ആശങ്കാ മുനമ്പിൽ സൗദിയിലെ യുക്രെയ്ൻ സ്വദേശികൾ
text_fieldsജുബൈൽ: സൗദി അറേബ്യയിലുള്ള യുക്രെയ്ൻ സ്വദേശികൾ അവരുടെ കുടുംബങ്ങളുടെയും സുഹൃത്തുക്കളുടെയും സുരക്ഷയെക്കുറിച്ച് ഓർത്ത് ആശങ്കാകുലരാണ്. യുക്രെയ്നിൽ കഴിയുന്ന പ്രിയപ്പെട്ടവരിൽനിന്ന് ഭയപ്പാടെയുള്ള കാളുകൾ ലഭിക്കുമ്പോൾ അവരുടെ ഉത്കണ്ഠ വർധിക്കുകയാണ്. യുദ്ധം എത്രയും വേഗം അവസാനിച്ചെങ്കിലെന്ന പ്രാർഥനയിലാണിവർ.
അതേസമയം ഈ യുദ്ധത്തിൽ തങ്ങൾ വിജയിക്കുമെന്നും പലരും ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. റഷ്യ-യുക്രെയ്ൻ പ്രതിസന്ധി എല്ലാം നശിപ്പിക്കുകയും ജനങ്ങളുടെ പലായനം സൃഷ്ടിക്കുകയും ചെയ്തതായി ജിദ്ദയിലുള്ള 23കാരിയായ യുക്രെയ്ൻ സ്വദേശി കാറ്റെറിന തകചെങ്കോ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. സ്ഫോടന ശബ്ദങ്ങളും വ്യോമാക്രമണ സൈറണുകളും രാജ്യത്ത് എങ്ങും മുഴങ്ങുന്നു. എല്ലാ സമയത്തും മിസൈലുകളും സൈറണുകളും സ്ഫോടനങ്ങളും മാത്രമാണ് കേൾകുന്നതെന്നാണ് നാട്ടിൽനിന്ന് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നതെന്നും അവർ പറഞ്ഞു.
സ്വന്തം വീടുകളിൽതന്നെ തുടരാൻ തീരുമാനിച്ച കുടുംബാംഗങ്ങളും സുഹൃത്തുക്കളും എന്തു സാഹചര്യം വന്നാലും നേരിടാനും സുരക്ഷതേടാനും പുതപ്പുകളും മെത്തകളുംകൊണ്ട് കരുതലൊരുക്കിയും സ്ഫോടനം ഉണ്ടായാൽ ഗ്ലാസ് തകരാതിരിക്കാൻ ജനാലകളിൽ സെല്ലോ ടേപ്പ് ഒട്ടിക്കുകയും ചെയ്തിരിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു. തന്റെ പ്രിയപ്പെട്ടയാൾ ഇപ്പോൾ തലസ്ഥാനമായ കിയവിന്റെ മധ്യഭാഗത്താണെന്നും അദ്ദേഹത്തിന് അഭയകേന്ദ്രത്തിലേക്ക് പോകാൻ കഴിഞ്ഞില്ലെന്നും തകചെങ്കോ പറഞ്ഞു. നാട്ടിൽ തിരിച്ചെത്തിയ തന്റെ കുടുംബത്തെപ്പറ്റിയുള്ള ആശങ്കക്കൊപ്പം യുദ്ധം രാജ്യത്തെ പൂർണമായും നശിപ്പിക്കുമെന്ന് ഭയപ്പെടുന്നുണ്ടെങ്കിലും രാജ്യത്തിന്റെ ശക്തിയിൽ വിശ്വാസമുണ്ടെന്നും ഉടൻ അധിനിവേശത്തിൽനിന്ന് സ്വതന്ത്രമാകും എന്നുതന്നെയാണ് പ്രതീക്ഷയെന്ന് റിയാദിൽ ജോലി ചെയ്യുന്ന ബ്ലോക്ഹാം വ്യക്തമാക്കി. റഷ്യൻ അതിർത്തിക്കടുത്തുള്ള ഖാർകീവിലാണ് ബ്ലോക്ഹാമിന്റെ വീട്. ഈ നിർണായക സമയത്ത് വീട്ടിൽനിന്ന് മാറിനിൽക്കുന്നതു തന്നെ സംബന്ധച്ച് ഏറെ ദുഷ്കരമാണ്.
തങ്ങൾ തോറ്റിട്ടില്ല, തങ്ങൾ പോരാളികളാണ്, ധീരന്മാരാണ് എന്നും അദ്ദേഹം പറഞ്ഞു. യുദ്ധം പൊട്ടിപ്പുറപ്പെടുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ലെന്ന് ജിദ്ദയിൽ താമസിക്കുന്ന അലിയോണ മാലിനോവ്സ്കയ പറഞ്ഞു.
മൂന്നു വർഷം മുമ്പാണ് യുക്രെയ്നിൽനിന്ന് സൗദിയിൽ എത്തിയത്. കുടുംബവും സുഹൃത്തുക്കളും എല്ലാം അവിടെയാണ്. യുദ്ധം രൂക്ഷമായതിനാൽ അവർ സുഖമായിരിക്കുന്നെന്ന് ഉറപ്പാക്കാൻ എല്ലാ ദിവസവും മൂന്നു മണിക്കൂർ കൂടുമ്പോൾ കുടുംബവുമായി ആശയവിനിമയം നടത്തുകയാണെന്നും അലിയോണ മാലിനോവ്സ്കയ പറഞ്ഞു. ഇതുവരെ അവരെല്ലാം സുരക്ഷിതരാണ്. ഈ വിനാശകരമായ സാഹചര്യത്തെ അതിജീവിക്കാൻ ശ്രമിക്കുകയാണ്. ഉടൻതന്നെ ഈ വിഷമകരമായ അവസ്ഥയെ അതിജീവിക്കുമെന്നും അവർ പ്രത്യാശ പ്രകടിപ്പിച്ചു. തനിക്കും കുടുംബാംഗങ്ങൾക്കും ഒരു യുദ്ധം സംഭവിക്കുന്നത് വിശ്വസിക്കാൻ കഴിയുന്നില്ലെന്നും പൂർണമായും ശക്തിയില്ലാത്തതായി അനുഭവപ്പെടുന്നുണ്ടെന്നും ജിദ്ദയിലെ ബ്യൂട്ടി സലൂണിൽ ജോലി ചെയ്യുന്ന 28കാരിയായ ഒലീന സോളോഡോവ്നിക് പറഞ്ഞു. 22 വർഷമായി സൗദിയിലുള്ള ഐറിന ബ്ലോക്ഷാം അനുനിമിഷമുള്ള വാർത്തകൾ നിരീക്ഷിക്കുകയാണ്. തങ്ങളുടെ കുടുംബങ്ങൾക്ക്, യുക്രെയ്നിന് മൊത്തം എന്തു സംഭവിക്കും എന്നതിനെക്കുറിച്ച് വളരെ ആശങ്കാകുലരാണെന്നും എന്നാൽ, തന്റെ രാജ്യത്തിനായി തനിക്ക് ഒന്നും ചെയ്യാൻകഴിയുന്നില്ലല്ലോ എന്ന വേദനയിലാണെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.