'യു.എ. ഖാദർ സങ്കുചിത ദേശീയതയും ഭാഷാതിർത്തികളും ഭേദിച്ച എഴുത്തുകാരൻ'
text_fieldsറിയാദ്: ദേശീയതയുടെ സങ്കുചിതത്വങ്ങളേയും യുദ്ധവെറിയേയും എഴുത്തിെൻറ ശക്തികൊണ്ട് ഭേദിച്ച സഹിത്യകാരനായിരുന്നു ഗ്രാമീണ ജീവിതാവിഷ്കാരങ്ങളുടെ കഥാകാരനായ യു.എ. ഖാദറെന്ന് എഴുത്തുകാരനും ഫാറൂഖ് കോളജ് മലയാളം അധ്യാപകനുമായ ഡോ. വി. ഹിക്മത്തുല്ല അഭിപ്രായപ്പെട്ടു. റിയാദിലെ ചേതന ലിറ്റററി ഫോറം സംഘടിപ്പിച്ച 'യു.എ. ഖാദർ: എഴുത്തും ജീവിതവും'എന്ന പരിപാടിയിൽ അനുസ്മരണ പ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ചെറുപ്പത്തിലെ ഒറ്റപ്പെടലിെൻറ നോവുകളും രണ്ടാം ലോകയുദ്ധത്തിെൻറ കെടുതികളും നീന്തിക്കടന്ന് പിതാവിെൻറ ഭാഷയറിയാത്ത നാട്ടിലെത്തിയ അതിസങ്കീർണത മറികടന്നാണ് ഖാദർ മലയാള ഭാഷയെ അടക്കിവാണത്. എഴുത്തിൽ ആധുനികത കടന്നുവരുന്ന കാലത്ത് നവീനപ്രവണതകളെ ഉൾക്കൊണ്ട് അദ്ദേഹം എഴുതി. ഗ്രാമ്യഭാഷയിൽ ആരെയും ഭ്രമിപ്പിക്കുന്ന ലാളിത്യമുള്ള പ്രയോഗങ്ങളിൽ അദ്ദേഹം ഒരു ഇതിഹാസമായി മാറി. മാതൃഭാഷ എന്ന സങ്കൽപത്തെത്തന്നെ മാറ്റിമറിച്ചു. നാട്ടുമൊഴികൾ, നാട്ടാചാരങ്ങൾ, ഉത്സവങ്ങൾ, മിത്തുകൾ, പുരാവൃത്തങ്ങൾ എല്ലാം കഥകളിൽ ആവിഷ്കരിച്ചും ചിത്രങ്ങളിൽ വർണങ്ങളായി ചാലിച്ചും നമുക്ക് പകർന്നുതന്നുവെന്ന് ഡോ. വി. ഹിക്മത്തുല്ല പറഞ്ഞു.
പ്രമുഖ എഴുത്തുകാരൻ പി.കെ. പാറക്കടവ് സൂമിലൂടെ ഉദ്ഘാടനം നിർവഹിച്ചു. തൃക്കോട്ടൂർ കഥകൾ തൊട്ട് ഖാദർക്കയുടെ കഥകളുടെ ഓരോ തട്ടകങ്ങളും തേടിനടന്ന അനുഭവങ്ങൾ വരെ അദ്ദേഹം ചുരുങ്ങിയ വാക്കുകളിൽ അനുസ്മരിച്ചു. വായനയിലേക്കും എഴുത്തിലേക്കും അദ്ദേഹത്തെ വഴിനടത്തിയത് സി.എച്ച്. മുഹമ്മദ് കോയ ആയിരുന്നു.
മുസ്ലിം സാമൂഹിക ജീവിതത്തെക്കുറിച്ച് തീക്ഷ്ണമായ രേഖപ്പെടുത്തലായിരുന്നു 'ചങ്ങല'യെന്നും അത് വേണ്ടത്ര വായിക്കപ്പെട്ടില്ലെന്നും പി.കെ. പാറക്കടവ് പറഞ്ഞു. പ്രോഗ്രാം കോഒാഡിനേറ്റർ ഷഫീഖ് തലശ്ശേരി അധ്യക്ഷത വഹിച്ചു. ദാവൂദ്, അഷ്റഫ് കൊടിഞ്ഞി, ഉദിനൂർ മുഹമ്മദ് കുഞ്ഞി എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ചേതന പ്രസിഡൻറ് ഡോ. മുഹമ്മദ് ലബ്ബ സ്വാഗതവും സെക്രട്ടറി റസാഖ് മുണ്ടേരി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.