യുക്രെയ്ൻ-റഷ്യൻ സംഘർഷം; പരിഹാരശ്രമങ്ങൾക്ക് പൂർണ പിന്തുണയെന്ന് സൗദി കിരീടാവകാശി
text_fieldsറിയാദ്: യുക്രെയ്ൻ-റഷ്യൻ സംഘർഷം പരിഹരിക്കുന്നതിനും സമാധാനം പുനഃസ്ഥാപിക്കുന്നതിനും ലക്ഷ്യമിട്ടുള്ള എല്ലാ അന്താരാഷ്ട്ര ശ്രമങ്ങൾക്കും സൗദി അറേബ്യയുടെ പിന്തുണയുണ്ടാകുമെന്ന് കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു. പ്രതിസന്ധിയുടെ ഫലമായ മാനുഷികാഘാതങ്ങൾ ലഘൂകരിക്കുന്നതിന് ശ്രമങ്ങൾ തുടരുമെന്നും കിരീടാവകാശി സൂചിപ്പിച്ചു.
ചൊവ്വാഴ്ച വൈകീട്ട് റിയാദിലെത്തിയ യുക്രെയ്ൻ പ്രസിഡൻറ് വൊളാദിമിർ സെലൻസ്കിയുമായി കൂടിക്കാഴ്ച നടത്തിയപ്പോഴാണ് കിരീടാവകാശി ഇക്കാര്യം വ്യക്തമാക്കിയത്.
പ്രതിസന്ധി പരിഹരിക്കുന്നതിലെ സൗദി അറേബ്യയുടെ താൽപര്യവും പിന്തുണയും കിരീടാവകാശി ഊന്നിപ്പറഞ്ഞു. യുക്രെയ്ൻ-റഷ്യൻ പ്രതിസന്ധിയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ ഇരുവരും ചർച്ച ചെയ്തു. ഉഭയകക്ഷി ബന്ധത്തിന്റെ വിവിധ വശങ്ങൾ അവലോകനം ചെയ്തു.
യുക്രെയ്ൻ-റഷ്യൻ പ്രതിസന്ധി പരിഹരിക്കുന്നതിന് സൗദി അറേബ്യ നടത്തിയ ശ്രമങ്ങൾക്ക് യുക്രെയ്ൻ പ്രസിഡൻറ് നന്ദി പ്രകടിപ്പിച്ചു.
ചർച്ചയിൽ സമാധാനത്തിന്റെ സൂത്രവാക്യം വിശദീകരിച്ചതായും സെലൻസ്കി ‘എക്സ്’ അക്കൗണ്ടിൽ കുറിച്ചു. ആസന്നമായ ആദ്യ സമാധാന ഉച്ചകോടിയിൽ സൗദി അറേബ്യയുടെ പിന്തുണയുണ്ടാവുമെന്ന് യുക്രെയ്ൻ പ്രതീക്ഷിക്കുന്നു. യുദ്ധത്തടവുകാരെ തിരിച്ചയക്കുന്നതിനുള്ള രേഖകൾ, ഇരു രാജ്യങ്ങളും തമ്മിലെ സാമ്പത്തിക സഹകരണം, യുക്രെയ്നിന്റെ പുനർനിർമാണത്തിൽ സൗദി അറേബ്യയുടെ പങ്കാളിത്തം എന്നിവയും ചർച്ച ചെയ്തതായി സെലൻസ്കി പറഞ്ഞു.
ചൊവ്വാഴ്ചയാണ് സെലെൻസ്കിയും സംഘവും സൗദിയിലെത്തിയത്. യുക്രെയ്ൻ-റഷ്യൻ പ്രതിസന്ധി പരിഹരിക്കുന്നതിന് അമീർ മുഹമ്മദ് ബിൻ സൽമാൻ നടത്തുന്ന ശ്രമങ്ങളുടെ തുടർച്ചയാണ് കിരീടാവകാശി സെലൻസ്കിക്ക് നൽകിയ ഊഷ്മള സ്വീകരണം.
പ്രതിസന്ധിയുടെ ആദ്യ നാളുകൾ മുതൽ റഷ്യൻ, യുക്രെയ്ൻ നേതൃത്വങ്ങളുമായി നിരന്തരം ബന്ധപ്പെട്ട് കിരീടാവകാശി സമാധാനപരമായ പ്രശ്നപരിഹാരത്തിന് ശ്രമിച്ചിരുന്നു. ശാശ്വതസമാധാനത്തിലേക്ക് നയിക്കുന്ന രാഷ്ട്രീയ പരിഹാരത്തിൽ എത്തുന്നതിന് പരമാവധി പിന്തുണ നൽകാൻ സൗദി സന്നദ്ധമാണെന്ന് അറിയിക്കുകയും ചെയ്തിരുന്നു.
യുക്രെയ്ൻ പ്രതിസന്ധിയുടെ മാനുഷികവും സുരക്ഷാപരവുമായ പ്രത്യാഘാതങ്ങൾ ലഘൂകരിക്കാനുള്ള ശ്രമത്തിന് കിരീടാവകാശി വലിയ പ്രാധാന്യം നൽകുകയും ചെയ്തിരുന്നു. യുക്രെയ്നിലും റഷ്യയിലും തടവിലുണ്ടായിരുന്ന വിവിധ രാജ്യക്കാരായ 10 പേരെ സൗദി മധ്യസ്ഥതയിൽ മോചിപ്പിക്കാൻ കഴിഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.