രണ്ടര വർഷത്തെ ദുരിതത്തിനറുതി: മലയാളി യുവാവ് നാടണഞ്ഞു
text_fieldsതബൂക്ക്: ഹൗസ് ഡ്രൈവർ വിസയിൽ തബൂക്കിലെത്തി രണ്ടര വർഷത്തോളം ദുരിതം അനുഭവിച്ച മലയാളി യുവാവ് നാടണഞ്ഞു. മലപ്പുറം മുണ്ടുപറമ്പ് സ്വദേശി കെ.കെ. സുഫൈദാണ് സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ ദുരിതങ്ങളിൽ നിന്ന് മോചിതനായത്. ഇന്ത്യൻ സോഷ്യൽ ഫോറം വെൽഫെയർ വിങ്ങിെൻറ അവസരോചിതമായ ഇടപെടൽ യുവാവിന് രക്ഷയാവുകയായിരുന്നു.
നാട്ടിലെ സുഹൃത്തിെൻറ പരിചയത്തിൽ ലഭിച്ച വിസയിലാണ് സുഫൈദ് തബൂക്കിൽ ഡ്രൈവർ ജോലിക്കെത്തിയത്. എന്നാൽ പുതിയ ആളെന്ന നിലയിലും പുറമെയുള്ള ആളുകളുമായി ഇടപെടാൻ പോലും കഴിയാതിരുന്ന അവസ്ഥയിലായിരുന്നു ജോലി.
എല്ലാം സഹിച്ച് എട്ടു മാസത്തോളം ജോലിചെയ്തു. അതിനിടെ തനിക്കെതിരെയുണ്ടായ ഒരു പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസെത്തി ചോദ്യം ചെയ്യുകയും സ്റ്റേഷനിൽ കൊണ്ടുപോവുകയും ചെയ്തു. പൊലീസിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കിയതിെൻറ അടിസ്ഥാനത്തിൽ സുഫൈദിനോട് സുഹൃത്തുക്കളെയോ ബന്ധുക്കളെയോ വിളിച്ചു ജാമ്യത്തിനുള്ള സംവിധാനം ഒരുക്കാൻ പറയുകയായിരുന്നു. സ്പോൺസറുടെ ബന്ധുവിെൻറ വീട്ടിൽ ജോലി ചെയ്യുന്ന മലയാളി സുഹൃത്തിെൻറ ജാമ്യത്തിൽ പുറത്തിറങ്ങി. ഇതിനിടെ 'ഹുറൂബ്' എന്ന നിയമ കുരുക്കിലുമായി.
തെൻറ തൊഴിലാളി ഒളിച്ചോടിയെന്ന് സ്പോൺസർ സൗദി പാസ്പോർട്ട് ഡയറക്ടറേറ്റിൽ രേഖപ്പെടുത്തുന്നതാണ് ഹുറൂബ്. ഇതോടെ സ്പോൺസറുടെ വീട്ടിൽ ജോലിയില്ലാതാവുകയും മറ്റു തൊഴിലെടുക്കാനോ നാട്ടിലേക്കു പോകാനോ കഴിയാത്ത അവസ്ഥയിലുമായി. താമസിക്കാൻ കൂടി സ്ഥലമില്ലാതായതോടെ സുഹൃത്തിെൻറ കൂടെ മാസങ്ങളോളം കഴിച്ചു കൂട്ടുകയായിരുന്നു.
നിസ്സഹായനായ സുഫൈദ് പല സന്നദ്ധ സംഘടനകളെയും ബന്ധപ്പെട്ട് സഹായം അഭ്യർഥിച്ചെങ്കിലും ഒന്നും വിജയം കണ്ടില്ല. സ്പോൺസറുടെ ൈകയിൽ നിന്നും പാസ്പോർട്ട് തിരികെ വാങ്ങി എങ്ങനെയെങ്കിലും നാട്ടിലെത്തിയാൽ മതിയെന്ന ആഗ്രഹവും നടന്നില്ല.
പിന്നീട് സുഫൈദിെൻറ നാട്ടുകാരനായ സുഹൃത്ത് പറഞ്ഞതിെൻറ അടിസ്ഥാനത്തിൽ ഇന്ത്യൻ സോഷ്യൽ ഫോറം കർണാടക സ്റ്റേറ്റ് ഭാരവാഹിയായ അബ്ദുല്ലത്തീഫ് മംഗലാപുരത്തെ ബന്ധപ്പെടുകയും അദ്ദേഹം മുഖേന പൊലീസ് സ്റ്റേഷനിലും ബന്ധപ്പെട്ട ഓഫിസുകളിലും കയറിയിറങ്ങിയതിെൻറ ഫലമായി സുഫൈദിെൻറ നിസ്സഹായത അവർക്ക് മനസ്സിലാക്കിക്കൊടുക്കാൻ സാധിച്ചു. ഫോറം വളൻറിയർമാരായ അജ്മൽ ഷാ കൊട്ടാരക്കര, ഇല്യാസ് തൊട്ടിയൻ എന്നിവർ സുഫൈദിന് താമസസൗകര്യവും ഭക്ഷണവും ഒരുക്കുകയും ചെയ്തു.
ലത്തീഫ് മംഗാലാപുരം, ഫോറം തബൂക്ക് മേഖല കോഓഡിനേറ്റർ ഷാജഹാൻ കുളത്തൂപ്പുഴ എന്നിവരുടെ തുടർച്ചയായുള്ള ശ്രമത്തിലൂടെ ഹുറൂബ് നീക്കിക്കിട്ടുകയും എക്സിറ്റ് വിസ ലഭിക്കുകയും ചെയ്തു. തബൂക്ക് ഇന്ത്യൻ സോഷ്യൽ ഫോറം ഭാരവാഹിയായിരുന്ന മഞ്ചേരി മുനിസിപ്പൽ കൗൺസിലർ മുജീബ് റഹ്മാൻ വടക്കീടൻ, സുഫൈദിനുള്ള യാത്രാരേഖകൾ കൈമാറി. ആദ്യമായി ഗൾഫിൽ ജോലിക്കെത്തി രണ്ടര വർഷത്തോളം അനുഭവിച്ച കഷ്ടതയിൽ നിന്നും മോചിതനായ സുഫൈദ് സുമനസ്സുകളുടെ കാരുണ്യം കൂടി ലഭിച്ച് കഴിഞ്ഞ ദിവസം ജിദ്ദയിൽ നിന്നും കോഴിക്കോട്ടേക്കുള്ള വിമാനത്തിൽ ജന്മനാട്ടിലേക്കു മടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.