മരുഭൂമിയിലെ ദുരിതം: രണ്ട് ഇന്ത്യക്കാർ നാടണഞ്ഞു
text_fieldsസുലൈമാൻ വിഴിഞ്ഞം
റിയാദ്: ഖത്തറിൽ പാചകജോലിക്കെത്തി സൗദി മരുഭൂമിയിൽ ഒട്ടകങ്ങളെ മേയ്ക്കാൻ വിധിക്കപ്പെട്ട രണ്ട് ഇന്ത്യക്കാർ സാമൂഹിക പ്രവർത്തകരുടെ തുണയിൽ രക്ഷപ്പെട്ട് നാടണഞ്ഞു. വീട്ടുജോലിക്കും റസ്റ്റാറൻറിലെ പാചക ജോലിക്കുമായി ദോഹയിൽ എത്തിയ ഗുജറാത്ത് സ്വദേശി റിവാ ഭായും ഉത്തർപ്രദേശ് സ്വദേശി റിയാസുദ്ദീനുമാണ് മലയാളികളുടെ ഇടപെടലിനാൽ സൗദി മരുഭൂമിയിൽനിന്ന് രക്ഷപ്പെട്ടത്. ആഗസ്റ്റ് ഒമ്പതിനാണ് ഇരുവരും ഖത്തറിൽ എത്തിയത്. അവിടെ ഒരാഴ്ചത്തെ ക്വാറൻറീനുശേഷം ആ മാസം 17ന് ഖത്തർ പൗരനായ സ്പോൺസർ ഇരുവരെയും സൗദി കിഴക്കൻ പ്രവിശ്യയിലെ മശല്ല എന്ന സ്ഥലത്ത് മരുഭൂമിയിൽ കൊണ്ടുവന്ന് ഒട്ടകങ്ങളെ മേയ്ക്കുന്ന ജോലി ഏൽപിച്ചു.
തൊഴിൽ കരാറിൽ പറഞ്ഞ ജോലിയല്ലാത്തതിനാലും ശാരീരികപീഡനവും കാരണം ഇരുവരും ജോലിയിൽ തുടരാൻ വിസമ്മതിച്ചു. ഈ കാലയളവിൽ ശമ്പളമോ ആവശ്യത്തിന് ഭക്ഷണമോ നൽകിയിരുന്നില്ല. ഇരുവരെയുംകുറിച്ച് വിവരങ്ങളില്ലെന്നു കാട്ടി ഇവരുടെ കുടുംബങ്ങൾ റിയാദിലെ ഇന്ത്യൻ എംബസിക്ക് പരാതി നൽകി. തുടർന്ന് എംബസി കമ്യൂണിറ്റി വെൽഫെയർ അംഗവും റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാനുമായ സിദ്ദീഖ് തുവ്വൂരിനെ ഇവരെ കണ്ടെത്താൻ ചുമതലപ്പെടുത്തുകയായിരുന്നു. ഉദ്യോഗസ്ഥരുമായി സംസാരിച്ച് പൊലീസ് വാഹനത്തിൽ മരുഭൂമിയിലൂടെ കിലോമീറ്ററോളം സഞ്ചരിച്ച് രണ്ടുപേരെയും കണ്ടെത്തി. സ്പോൺസർ സ്ഥലത്തില്ലാത്തതിനാൽ മകനുമായി സംസാരിച്ചു.
രേഖകൾ കൈവശമില്ല, അടുത്ത ദിവസം സ്റ്റേഷനിലെത്തിക്കാമെന്ന് പറഞ്ഞെങ്കിലും പൊലീസും സിദ്ദീഖും ഇടപെട്ട് തൊഴിലാളികളെ സ്റ്റേഷനിലെത്തിച്ചു. സ്പോൺസറുടെ മകനോട് സ്റ്റേഷനിൽ ഹാജരാകാനും ആവശ്യപ്പെട്ടു. ഇരുഭാഗത്തിെൻറയും വാദഗതികൾ കേട്ട ശേഷം പൊലീസ് സ്റ്റേഷനിൽ പ്രശ്നം ഒത്തുതീർപ്പാക്കി. തൊഴിലാളികൾ ആവശ്യപ്പെട്ടതുപ്രകാരം ശമ്പളവും വിമാന ടിക്കറ്റിനുള്ള പണവും നൽകാൻ തൊഴിലുടമ തയാറായി. അതോടെ കേസ് ഒത്തുതീർപ്പായി. തുടർന്ന് സിദ്ദീഖ് തൊഴിലാളികളെ റിയാദിലെത്തിച്ചു. മരുഭൂമിയിൽനിന്ന് രക്ഷപ്പെട്ട ഇരുവരും ഫോണിൽ വിളിച്ച് കുടുംബങ്ങളുമായി സന്തോഷം പങ്കിട്ടു.
ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർക്കും സൗദി പൊലീസിനും കെ.എം.സി.സി വളൻറിയർമാർക്കും അവർ നന്ദി അറിയിച്ചു. കഴിഞ്ഞ ദിവസം ഇരുവരും റിയാദിൽ നിന്ന് ദുബൈ വഴി നാട്ടിലേക്ക് വിമാനം കയറി. റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സി.പി. മുസ്തഫ, സലീം, തോമസ് കോട്ടയം, വെൽഫെയർ വിങ് കൺവീനർമാരായ യൂസുഫ് പെരിന്തൽമണ്ണ, ഫിറോസ് ഖാൻ കൊട്ടിയം, ജമാൽ പട്ടാമ്പി എന്നിവർ സിദ്ദീഖ് തുവ്വൂരിനോടൊപ്പം വിവിധ ഘട്ടങ്ങളിൽ സഹായത്തിനുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.