ചരിത്രശേഷിപ്പുകളാൽ സമ്പന്നമായി നജ്റാനിലെ ഉഖ്ദൂദ് പ്രദേശം
text_fieldsയാംബു: നജ്റാൻ നഗരത്തിൽനിന്ന് ആറു കിലോമീറ്റർ തെക്കു പടിഞ്ഞാറ് ഭാഗത്തായി ചരിത്രത്തിൽ രേഖപ്പെടുത്തിയ ഒരു പ്രാചീന നഗരമുണ്ട്, അൽഉഖ്ദൂദ്. അഞ്ച് കിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന മേഖലയിൽ പ്രാചീനമായ ഒരു കോട്ടയും അതിന് ചുറ്റുമുണ്ടായിരുന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളും ചരിത്രത്തിന്റെ ശേഷിപ്പുകളായി ഇവിടെയുണ്ട്. കോട്ടക്ക് രണ്ട് പ്രധാന കവാടങ്ങളാണുള്ളത്. ഇടനാഴിയിലൂടെ കോട്ടക്കകത്ത് പ്രവേശിക്കുമ്പോൾ ഇരുവശത്തും പഴമയുടെ പെരുമ വിളിച്ചോതുന്ന പൗരാണിക ശേഷിപ്പുകളുടെ തനത് രൂപങ്ങൾ കാണാം. പുരാതന നാഗരികതയുടെ രേഖാചിത്രങ്ങളും ശിലകളിൽ കൊത്തിവെച്ച കലാദൃശ്യങ്ങളും പഴമക്കാർ ദൈനംദിന ജീവിതത്തിൽ ഉപയോഗിച്ചിരുന്ന ജീവിതസൗകര്യങ്ങളുടെ നേർചിത്രങ്ങളും കാലത്തെ അതിജയിച്ച് ഇവിടെ നിലനിൽക്കുന്നു. 20ാം നൂറ്റാണ്ടിന്റെ അവസാനത്തിൽ പ്രദേശത്ത് നടത്തിയ ഉത്ഖനനത്തിൽ 1417ൽ ഉണ്ടായിരുന്നതെന്ന് കരുതുന്ന മാർക്കറ്റും പള്ളിയും കണ്ടെത്തിയിരുന്നു. പിന്നീട് ഏഴു തവണ ഈ മേഖലയിൽ നടത്തിയ ഉത്ഖനനത്തിൽ ചരിത്രത്തിൽ രേഖപ്പെടുത്തിയ പലതും കണ്ടെത്തുകയായിരുന്നു. ഇവിടെനിന്ന് കണ്ടെത്തിയ പുരാവസ്തുക്കളിലും ശ്മശാനങ്ങളിലുംപെട്ട പലതും ക്രിസ്തുവർഷത്തിനുമുമ്പും ചിലത് ഇസ്ലാമിക കാലഘട്ടത്തിലുള്ളതും ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഉത്ഖനനത്തിൽ പൗരാണിക ലിഖിതങ്ങളും മൃഗങ്ങളുടെയും മനുഷ്യരുടെയും ചിത്രങ്ങളും അവരുടെ പേരുകളും കൊത്തിവെച്ചതായി കണ്ടെത്തിയിട്ടുണ്ട്. പുരാവസ്തു മേഖലയുടെ വടക്കുകിഴക്കൻ ഭാഗത്ത് ധാന്യങ്ങൾ പൊടിക്കാൻ ഉപയോഗിച്ചിരുന്ന ഗ്രാനൈറ്റ് കല്ലിൽ തീർത്ത ഒരു നിർമിതി സന്ദർശകരെ ഏറെ ആകർഷിക്കുന്നു. ശിലായുഗത്തിലെ ആളുകൾ ഉപയോഗിച്ചതായി കരുതുന്ന മൺപാത്രങ്ങൾ, ഗ്ലാസുകൾ, സ്വർണം, വെള്ളി, ചെമ്പ് എന്നിവ കൊണ്ടുണ്ടാക്കിയ ആഭരണങ്ങൾ എന്നിവയും ലഭിച്ചിരുന്നതായി പുരാവസ്തുവിഭാഗത്തെ ഉദ്ധരിച്ച് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
നജ്റാൻ പ്രദേശത്തെ ഈ ഭാഗം ചരിത്രം കുടികൊള്ളുന്ന പൗരാണിക സംസ്കാരത്തിന്റെ നേർചിത്രമാണ് ചരിത്രാന്വേഷകർക്ക് പകർന്നു നൽകുന്നതെന്നും നാഗരികതയുടെ തന്മയത്തോടെയുള്ള ശേഷിപ്പുകളാണ് ഇവിടെയുള്ളതെന്നും നജ്റാൻ സർവകലാശാലയിലെ ഇസ്ലാമിക ചരിത്രവിഭാഗം അസോസിയേറ്റ് പ്രഫസർ അവാദ് ബിൻ അബ്ദുല്ല അൽനഹി പറഞ്ഞു. പ്രവാചകൻ മുഹമ്മദിന്റെ ആഗമനത്തിനു ഏകദേശം 200 വർഷം മുമ്പ് യൂസുഫ് ദൂനുവാസ് എന്നൊരു ജൂതരാജാവിന്റെ ഭരണകേന്ദ്രമായിരുന്നു ഉഖ്ദൂദ് നഗരം. പ്രവാചകനായ ഈസയുടെ യഥാർഥ അധ്യാപനങ്ങളിൽ വിശ്വസിച്ചിരുന്ന നിരവധി വിശ്വാസികൾ ഈ പ്രദേശത്ത് ജീവിച്ചിരുന്നു. യഹൂദ മതവിശ്വാസിയായ ദൂ നുവാസ് രാജാവ് നിലവിലുള്ള തങ്ങളുടെ വിശ്വാസം വെടിയാനും ജൂതമതം സ്വീകരിക്കാനും നിർബന്ധിക്കുകയും അല്ലാത്തപക്ഷം വധിച്ചുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തികഞ്ഞ ഏകദൈവ വിശ്വാസികളായ അവർ ജൂതമതം സ്വീകരിക്കാൻ തയാറായില്ല.
ഇക്കാരണത്താൽ രാജാവ് തന്റെ കോട്ടക്ക് സമീപം അഗ്നിയുടെ വലിയ കിടങ്ങുകൾ ഉണ്ടാക്കി വിശ്വാസികളെ മുഴുവൻ ചുട്ടെരിച്ചതായി ചരിത്രം രേഖപ്പെടുത്തുന്നു. ക്രൂരനായ ദൂ നുവാസ് രാജാവ് 20,000ത്തോളം വിശ്വാസികളെ അഗ്നിയുടെ കിടങ്ങുകളിൽ ഇങ്ങനെ കൊലചെയ്തുവെന്നും രാജാവും കിങ്കരന്മാരും അതുകണ്ട് ആർത്തുചിരിച്ചുവെന്നുമൊക്കെ അറബ് ചരിത്രഗ്രന്ഥങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.
അൽഉഖ്ദൂദ് സന്ദർശിക്കുന്നവർക്ക് കണ്ണ് നനയിക്കുന്ന ദുഃഖകരമായ സംഭവം നടന്ന ചരിത്രം മനസ്സിലേക്ക് ഓടിയെത്തും. ഖുർആനിൽ ഈ സംഭവം പരാമർശിക്കുന്നുണ്ട്. സൗദി ആർക്കിയോളജിക്കൽ വകുപ്പിന്റെ കീഴിലുള്ള ഈ പ്രദേശം സന്ദർശിക്കാൻ വിവിധ പ്രദേശങ്ങളിൽനിന്ന് സന്ദർശകർ എത്തുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.