ഹറമിൽ സുഗന്ധം പരത്താൻ പ്രതിദിനം ഉപയോഗിക്കുന്നത് രണ്ട് കിലോ ഊദ്
text_fieldsഹജറുൽ അസ്വദിൽ ഊദ് തൈലം പുരട്ടുന്നു (ഫയൽ)
മക്ക: റമദാനിൽ എത്തുന്ന വിശ്വാസികളുടെ എണ്ണം വർധിക്കുന്നത് പരിഗണിച്ച് മക്ക മസ്ജിദുൽ ഹറാമിൽ സുഗന്ധം പരത്താൻ ഉന്നത ഗുണമേന്മയുള്ള രണ്ട് കിലോ ഊദ് പ്രതിദിനം ഉപയോഗിക്കുന്നതായി ഇരുഹറം കാര്യാലയം അതോറിറ്റി അറിയിച്ചു. ഉയർന്നനിലവാരമുള്ള പ്രകൃതിദത്ത ഊദ് ഉപയോഗിച്ച് ചുരുങ്ങിയത് 20 തവണ പുകക്കുകയും തൈലം പൂശുകയും ചെയ്യും. ഇതിനായി 150 ആളുകൾ ദിവസവും ജോലി ചെയ്യുന്നു. ഹറമിന്റെ വിശുദ്ധി നിലനിർത്താൻ വിവിധ ഭാഗങ്ങളിൽ ഊദ് കത്തിച്ച് സുഗന്ധം പുകക്കും. അതിനായി 70 ലേറെ പ്രത്യേക ഉപകരണങ്ങളാണ് ഉപയോഗിക്കുന്നത്.
കൂടാതെ ഹജറുൽ അസ്വദും മുൽതസമും റുക്നു യമാനിയും ഓരോ നമസ്കാരത്തിന് മുമ്പും ദിവസവും അഞ്ച് തവണ കുന്തിരിക്കം, റോസ് ഓയിൽ എന്നിവ ഉപയോഗിച്ച് പുരട്ടും. റമദാനിൽ മസ്ജിദുൽ ഹറാമിലെത്തുന്ന വിശ്വാസികൾക്ക് നല്ല അന്തരീക്ഷത്തിൽ അവരുടെ ആരാധനാനുഷ്ഠാനങ്ങൾ നിർവഹിക്കാൻ കഴിയുന്നതിന് വേണ്ടിയാണ് ഇതെല്ലാം ചെയ്യുന്നത്. റമദാനിൽ ഹറം പരിസരത്തെ കുറ്റമറ്റ ശുചിത്വ പരിപാലനവും ഏറ്റവും മുന്തിയ ഊദ് തൈലങ്ങൾ പുരട്ടിയും പുകച്ചും അന്തരീക്ഷവും സുഗന്ധപൂരിതമാക്കുന്നതും ഹറമിലെത്തുന്ന ദൈവത്തിന്റെ അതിഥികൾക്ക് കൂടുതൽ സന്തോഷവും ആത്മീയതയും കൈവരിക്കാൻ സഹായകമാകുന്നു.
ഇരുഹറമുകളിലെത്തുന്ന തീർഥാടകർക്കും പ്രാർഥനക്കെത്തുന്നവർക്കും ശാന്തമായ അന്തരീക്ഷത്തിൽ അനുഷ്ഠാനങ്ങൾ നിർവഹിക്കാൻ എല്ലാവിധ മുന്നൊരുക്കവും കുറ്റമറ്റ രീതിയിലാണ് ഇരുഹറം അതോറിറ്റി നടപ്പാക്കുന്നത്. ഹറമിലെത്തുന്ന സന്ദർശകർക്ക് നല്ല അനുഭവം സമ്മാനിക്കാനുതകുന്ന വിവിധ പദ്ധതികൾ വിജയപ്രദമായതായി അതോറിറ്റി വിലയിരുത്തുന്നു.
വിശ്വാസികളോടുള്ള പ്രതിബദ്ധത കൂടുതൽ ഉറപ്പിക്കാനും ആശ്വാസത്തിന്റെയും ശാന്തതയുടെയും അന്തരീക്ഷം ഹറമിൽ എപ്പോഴും നിലനിർത്താനും വേണ്ട ബഹുമുഖ പദ്ധതികൾ വിജയം കാണുന്നതായും അതോറിറ്റി കഴിഞ്ഞ ദിവസം പുറത്തിറക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കി. സാധാരണ ദിവസങ്ങളിൽ ഹറമും കഅബയും മികച്ച സുഗന്ധങ്ങൾ പൂശാറുണ്ടെങ്കിലും റമദാനിൽ ഇത് കൂടുതൽ ചെയ്യുന്ന രീതിയാണ് സ്വീകരിച്ചുവരുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.