റിയാദ് കാത്തിരിക്കുന്ന മഹോത്സവത്തിന് ഇനി രണ്ടുനാൾ
text_fieldsറിയാദ് കാത്തിരിക്കുന്ന മഹോത്സവത്തിന് ഇനി രണ്ടുനാൾ
റിയാദ്: പ്രവാസകേരളത്തിെൻറ ഹൃദയതാളങ്ങൾ ശ്രവണമധുരമായ ഈണങ്ങളാൽ തുടികൊട്ടാൻ ഇനി രണ്ടുനാൾ മാത്രം ബാക്കി. ആലാപന മികവിെൻറ അനുഭവസാക്ഷ്യവുമായി മലയാളത്തിെൻറ സ്വന്തം യുവഗായകരും ഹാസ്യത്തിെൻറ പുതിയ പരീക്ഷണങ്ങളുമായി ചിരിയുടെ രാജാക്കന്മാരും അണിനിരക്കുന്ന പരിപാടി പ്രവാസത്തിലെ വേറിട്ടൊരു അനുഭവമായിരിക്കും. വിശാലവിസ്തൃതമായ മലസ് ലുലുവിെൻറ റൂഫ് അറീനയിൽ മീ ഫ്രൻഡ് ആപ്പും ഗൾഫ് മാധ്യമവും ഒരുക്കുന്ന സംഗീത വിനോദോത്സവത്തിന് വെള്ളിയാഴ്ച (സെപ്റ്റം. 29) വൈകീട്ട് ആറോടെ തിരിതെളിയും.
കേരളീയ സമൂഹത്തിന് സർഗാത്മകവും വൈജ്ഞാനികവുമായ ഒട്ടേറെ പരിപാടികൾ സമ്മാനിച്ച ആത്മവിശ്വാസത്തോടെയാണ് റിയാദ് ബീറ്റ്സിന് അരങ്ങൊരുങ്ങുന്നത്. കലയെയും കലാകാരന്മാരെയും സ്നേഹിക്കുന്ന തിരക്കുപിടിച്ച പ്രവാസികൾക്ക് ഹൃദയം തുറന്ന് ആനന്ദിക്കാനും ആസ്വദിക്കാനും ലഭിക്കുന്ന ഒരു സായാഹ്നമായിരിക്കും ഈ ആഘോഷരാവ്. മലയാളത്തിെൻറ പ്രിയപ്പെട്ട ഗായകർക്കും കോമഡി ആർട്ടിസ്റ്റുകൾക്കും പുറമെ പ്രശസ്ത നടി ഭാവനയാണ് സെലിബ്രിറ്റി ഗെസ്റ്റ്.
മലയാളത്തിൽ തുടങ്ങി തെന്നിന്ത്യൻ ഭാഷകളിൽ മുഴുവൻ അഭിനയിക്കുകയും മികവുറ്റ ഒട്ടേറെ കഥാപാത്രങ്ങളെ തന്മയത്വത്തോടെ വെള്ളിത്തിരയിൽ അവതരിപ്പിക്കുകയും ചെയ്ത കലാകാരിയാണ് ഭാവന. ഒരു ടെലിവിഷൻ അവതാരകയായി കരിയർ ആരംഭിച്ച ഭാവന കമലിെൻറ ‘നമ്മൾ’ എന്ന സിനിമയിലൂടെയാണ് അഭ്രപാളിയിലെത്തുന്നത്. വിവിധ ഭാഷകളിലായി അറുപതിലധികം സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. 2002ൽ ജൂറിയുടെ പ്രത്യേക പരാമർശം, 2005ൽ മികച്ച രണ്ടാമത്തെ നടി, മാതൃഭൂമി, ഏഷ്യനെറ്റ് അവാർഡ്, ഫിലിം ഫെയർ അവാർഡ് തുടങ്ങിയ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.
വിവാഹത്തെ തുടർന്ന് കുറച്ചുകാലം സിനിമയിൽനിന്ന് വിട്ടുനിന്നെങ്കിലും അടുത്തിടെ വീണ്ടും മലയാള സിനിമയിൽ സജീവമായി. ‘ൻറിക്കാക്കക്കൊരു പ്രേമണ്ടാര്‍ന്നു’ എന്ന ചിത്രത്തിലൂടെയാണ് ഭാവന തിരിച്ചെത്തിയത്. ഇപ്പോൾ നാലോളം സിനിമകൾ രണ്ടാം വരവിൽ പുറത്തിറങ്ങിയിട്ടുണ്ട്. കന്നട സിനിമ നിർമാതാവ് നവീനാണ് ഭാവനയുടെ ഭർത്താവ്. റിയാദ് ബീറ്റ്സിെൻറ ആഘോഷത്തിന് നിറംപകരാൻ ഭാവന നമ്മോടൊപ്പം ചേരും.
സെലിബ്രിറ്റി ആങ്കർ മിഥുൻ രമേശ് അവതാരകൻ എന്നതിലുപരി നല്ലൊരു അഭിനേതാവുകൂടിയാണ്. ദുബൈ ഹിറ്റ് എഫ്.എമ്മിൽ അവതാരകനായാണ് പ്രേക്ഷകഹൃദയത്തിൽ ഇടംനേടിയത്. സിനിമ, സീരിയൽ രംഗത്ത് കഴിവുതെളിയിച്ച അദ്ദേഹം ഇന്ന് സ്റ്റേജ് ഷോകളിൽ ഒഴിച്ചുകൂടാനാകാത്ത താരമാണ്. 2000ത്തില്‍ പുറത്തിറങ്ങിയ ഫാസില്‍ സിനിമയായ ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ എന്ന ചിത്രത്തിലൂടെയാണ് മിഥുൻ അഭിനയജീവിതം ആരംഭിക്കുന്നത്. ഇതിനകം 25ഓളം സിനിമകളിൽ വലുതും ചെറുതുമായ വേഷങ്ങളിൽ അഭിനയിച്ച മിഥുൻ, വിനോദ വ്യവസായ രംഗത്തെ വലിയൊരു സാന്നിധ്യമാണ്. ചെറിയൊരു ഇടവേളക്കുശേഷം അദ്ദേഹം വീണ്ടും റിയാദിലെത്തുകയാണ്.
പിന്നണി ഗായകനും സംസ്ഥാന അവാർഡ് ജേതാവുമായ വിധു പ്രതാപ്, ഗായികയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ആൻ ആമി, ‘ദി വോയ്സ്’ ഹിന്ദി റിയാലിറ്റി ഷോയിലൂടെ യുവാക്കളുടെ ഹരമായി മാറിയ ജാസിം ജമാൽ, സ്റ്റാർ സിങ്ങറിലൂടെ മലയാളികളുടെ മനം കവർന്ന ശിഖ പ്രഭാകർ തുടങ്ങി നിരവധി യുവഗായകർ വേദിയിൽ അണിനിരക്കും. കൂടാതെ മേളക്ക് ചിരി പകരാൻ രമേശ് പിഷാരടിയും അശ്വിൻ അനിൽകുമാറും. റിയാദിൽ നിന്ന് ഡാൻസ് മാസ്റ്റർ വിഷ്ണുവിെൻറ നേതൃത്വത്തിൽ പോൾ സ്റ്റാർ ഡാൻസ് അക്കാദമിയിലെ കലാകാരന്മാരും പങ്കുചേരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.