സ്വകാര്യ ഉംറ ഗ്രൂപ്പിൽ വന്ന മലപ്പുറം സ്വദേശിനി മദീനയിൽ നിര്യാതയായി
text_fieldsമദീന: സ്വകാര്യ ഗ്രൂപ്പിൽ ഉംറ നിർവഹിക്കാനെത്തിയ മലപ്പുറം സ്വദേശിനി മദീനയിൽ നിര്യാതയായി. പള്ളിക്കൽ ബസാർ പരുത്തിക്കോട് സ്വദേശിനി അമ്പലങ്ങാടൻ വീട്ടിൽ നസീറ (36) ആണ് മരിച്ചത്. ഉംറ നിർവഹിച്ച ശേഷം മദീന സന്ദർശന വേളയിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഇവരെ കൂടെയുണ്ടായിരുന്ന ഭർത്താവ് മനക്കടവൻ ചോയക്കാട് വീട്ടിൽ അഷ്‌റഫും സുഹൃത്തുക്കളും മദീനയിലെ കിങ് ഫഹദ് ആശുപത്രിയിൽ എത്തിച്ചിരുന്നു.
ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവെ ബുധനാഴ്ച വൈകീട്ടോടെ മരിക്കുകയായിരുന്നു. ദേവതിയാൽ ഹെവൻസ് സ്‌കൂൾ അധ്യാപികയായ നസീറ ഐ.ആർ.ഡബ്ല്യൂ പ്രവർത്തകയും 'ടീൻ ഇന്ത്യ' പള്ളിക്കൽ ബസാർ ഏരിയ സെക്രട്ടറിയുമാണ്.
പിതാവ്: യൂസുഫ് അമ്പലങ്ങാടൻ. മാതാവ്: ആയിഷ കുണ്ടിൽ, മക്കൾ: അമീൻ നാജിഹ്, അഹ് വാസ് നജ്‌വാൻ. സഹോദരങ്ങൾ: നൗഷാദ്, സിയാദ്, സഫ്‌വാന.
നടപടികൾ പൂർത്തിയാക്കി മൃതദേഹം മദീനയിൽ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. തനിമ സാംസ്‌കാരിക വേദി മദീന ഏരിയ പ്രസിഡന്റ് ജഅ്ഫർ എളമ്പിലാക്കോടിന്റെ നേതൃത്വത്തിൽ തനിമ പ്രവർത്തകർ നടപടികൾ പൂർത്തിയാക്കാൻ രംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.