വിദേശ തീർഥാടകരിൽ 12 വയസായ കുട്ടികൾക്കും ഉംറക്ക് അനുമതി
text_fieldsജിദ്ദ: സൗദി അറേബ്യക്ക് പുറത്ത് നിന്ന് വരുന്ന 12 വയസും അതിൽ കൂടുതലുമുള്ള തീർഥാടകർക്ക് ഉംറക്ക് അനുമതി നൽകിയതായി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. നേരത്തെ 18 വയസ് മുതലുള്ളവർക്കായിരുന്നു അനുമതി ഉണ്ടായിരുന്നത്. ഉംറ തീർത്ഥാടകർക്ക് നിലവിലുണ്ടായിരുന്ന പരമാവധി 50 വയസ്സ് എന്ന പ്രായ പരിധി ഈയിടെയായി മന്ത്രാലയം എടുത്തുകളഞ്ഞിരുന്നു. ഇനിമുതൽ 12 വയസിന് മുകളിലുള്ള എല്ലാവർക്കും വിദേശത്തു നിന്നും ഉംറ തീർത്ഥാടനത്തിനും ഇരു ഹറമുകളിലെയും നമസ്കാരങ്ങൾക്കും റൗദ സന്ദർശനത്തിനും അനുമതിയുണ്ട്. സൗദിക്കകത്തു നിന്നുള്ള ആഭ്യന്തര തീർത്ഥാടകരിൽ 12 വയസ് മുതൽ പ്രായമുള്ളവർക്ക് നേരത്തെ തന്നെ അനുമതി നൽകിയിരുന്നു.
ആഭ്യന്തര, വിദേശ തീർത്ഥാടകരെല്ലാവരും ഇഅ്തമർനാ, തവക്കൽനാ ആപ്പുകൾ വഴി അനുമതി നേടിയിരിക്കണം. 'തവക്കൽന' ആപ്പിൽ ആരോഗ്യ നില 'രോഗപ്രതിരോധശേഷി' ഉള്ളതാണെങ്കിൽ മാത്രമേ അനുമതി ലഭിക്കൂ. വിദേശത്ത് നിന്ന് വരുന്നവർ സൗദി അറേബ്യയിൽ പ്രവേശിക്കുന്നതിന് മുമ്പ് ഖുദൂം പ്ലാറ്റ്‌ഫോമിൽ വാക്‌സിൻ വിവരങ്ങൾ രജിസ്റ്റർ ചെയ്യണം, കൂടാതെ രാജ്യത്ത് എത്തിയതിന് ശേഷം തവക്കൽന, ഇഅ്തമർനാ ആപ്ലിക്കേഷനുകളിലും രജിസ്റ്റർ ചെയ്യണം.
കോവിഡ് വ്യാപനം തടയുന്നതിനുള്ള എല്ലാ മുൻകരുതൽ നടപടികളും പ്രതിരോധ പ്രോട്ടോക്കോളുകളും കൃത്യമായി പാലിക്കലും നിർബന്ധമാണ്. സാമൂഹിക അകലം പാലിക്കൽ നടപടികൾ എടുത്തുകളഞ്ഞെങ്കിലും തീർത്ഥാടകർ പള്ളിക്കകത്ത് മാസ്ക് ധരിക്കൽ നിർബന്ധമാണ്. ഇരു ഹറമുകളിലെയും മുഴുവൻ സ്ഥലവും തീർഥാടകർക്കും നമസ്കരിക്കാൻ എത്തുന്നവർക്കും ഉപയോഗിക്കാനുള്ള അനുമതി നേരത്തെ നൽകിയിട്ടുണ്ട്. അതിനിടെ ഇന്ത്യയിൽ നിന്നുള്ള ആദ്യ ഉംറ സംഘം കഴിഞ്ഞ ദിവസം വിശുദ്ധ ഭൂമിയിലെത്തി. കേരളത്തിൽ നിന്നുള്ള തീർഥാടകരാണ് വിലക്കിന് ശേഷം ആദ്യമായി മക്കയിലെത്തിയത്. മൗലവി ട്രാവൽസ് മുഖേനയുള്ള സംഘമാണ് ബാംഗ്ലൂരിൽ നിന്നും ദുബായി വഴി മക്കയിലെത്തിയത്. കോവിഡിനെത്തുടർന്നുണ്ടായ യാത്രാവിലക്ക് കാരണം ഒന്നര വർഷത്തിനു ശേഷമാണ് ഇന്ത്യയിൽ നിന്നുള്ള ഉംറ സംഘം സൗദിയിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.