യു.എഫ്.സി ഗാലപ്പ് ചാമ്പ്യൻസ് കപ്പ്: കലാശപ്പോരാട്ടം ഇന്ന്
text_fieldsദമ്മാം: അൽ ഖോബാർ യുനൈറ്റഡ് എഫ്.സി സംഘടിപ്പിച്ച് വരുന്ന ഗാലപ്പ് ചാമ്പ്യൻസ് കപ്പിന്റെ കലാശപ്പോരാട്ടം തുഖ്ബ ക്ലബ് സ്റ്റേഡിയത്തിൽ വെള്ളിയാഴ്ച്ച വൈകിട്ട് ഏഴിന് നടക്കും. കരുത്തരായ ബദർ എഫ്.സിയും ദല്ല എഫ്.സിയുമാണ് ഫൈനലിൽ മാറ്റുരക്കുന്നത്. നാട്ടിൽ നിന്നടക്കമുള്ള സംസ്ഥാന ദേശീയ താരങ്ങൾ ഇരു ടീമുകൾക്ക് വേണ്ടിയും ജഴ്സിയണിയും. സൗദി കിഴക്കൻ പ്രവിശ്യയിലെ ഫുട്ബാൾ ആരാധകർക്ക് വീറും വാശിയും സമ്മാനിക്കുന്ന മത്സരമായി കലാശപ്പോരാട്ടം മാറും.
കഴിഞ്ഞ ദിവസങ്ങളിൽ കളി കാണാൻ നിരവധി പ്രവാസി കുടുംബങ്ങളാണ് സ്റ്റേഡിയത്തിലെത്തിയത്. കോർണിഷ് സോക്കറിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് കരുത്തരായ ദമ്മാം ബദർ ഫുട്ബാൾ ക്ലബ് ഫൈനൽ പ്രവേശം നേടിയത്. മത്സരത്തിലെ മികച്ച കളിക്കാരനായി ബദറിന്റെ നിയാസ് അർഹനായി. രണ്ടാം സെമിയിൽ കരുത്തരായ ഇ.എം.എഫ് റാക്കയും ദല്ല എഫ്.സിയും കടുത്ത പോരാട്ടം നടത്തിയെങ്കിലും ഇരു ടീമുകൾക്കും ഗോളുകൾ നേടാൻ സാധിച്ചില്ല. തുടർന്ന് നടന്ന ടൈബ്രേക്കറിലാണ് ദല്ല എഫ്.സി വിജയിച്ച് ഫൈനൽ പ്രവേശം നേടിയത്. മത്സരത്തിലെ മികച്ച കളിക്കാരനായി ദല്ലയുടെ അനസിനെ തെരഞ്ഞെടുത്തു. മികച്ച കളിക്കാർക്കുള്ള പുരസ്കാരങ്ങൾ സുബൈർ ഉദിനൂർ, മുജീബ് കൊളത്തൂർ, നൂർ റോയൽ ട്രാവൽസ്, ഫവാസ് കലിക്കറ്റ്, മുഹമ്മദ് ജാഫർ, മുഹമ്മദ് നിഷാദ് എന്നിവർ സമ്മാനിച്ചു.
വിടവാങ്ങിയ മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്, പ്രശസ്ത കഥാകൃത്ത് എം.ടി. വാസുദേവൻ നായർ എന്നിവരുടെ വിയോഗത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചു. അതിഥികളും കളിക്കാരും സംഘാടകരും മൈതാന മധ്യത്തിൽ ഒത്തുചേർന്നാണ് ആദരാഞ്ലികൾ നേർന്നത്. മുഹമ്മദ് ഷിബിൻ, ഷംസീർ എടത്തനാട്ടുകര, ഫിറോസ് വാണിയമ്പലം, ലെഷിൻ മണ്ണാർക്കാട് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.