സൗദി അറേബ്യ രൂപകൽപ്പന ചെയ്ത് നിർമ്മിച്ച രണ്ട് ഉപഗ്രഹങ്ങളുടെ വിക്ഷേപണം നാളെ
text_fieldsജിദ്ദ: സൗദി അറേബ്യയിൽ രൂപകൽപ്പന ചെയ്ത് നിർമ്മിച്ച രണ്ട് ഉപഗ്രഹങ്ങളുടെ വിക്ഷേപണം നാളെ (ഞായർ) നടക്കും.
റഷ്യൻ സ്‌പേസ് ഏജൻസിയായ റോസ്കോസ്മോസിനെ ഉദ്ധരിച്ചുകൊണ്ട് സൗദി സ്‌പേസ് കമ്മീഷൻ ഡയറക്ടർ ബോർഡ് ചെയർമാൻ പ്രിൻസ് സുൽത്താൻ ബിൻ സൽമാൻ അറിയിച്ചതാണിത്. ശനിയാഴ്ച നടത്താൻ തീരുമാനിച്ച വിക്ഷേപണം ചില സാങ്കേതിക പ്രശ്‌നങ്ങൾ ഉണ്ടായതിനാൽ ഞായറാഴ്ചയിലേക്ക് മാറ്റുകയായിരുന്നു.
ശാഹീൻ സാറ്റ്, ക്യൂബ് സാറ്റ് എന്നീ പേരുകളിലുള്ള ഉപഗ്രഹങ്ങളാണ് സൗദി ശാസ്ത്രജ്ഞർ നിർമിച്ചത്. ശാസ്ത്രീയ ആവശ്യങ്ങൾക്കുവേണ്ടിയുള്ള ഉപഗ്രഹങ്ങൾ കിങ് അബ്ദുൽ അസീസ് സിറ്റി ഫോർ സയൻസ് ആൻഡ് ടെക്‌നോളജി (കെ.എ.സി.എസ്.ടി), കിങ് സൗദ് യൂനിവേഴ്‌സിറ്റി എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞരാണ് വികസിപ്പിച്ചത്.
കിങ് അബ്ദുൽ അസീസ് സിറ്റി ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയിൽ നിന്നുള്ള പതിനേഴാമത് സാറ്റലൈറ്റ് ആണ് നാളെ വിക്ഷേപണത്തിനൊരുങ്ങുന്ന ശാഹീൻ സാറ്റ്. ബഹിരാകാശ ഫോട്ടോഗ്രാഫിക്കും സമുദ്രക്കപ്പലുകളുടെ ട്രാക്കിംഗിനുമായാണ് ഈ ഉപഗ്രഹം ഉപയോഗിക്കുക.
കിങ് സൗദ് യൂനിവേഴ്‌സിറ്റി വികസിപ്പിച്ചെടുത്ത രണ്ടാമത്തെ ഉപഗ്രഹമായ ക്യൂബ് സാറ്റ് വിദ്യാഭ്യാസ ആവശ്യത്തിനും ഉപയോഗിക്കും. 10 സെന്‍റിമീറ്റർ വീതം നീളവും വീതിയും ഉയരവുമുള്ള ഒരു കിലോ ഭാരമുള്ള ക്യൂബ് രൂപത്തിലുള്ള ഉപഗ്രഹമാണ് കിങ് സൗദ് യൂനിവേഴ്‌സിറ്റി നിർമിച്ചിരിക്കുന്നത്.
ക്യൂബ് രൂപത്തിലുള്ള ഉപഗ്രഹം വിക്ഷേപിക്കുന്ന ആദ്യ സൗദി സർവകലാശാലയാണ് കിങ് സൗദ് യൂനിവേഴ്‌സിറ്റി. ചെറുതും വലുതുമായ ഉപഗ്രഹങ്ങളുമായും അന്താരാഷ്ട്ര ബഹിരാകാശ നിലയവുമായും ആശയവിനിമയം നടത്താൻ ഈ ചെറു ഉപഗ്രഹത്തിന് സാധിക്കും.
കസാക്കിസ്ഥാനിലെ ബൈക്കോനൂർ കോസ്മോഡ്രോമിൽ നിന്ന് സൗദി അറേബ്യയടക്കം 18 രാജ്യങ്ങളിൽ നിന്നുള്ള 38 ഉപഗ്രഹങ്ങൾ റഷ്യൻ സോയൂസ് 2.1 എന്ന റോക്കറ്റ് മുഖേനയാണ് ഭ്രമണപഥത്തിലെത്തിക്കുന്നത്.
ഉപഗ്രഹ വിക്ഷേപണ രംഗത്ത് മികച്ച മുന്നേറ്റങ്ങളും നേട്ടങ്ങളും കൈവരിക്കാനാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ബഹിരാകാശ പ്രവർത്തനങ്ങൾ ഉൾപ്പെടെ എല്ലാ കാര്യങ്ങളിലും നേതൃസ്ഥാനത്ത് തുടരാൻ സൗദി അറേബ്യ അർഹരാണെന്നും പ്രിൻസ് സുൽത്താൻ ബിൻ സൽമാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.