ലോകത്തിലെ ഏറ്റവും മികച്ച ബീച്ചുകളുടെ പട്ടികയിൽ ഉംലജ് ബീച്ചും
text_fieldsയാംബു: ഈ വർഷത്തെ ഗോൾഡൻ ബീച്ച് അവാർഡിൽ ലോകത്തിലെ ഏറ്റവും മികച്ച 100 ബീച്ചുകളുടെ പട്ടികയിൽ ഇടംനേടി സൗദിയിലെ ഉംലജ് ബീച്ച്. 41ാം സ്ഥാനമാണ് ഉംലജ് കരസ്ഥമാക്കിയത്. 104 ദ്വീപുകളുള്ള ദ്വീപ് സമൂഹമാണ് ഉംലജ്. തബൂക്ക് പ്രവിശ്യയുടെ വടക്കുപടിഞ്ഞാറൻ മേഖലയിൽ ചെങ്കടൽ തീരത്താണ് ഉംലജ് സ്ഥിതി ചെയ്യുന്നത്.
സൗദിയിലെ പ്രധാനപ്പെട്ട മനോഹരമായ ഉല്ലാസകേന്ദ്രങ്ങളിലൊന്നാണ് ഈ ബീച്ച്. സൗദിയിലെ ‘മാലി ദ്വീപ്’ എന്ന് സഞ്ചാരികൾ വിശേഷിപ്പിക്കുന്ന, വൃത്തിയും പ്രകൃതിഭംഗിയും ഒത്തുചേർന്ന ബീച്ച് സഞ്ചാരികളെ ഏറെ ആകർഷിക്കുന്നു. വെളുത്ത മണൽ പ്രദേശം, തെളിഞ്ഞ നീലിമയാർന്ന ജലം, അപൂർവയിനം സമുദ്രജീവികളും പവിഴപ്പുറ്റുകളും തുടങ്ങിയവ സന്ദർശകരെ ആവോളം ആകർഷിക്കുന്ന ഘടകങ്ങളാണ്. ഉംലജ് നഗരത്തിന്റെ പരമ്പരാഗത കരകൗശല വസ്തുക്കളുടെ മനോഹരമായ പ്രകടനങ്ങൾ ആണ് ഇവിടത്തെ നഗരിയുടെ രൂപഭംഗിക്ക് മനോഹാരിത നൽകിയിരിക്കുന്നത്.
ഉംലജ് കടലോരങ്ങളിലെ വിവിധ ബീച്ചുകളിലെങ്ങും സഞ്ചാരികൾക്ക് വിശ്രമിക്കാനുള്ള കൂടാരങ്ങളും നടക്കാനുള്ള പാതകളും ക്യാമ്പിങ് നടത്താനുള്ള ഇടങ്ങളും കുട്ടികൾക്ക് ഉല്ലസിക്കാനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. വിശാലമായ കടൽ തീരത്ത് വാഹനങ്ങൾ പാർക്ക് ചെയ്യാനും ധാരാളം ഇടങ്ങളുണ്ട്. സൗദി അറേബ്യയിൽ പ്രഭാത പ്രശാന്തതയുടെ തീരം എന്ന വിശേഷണം കൊടുക്കാവുന്ന ബീച്ച് കൂടിയാണിത്. ഉംലജ് ഉൾപ്പെടുന്ന പടിഞ്ഞാറൻ ചെങ്കടൽ തീരത്ത് പുരോഗമിക്കുന്ന വികസന പദ്ധതികൾ പൂർത്തിയാവുന്നതോടെ ലോകത്ത് ഏറ്റവും സമഗ്രമായ കടലോര, പൈതൃക പദ്ധതിയാകുമിതെന്നാണ് കണക്കാക്കപ്പെടുന്നത്. ചെങ്കടൽ പദ്ധതിയുടെ ആദ്യ ഘട്ടം പൂർത്തിയായതോടെ വിദേശ സഞ്ചാരികളുടെ വരവ് തുടങ്ങിയിട്ടുണ്ട്. ഇപ്പോൾ തന്നെ രാജ്യത്തിന്റെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ പട്ടികയിൽ ഉംലജ് ബീച്ച് ഇടം പിടിച്ചിട്ടുണ്ട്. ഉംലജിന്റെ വിനോദസഞ്ചാര പ്രൗഢി കൊണ്ടാവാം അവധിക്കാലം ചെലവഴിക്കാൻ സ്വദേശികളും വിദേശികളുമടക്കം ധാരാളം പേർ കുടുംബവുമായി സായാഹ്നങ്ങളിൽ എത്തുന്നത്. തീരത്തെ മൃദുലവും വെണ്മയാർന്നതുമായ മണൽപ്പരപ്പും കല്ലുകൾ പാകിയ നടപ്പാതകളും ഏറെ ആകർഷണീയമാണ്.
സ്കൂബ ഡൈവിങ്ങിന് അനുയോജ്യമായ ബീച്ചിൽ പ്രത്യേക സംവിധാനങ്ങൾ അതിനായി ഒരുക്കിയിട്ടുണ്ട്. ഉംലജിലെ ഫിഷിങ് ഹാർബറുകളിൽ സജീവമായി നടക്കുന്ന മത്സ്യബന്ധനവും സന്ദർശകരെ ഹഠാദാകർഷിക്കുന്നു. കടലിലെ ആഴം കുറഞ്ഞ ചിലയിടങ്ങളിൽ സുരക്ഷിതമായ നീന്തലിനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
ഉംലജിൽ വർഷം മുഴുവൻ മിതമായ കാലാവസ്ഥയായതാണ് സഞ്ചാരികളെ ഇങ്ങോട്ട് ആകർഷിക്കുന്ന മുഖ്യ ഘടകം. ശീതകാലത്ത് ഇവിടത്തെ താപനില 20 ഡിഗ്രി സെൽഷ്യസ് മുതൽ 24 ഡിഗ്രി സെൽഷ്യസ് വരെയാണ്. ലോകത്തിലെ ഏറ്റവും മികച്ച ബീച്ചുകളുടെ പട്ടികയിൽ ഇടംപിടിച്ചതോടെ സന്ദർശകരുടെ ഒഴുക്ക് ഇനിയും വർധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.