സൗദിയിലെ ത്വാഇഫിൽ വാൻ താഴ്ചയിലേക്ക് മറിഞ്ഞ് രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു
text_fieldsജിദ്ദ: റിയാദിൽ നിന്നും ജിദ്ദയിലേക്ക് നഴ്‌സുമാരുമായി വരികയായിരുന്ന വാൻ ത്വാഇഫിനടുത്ത് താഴ്ചയിലേക്ക് മറിഞ് രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. വൈക്കം വെച്ചൂർ സ്വദേശിനി അഖില (29),കൊല്ലം ആയൂർ സ്വദേശിനി സുബി (33) എന്നിവരാണ് മരിച്ച നഴ്‌സുമാർ. മരിച്ച ഡ്രൈവർ കൽക്കട്ട സ്വദേശിയാണ്.
ഡ്രൈവറടക്കം എട്ട് പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ബാക്കിയുള്ള അഞ്ചു നഴ്‌സുമാരിൽ നാൻസി, പ്രിയങ്ക എന്നീ മലയാളികൾ ത്വാഇഫ് കിങ് ഫൈസൽ ആശുപത്രിയിലും ചെന്നൈ സ്വദേശികളായ റൂമിയ കുമാർ, ഖുമിത അറുമുഖൻ, രജിത എന്നിവർ ത്വാഇഫ് പ്രിൻസ് സുൽത്താൻ ആശുപത്രിയിലും ചികിത്സയിലാണ്. ഇവരുടെ പരിക്ക് സാരമുള്ളതല്ല.
ഞായറാഴ്ച പുലർച്ചെ നാലരയോടെയാണ് അപകടം നടന്നത്. ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണം എന്നാണ് പ്രാഥമിക വിവരം. ഈ മാസം മൂന്നിനാണ് ഇവർ റിയാദിൽ എത്തിയത്. അവിടെ നിന്നും ക്വാറൻറീൻ പൂർത്തിയാക്കി ജിദ്ദയിലെ വിവിധ ആശുപത്രികളിൽ ജോലിക്ക് പ്രവേശിക്കാൻ വരുന്നതിനിടയിലാണ് അപകടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.