യുക്രെയ്ൻ യുദ്ധം: സൗദി നേതൃത്വത്തിൽ 40ഓളം രാജ്യങ്ങളെ പങ്കെടുപ്പിച്ച് ചർച്ച; പ്രതീക്ഷയോടെ ലോകം
text_fieldsറിയാദ്: റഷ്യ-യുക്രെയ്ൻ യുദ്ധത്തെ തുടർന്ന് നിലനിൽക്കുന്ന പ്രതിസന്ധി പരിഹരിക്കാൻ സൗദി അറേബ്യയുടെ നേതൃത്വത്തിൽ ശനിയാഴ്ച ആരംഭിച്ച ചർച്ചകളിൽ പ്രതീക്ഷയർപ്പിച്ച് ലോകം. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാന്റെ മുൻകൈയിൽ 40ഓളം രാജ്യങ്ങളുടെ സുരക്ഷ ഉപദേഷ്ടാക്കളെയും ഉന്നത ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ച് ജിദ്ദയിലാണ് ചർച്ച നടക്കുന്നത്. റഷ്യ നേരിട്ട് ചർച്ചയിൽ പങ്കെടുക്കുന്നില്ലെങ്കിലും മോസ്കോയുമായി അടുത്ത ബന്ധം നിലനിർത്തുന്ന രാജ്യങ്ങളെ ചർച്ചയിൽ കൊണ്ടുവരാനുള്ള നീക്കത്തിലായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ യുക്രെയ്ൻ നേതൃത്വം.
ഞങ്ങൾ മുന്നോട്ടുവെച്ച സമാധാന പദ്ധതിയുടെ അടിസ്ഥാനത്തിലുള്ള സംഭാഷണം അത്ര എളുപ്പമല്ല എന്നറിയാം. എന്നാലും ഞങ്ങൾക്ക് പ്രതീക്ഷയുണ്ട്. കാരണം സത്യം ഞങ്ങൾക്കൊപ്പമുണ്ട്. ഞങ്ങൾ നന്മയിൽ വിശ്വസിക്കുകയും ചെയ്യുന്നു -യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കിയുടെ ഓഫിസ് മേധാവിയും ചർച്ചകളുടെ പ്രധാന ദൂതനുമായ ആൻ ആൻഡ്രി യെർമാക് വെള്ളിയാഴ്ച വൈകീട്ട് ടെലിവിഷൻ അഭിമുഖത്തിൽ പറഞ്ഞു.
പങ്കെടുക്കുന്നില്ലെങ്കിലും ചർച്ചയെ തങ്ങൾ ‘ശ്രദ്ധിക്കുകയാണെ’ന്ന് റഷ്യ വ്യക്തമാക്കി. റഷ്യയുമായി അടുത്ത ബന്ധം പുലർത്തുന്ന ചൈന ചർച്ചകൾക്കായി തങ്ങളുടെ പ്രതിനിധിയെ അയക്കുമെന്ന് വ്യക്തമാക്കിയിരുന്നു. നിരവധി അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും സംഭാഷണങ്ങൾക്കും പങ്കുവെക്കലിനും പ്രാധാന്യമുണ്ടെന്ന് തങ്ങൾ വിശ്വസിക്കുന്നതായി ചൈനീസ് നയതന്ത്ര ഉദ്യോഗസ്ഥൻ ലീ ഹ്യൂയീ പറഞ്ഞു. അതേസമയം, യുക്രെയ്നും റഷ്യയും തമ്മിൽ നേരിട്ടുള്ള സമാധാന ചർച്ചകൾക്ക് ഇപ്പോൾ സാധ്യതയില്ലെന്ന് ഇരുഭാഗത്തെയും ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
എന്നാൽ, പരസ്യമായി നിഷ്പക്ഷത പുലർത്തുന്ന ഇന്ത്യ, ബ്രസീൽ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളുടെ നയതന്ത്ര പിന്തുണ നേടിയെടുക്കുന്നതിൽ കിയവ് വിജയിച്ചിട്ടുണ്ടെന്നാണ് പൊതു വിലയിരുത്തൽ. സെലൻസ്കിയുടെ 10 ഇന സമാധാന ഫോർമുല ക്രെംലിൻ നിരസിച്ചിട്ടുണ്ടെങ്കിലും സൗദി കിരീടാവകാശിയുടെ മുൻകൈയിൽ നടക്കുന്ന ആഗോളതല ചർച്ച ഒത്തുതീർപ്പിലേക്ക് വഴിതുറക്കുമെന്ന പ്രതീക്ഷയിലാണ് സെലൻസ്കിയെന്ന് അദ്ദേഹത്തിന്റെ വാക്കുകൾ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.