റിയാദിൽ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കാമ്പയിന് തുടക്കം
text_fieldsറിയാദ്: ലോക്സഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് റിയാദിലെ പ്രവാസികൾക്കിടയിൽ യു.ഡി.എഫ് നടത്തുന്ന പ്രചാരണ കാമ്പയിന് തുടക്കം. ബത്ഹ ഡി പാലസ് ഓഡിറ്റോറിയത്തിൽ നടന്ന തെരഞ്ഞെടുപ്പ് കൺവെൻഷനിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു. റിയാദ് യു.ഡി.എഫ് കോഓഡിനേഷൻ കമ്മിറ്റി ചെയർമാൻ അബ്ദുല്ല വല്ലാഞ്ചിറ അധ്യക്ഷത വഹിച്ചു. സൗദി കെ.എം.സി.സി നാഷനൽ കമ്മിറ്റി വൈസ് പ്രസിഡൻറ് വി.കെ. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ജനാധിപത്യ ഇന്ത്യയെ വീണ്ടെടുക്കാനുള്ള അതിപ്രധാനമായ തെരഞ്ഞെടുപ്പാണ് നടക്കാൻ പോകുന്നത്. രാജ്യത്തിന്റെ ആത്മാവ് നിലനിൽക്കുന്നത് മതേതരത്വത്തിലും സൗഹാർദത്തിലുമാണ്. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഭരണകൂടം മതത്തിന്റെ പേരിൽ വിഭജിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ബി.ജെ.പിയെ എതിർക്കുന്ന രാഷ്ട്രീയ നേതാക്കളെ അന്വേഷണ ഏജൻസികളെക്കൊണ്ട് ജയിലിലടപ്പിക്കുന്ന സമീപനം ഭീരുത്വമാണ്. മതം മാനദണ്ഡമാക്കി പൗരത്വം നൽകുന്നത് പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ല.
ഇലക്ടറൽ ബോണ്ട് വഴി കോടികൾ സമ്പാദിച്ച ബി.ജെ.പി കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുകയും ഭീമമായ സംഖ്യ പിഴ ചുമത്തുകയും ചെയ്ത ജനാധിപത്യവിരുദ്ധ നിലപാട് അംഗീകരിക്കാൻ കഴിയില്ല. കേരളത്തിൽ ബി.ജെ.പിയും സി.പി.എമ്മും തമ്മിൽ അവിശുദ്ധ ബന്ധം സ്ഥാപിച്ചിട്ടുണ്ട്. പല കേസുകളിലും കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന നിലപാട് അവർ തമ്മിലുള്ള നീക്കുപോക്കിന്റെ ഉദാഹരണങ്ങളാണ്. കോൺഗ്രസിനെ ദുർബലപ്പെടുത്തി കേരളത്തിൽ തുടർച്ചയായി ഭരണം കരസ്ഥമാക്കാനുള്ള ദുഷിച്ച രാഷ്ട്രീയമാണ് സി.പി.എം കളിക്കുന്നത്. ഈ അവസരവാദ നിലപാടിനെതിരെ കേരളീയ സമൂഹം വിധിയെഴുതുമെന്നും കൺവെൻഷനിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ഓർഗനൈസിങ് സെക്രട്ടറി സത്താർ താമരത്ത് മുഖ്യപ്രഭാഷണം നിർവഹിച്ചു.
കാമ്പയിൻ പ്രവർത്തനങ്ങൾക്കുള്ള കർമപദ്ധതികൾക്കും യോഗം അംഗീകാരം നൽകി. റിയാദിലെ വിവിധ ഏരിയകളിൽ കൺവെൻഷനുകൾ, ജില്ല യു.ഡി.എഫ് കോഓഡിനേഷൻ കമ്മിറ്റികളുടെ നേതൃത്വത്തിൽ ജില്ല കൺവെൻഷനുകൾ, പാർലമെൻറ് മണ്ഡലം യോഗങ്ങൾ, ലേബർ ക്യാമ്പുകൾ കേന്ദ്രീകരിച്ച് വിവിധ ഭാഷകളിൽ തയാറാക്കിയ ലഘുലേഖകളുടെ വിതരണം, സോഷ്യൽ മീഡിയ പ്രചാരണം, പ്രവാസികളുടെ താമസസ്ഥല സന്ദർശനം എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. പദ്ധതിരേഖ യു.ഡി.എഫ് കോഓഡിനേഷൻ കമ്മിറ്റി കൺവീനർ സുരേഷ് ശങ്കർ അവതരിപ്പിച്ചു.
കേരളത്തിലെ ഇരുപത് യു.ഡി.എഫ് സ്ഥാനാർഥികളുടെയും വോട്ടഭ്യർഥിച്ചുള്ള വിഡിയോ സന്ദേശം വേദിയിൽ പ്രദർശിപ്പിച്ചു. സ്ഥാനാർഥികളുടെ പോസ്റ്റർ ഉയർത്തി മുദ്രാവാക്യം വിളിച്ചതും പ്രവർത്തകർക്ക് ആവേശം നൽകി. വൈസ് ചെയർമാൻ ഫൈസൽ ബാഹസൻ ആമുഖ പ്രഭാഷണം നിർവഹിച്ചു. കുഞ്ഞികുമ്പള, കെ.കെ കോയാമു ഹാജി, സലീം കളക്കര, ഉസ്മാൻ അലി പാലത്തിങ്ങൽ, റഷീദ് കൊളത്തറ, മുജീബ് ഉപ്പട, അസ്കർ കണ്ണൂർ, ഷാജി സോന, അബ്ദുറഹ്മാൻ ഫാറൂഖ്, അഡ്വ. അനീർ ബാബു എന്നിവർ സംസാരിച്ചു. കോഓഡിനേഷൻ കമ്മിറ്റി ജനറൽ കൺവീനർ ഷുഹൈബ് പനങ്ങാങ്ങര സ്വാഗതവും കെ.കെ. തോമസ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.