സൗദിയിൽ പുറത്തിറങ്ങാൻ 'രണ്ട് ഡോസ് വാക്സിൻ' നിർബന്ധം; നിയമം പ്രാബല്യത്തിൽ
text_fieldsജിദ്ദ: സൗദിയിൽ പുറത്തിറങ്ങാൻ ഇനി കോവിഡ് വാക്സിൻ രണ്ട് ഡോസെടുക്കൽ നിർബന്ധം. പുതിയ നിയമം പ്രാബല്യത്തിലായി. ഇന്ന് (ഞായറാഴ്ച) മുതൽ രാജ്യത്ത് സ്വദേശികൾക്കും വിദേശികൾക്കുമുള്ള വ്യക്തിവിവര ആപ്പായ 'തവക്കൽനാ'യിലെ ആരോഗ്യ സ്റ്റാറ്റസിലുണ്ടായ പുതിയ മാറ്റങ്ങൾ എന്തെല്ലാമാണെന്നും ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തി. രാജ്യത്ത് ജോലി സ്ഥലത്തും പൊതുവിടങ്ങളിലും ഗതാഗത സംവിധാനങ്ങളും പ്രവേശിക്കാൻ രണ്ട് ഡോസ് വാക്സിൻ നിർബന്ധമാണെന്ന പുതിയ നിയമത്തിെൻറ അടിസ്ഥാനത്തിലാണ് 'തവക്കൽനാ' അപ്ഡേറ്റ് ചെയ്തിരിക്കുന്നത്.
പുതിയ മാറ്റത്തിൽ രണ്ട് ഡോസ് വാക്സിനെടുത്തവരെ മാത്രമാണ് 'പ്രതിരോധ കുത്തിവെപ്പ് എടുത്തവർ' എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തുന്നത്. തവക്കൽനായിൽ ഇക്കാര്യം പ്രത്യേകം കാണിക്കും. രാജ്യത്തെ അംഗീകൃത കോവിഡ് വാക്സിനുകളിൽ ഒന്നിെൻറ ആദ്യ ഡോസ് എടുത്തവരുടെ സ്റ്റാറ്റസ് 'ആദ്യഡോസ് എടുത്തവർ' എന്നായിരിക്കും. വാക്സിനെടുക്കാൻ വേണ്ട പ്രായപരിധിയിൽപ്പെടാത്തവരുടേത് 'രോഗം സ്ഥിരീകരിച്ചിട്ടില്ല' എന്നും വാക്സിൻ എടുക്കേണ്ടവർ വാക്സിനെടുത്തിട്ടില്ലെങ്കിൽ 'പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടില്ല എന്നുമായിരിക്കും കാണിക്കുക.
രോഗബാധിതർ, രോഗികളുമായി ഇടപഴകിയവർ, ഹോം ക്വാറൻറീനിലും ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീനിലും കഴിയുന്നവർ എന്നീ സ്റ്റാറ്റസുകളും അപ്ഡേറ്റ് ചെയ്ത തവക്കൽനയിൽ ഉണ്ടാകും. രണ്ട് ഡോസ് വാക്സിൻ എടുത്താലേ പ്രവേശനം അനുവദിക്കുന്നത് സാമ്പത്തിക, വാണിജ്യ, സാംസ്കാരിക, വിനോദ, സ്പോർട്സ്, ടൂറിസം മേഖലകളിലും പൊതു സ്വകാര്യ സ്ഥാപനങ്ങൾ, പൊതുഗതാഗത സംവിധാനം എന്നിവയിലുമാണ്.
അതുപോലെ സാംസ്കാരിക - സാമൂഹിക - വിനോദ പരിപാടികൾ, വിമാനയാത്ര, ഉംറ അനുമതി പത്രം എന്നിവയ്ക്കും രണ്ട് ഡോസ് കോവിഡ് വാക്സിനേഷൻ നിർബന്ധമാണ്. തവക്കൽനാ ആപ്ലിക്കേഷനിൽ കാണിച്ചിരിക്കുന്ന 'വാക്സിൻ എടുക്കുന്നതിൽ നിന്ന് ഒഴിവാക്കപ്പെട്ട' വിഭാഗങ്ങൾക്ക് പുതിയ നിയമം ബാധകമാകില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.