ടീമുകളും അണി നിരന്നു.
മുഖ്യാതിഥി അബ്ദുൽ ഹമീദ് മാസ്റ്റർ എം.എൽ.എ സല്യൂട്ട് സ്വീകരിച്ചു. ആദ്യ ദിനത്തിൽ നടന്ന എ ഡിവിഷൻ മത്സരത്തിൽ മുൻ സിഫ് ചാമ്പ്യന്മാരായ പ്രിന്റക്സ് റിയൽ കേരള ജയത്തോടെ തുടങ്ങി. എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് റീം ബ്ലാസ്റ്റേഴ്സ് എഫ്.സിയെയാണ് റിയൽ കേരള ടീം പരാജയപ്പെടുത്തിയത്. നാട്ടിൽനിന്നുള്ള പ്രഗല്ഭരായ കളിക്കാരുടെ വലിയ നിര തന്നെ ഇരു ടീമുകൾക്കായി ബൂട്ടണിഞ്ഞ മത്സരത്തിൽ ആദ്യ പകുതിയിൽ വേഗമാർന്ന നീക്കങ്ങളുമായി റീം ബ്ലാസ്റ്റേഴ്സിനായിരുന്നു മുൻതൂക്കം.
ഒത്തിണക്കത്തിലും പന്ത് കൈവശംവെക്കുന്നതിലും പാസുകളുടെ കൃത്യതയിലും ബ്ലാസ്റ്റേഴ്സ് തന്നെയായിരുന്നു ആദ്യ പകുതിയിൽ മികച്ചു നിന്നത്. ഒന്നാം പകുതി ഗോൾരഹിത നിലയിൽ അവസാനിച്ചു. എന്നാൽ, രണ്ടാം പകുതിയിൽ കൃത്യമായ ഗെയിം പ്ലാനോടെ തിരിച്ചുവന്ന റിയൽ കേരള ടീം കളിയുടെ താളം വീണ്ടെടുത്തു. റിയൽ കേരള ടീമിന് അനുകൂലമായി ലഭിച്ച ഫ്രീ കിക്ക് നായകൻ ജിജോ ബ്ലാസ്റ്റേഴ്സ് വലയുടെ ഇടതു മൂലയിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു. സെബാസ്റ്റ്യൻ പോളിലൂടെയും ജോബി ജസ്റ്റിനിലൂടെയും വീണ്ടും രണ്ടു തവണകൂടി ലക്ഷ്യംകണ്ടതോടെ റിയൽ കേരളയുടെ സ്കോർ മൂന്നായി.
റിയൽ കേരള ഗോൾകീപ്പർ മുഹമ്മദ് ഷിബിലി കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടു. അബ്ദുൽ ഹമീദ് മാസ്റ്റർ എം.എൽ.എ, സമ ട്രേഡിങ് എം.ഡി ഷംസീർ, അൽ നജൂം ട്രേഡിങ് പ്രതിനിധി സുധീർ കൊച്ചാപ്പി, ഗ്രൗണ്ട് അതോറിറ്റി പ്രതിനിധികളായ ഈസ, അബു കാസി, റീം അനലിറ്റിക്സ് എച്ച്.ആർ ഹെഡ് ഫൈസൽ അൽ സഹ്റാനി എന്നിവർ കളിക്കാരുമായി പരിചയപ്പെട്ടു. ബി ഡിവിഷനിൽ ഗസ്റ്റോ ജിദ്ദ എഫ്.സി, ഐവ ഫുഡ്സ് ബ്ലൂ സ്റ്റാർ ബി ടീമുകൾ തമ്മിലുള്ള മത്സരം സമനിലയിൽ പിരിഞ്ഞു. ബ്ലൂസ്റ്റാർ ബിയുടെ മുഹമ്മദ് ആശിക്കിനെ കളിയിലെ താരമായി തെരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.