സൗദിയിലെ രണ്ട് ജിയോ പാർക്കുകൾ യുനെസ്കോ പട്ടികയിലേക്ക്
text_fieldsറിയാദ്: സൗദി അറേബ്യയിൽനിന്ന് രണ്ട് ജിയോ പാർക്കുകൾ യുനെസ്കോയുടെ ഗ്ലോബൽ ജിയോ പാർക്ക് പട്ടികയിലേക്ക്. തലസ്ഥാന നഗരത്തോട് ചേർന്ന് കിടക്കുന്ന തുവൈഖ് മലനിര പ്രദേശമായ ‘നോർത്ത് റിയാദ്’, ഹാഇലിലെ ‘സൽമ’ എന്നീ ഭൗമപ്രദേശങ്ങളുടെ നാമനിർദേശങ്ങളാണ് യുനെസ്കോ ഗ്ലോബൽ ജിയോ പാർക്ക് പ്രോഗ്രാമിന്റെ കോഓഡിനേറ്റിങ് കൗൺസിൽ അംഗീകരിച്ചത്.
ദേശീയ സസ്യമേഖല വികസനത്തിനും മരുഭൂവത്കരണം തടയുന്നതിനുമുള്ള സൗദി ദേശീയകമീഷനും സൗദി നാഷനൽ കമീഷൻ ഫോർ എജുക്കേഷൻ, കൾചർ ആൻഡ് സയൻസുമാണ് ഇക്കാര്യം അറിയിച്ചത്.
ഭൂമിശാസ്ത്രപരമായ പൈതൃകം സംരക്ഷിക്കുന്നതിലും സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കുന്നതിലും സൗദി അറേബ്യയുടെ പ്രവർത്തനപദ്ധതികൾ പുരോഗമിക്കുന്ന ഈ ഘട്ടത്തിൽ ഈ മാസം എട്ട്, ഒമ്പത് തീയതികളിൽ വിയറ്റ്നാമിൽ ചേർന്ന കൗൺസിലിന്റെ ഒമ്പതാമത് യോഗത്തിലാണ് നാമനിർദേശം അംഗീകരിക്കപ്പെട്ടതായുള്ള പ്രഖ്യാപനമുണ്ടായത്.
പ്രാദേശിക സമൂഹങ്ങളുമായി ഇടപഴകുന്നതിന് ഊന്നൽ നൽകി സംരക്ഷണം, വിദ്യാഭ്യാസം, സുസ്ഥിര വികസനം എന്നിവ സംയോജിപ്പിച്ച് സമഗ്രമായ രീതിയിൽ ആഗോള പ്രാധാന്യമുള്ള ഭൂമിശാസ്ത്ര മേഖലകൾ കൈകാര്യം ചെയ്യുന്നതിനുള്ള കൃത്യമായ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് ജിയോ പാർക്കുകളെ തിരഞ്ഞെടുക്കുന്നത്.
കൗൺസിലിന്റെ ഒമ്പതാമത് യോഗം ഇത്തരത്തിലുള്ള 21 ഭൗമപ്രദേശങ്ങളെ കുറിച്ച് പഠിക്കുകയും അതിൽ 15 എണ്ണത്തിന്റെ നാമനിർദേശം അംഗീകരിക്കുകയും ചെയ്തു. 2025 മാർച്ചിൽ ചേരുന്ന യുനെസ്കോ ജനറൽ കോൺഫറൻസിൽ ഈ പ്രദേശങ്ങളുടെ അംഗീകാരം സംബന്ധിച്ച അന്തിമ പ്രഖ്യാപനമുണ്ടാകും. അതോടെ സൗദി ആദ്യമായി യുനെസ്കോ ഗ്ലോബൽ ജിയോ പാർക്ക് നെറ്റ്വർക്കിൽ ഇടംപിടിക്കും.
യുനെസ്കോയുടെ പ്രസ്താവന പ്രകാരം പുതുതായി നാമനിർദേശം ചെയ്യപ്പെട്ട കേന്ദ്രങ്ങളുടെ അന്തിമ അംഗീകാരം ലഭിച്ചാൽ ലോകമെമ്പാടുമുള്ള 49 രാജ്യങ്ങളിലായി ആഗോള ജിയോ പാർക്കുകളുടെ എണ്ണം 228 ആവും.
ഭൂമിശാസ്ത്രപരമായ വലിയ പ്രാധാന്യമുള്ള ഈ പ്രദേശങ്ങളുടെ അന്താരാഷ്ട്ര അംഗീകാരത്തിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണ് നാമനിർദേശം. പരിസ്ഥിതി സംരക്ഷണത്തിന്റെയും സുസ്ഥിര വികസനത്തിന്റെയും മേഖലകളിൽ അന്താരാഷ്ട്ര രംഗത്ത് സൗദിയുടെ സ്ഥാനം വർധിപ്പിക്കുന്നതാണ്.
പരിസ്ഥിതിയും രാജ്യത്തിന്റെ തനതായ സസ്യജാലങ്ങളും സംരക്ഷിക്കാൻ നടത്തിയ ശ്രമങ്ങളിലെ ഈ മഹത്തായ നേട്ടത്തിൽ അഭിമാനിക്കുന്നുവെന്ന് നാഷനൽ സെന്റർ ഫോർ വെജിറ്റേഷൻ ഡെവലപ്മെന്റ് ആൻഡ് കോംബാറ്റ് ഡെസർട്ടിഫിക്കേഷൻ സി.ഇ.ഒ ഡോ. ഖാലിദ് അബ്ദുൽ ഖാദർ പറഞ്ഞു. ജിയോ പാർക്കുകൾ എന്ന ആശയത്തിലൂടെ സുസ്ഥിര വികസനത്തിനായുള്ള 2030 പ്രോഗ്രാമിന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ഇത് നേരിട്ട് സംഭാവന ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
സൗദിയുടെ ഭൂമിശാസ്ത്രപരമായ പൈതൃകത്തെക്കുറിച്ചുള്ള ആഗോള അവബോധം വർധിപ്പിക്കുന്നതിൽ ഈ പ്രവേശനത്തിന് വലിയ പ്രാധാന്യമുണ്ടെന്ന് സൗദി നാഷനൽ കമീഷൻ ഫോർ എജുക്കേഷൻ, കൾചർ ആൻഡ് സയൻസ് സെക്രട്ടറി ജനറൽ അഹ്മദ് ബിൻ അബ്ദുൽ അസീസ് അൽബുലൈഹദ് പറഞ്ഞു.
പ്രകൃതിദത്ത പ്രദേശങ്ങൾ സംരക്ഷിക്കുന്നതിനും ചുറ്റുമുള്ള പ്രദേശിക ജനസമൂഹങ്ങളെ വികസിപ്പിക്കുന്നതിനുമുള്ള അന്താരാഷ്ട്ര സഹകരണത്തിലൂടെ സൗദിയുടെ സ്ഥാനവും നേതൃപരമായ പങ്കും ഇത് മെച്ചപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.