ഉംറ തീർഥാടനം: മക്കയിലും മദീനയിലും ഹോട്ടലുകൾ സജ്ജം
text_fieldsജിദ്ദ: ഉംറ തീർഥാടകരെ വരവേൽക്കാൻ മക്കയിലെയും മദീനയിലേയും ഹോട്ടലുകൾ സജ്ജമായതായി സൗദി ഹജ്ജ്, ഉംറ ദേശീയ സമിതി അംഗം ഹാനി അൽ ഉമൈരി പറഞ്ഞു.
മക്കയിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള 2,60,000 ഹോട്ടൽ മുറികളുണ്ട്. മദീനയിൽ 70,000ത്തിലധികം ഹോട്ടൽ മുറികളുമുണ്ട്. ഹോട്ടലുകളും അപ്പാർട്ട്മെൻറുകളും വ്യത്യസ്ത കാറ്റഗറിയിലുള്ളതാണ്. അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്ക് വിധേയമായി ഹോട്ടലുകൾ ആവശ്യമായ ആരോഗ്യ സുരക്ഷ ഒരുക്കണം.
കോവിഡ് മാനദണ്ഡങ്ങൾ നടപ്പാക്കണമെന്നും ഹാനി അൽ ഉമൈരി പറഞ്ഞു. തീർഥാടകരെ താമസിപ്പിക്കുന്ന കേന്ദ്രങ്ങൾക്ക് കർശന വ്യവസ്ഥകൾ നിശ്ചയിച്ചിട്ടുണ്ട്. ആരോഗ്യ പ്രോട്ടോകോളുകൾ കൃത്യമായി പാലിച്ചിരിക്കണം.
തീർഥാടക സംഘങ്ങളിൽ ഒാരോ കൂട്ടരെയും സ്വീകരിക്കാനും നടപടികൾ പൂർത്തിയാക്കാനും പ്രത്യേകം പ്രത്യേകം ജീവനക്കാരെ ചുമതലപ്പെടുത്തണം.
ആരോഗ്യകാര്യ ഡയറക്ടറേറ്റ് ക്രമപ്രകാരമുള്ള നടപടികൾ പൂർത്തിയാക്കുന്നതു വരെ കോവിഡ് സംശയമുള്ളവരെ ക്വാറൻറീനിൽ താമസിപ്പിക്കാൻ 10 ശതമാനം മുറികൾ മാറ്റിവെക്കണം. ഒാരോ മുറിയിലും ആളുകളുടെ എണ്ണം രണ്ടിൽ കൂടരുത്.
സാമൂഹിക അകലം പാലിക്കാൻ കുറഞ്ഞത് ഒന്നര മീറ്ററെങ്കിലും അകലം നിശ്ചയിക്കണം. തീർഥാടകരുടെ വരവും പോക്കും രണ്ടു മാർഗങ്ങളിലൂടെ വ്യവസ്ഥാപിതമാക്കാനും ക്വാറൻറീൻ കാലയളവിൽ വേണ്ട എല്ലാ ആവശ്യങ്ങളും നൽകാനും സൂപ്പർ വൈസർമാരെയും സുരക്ഷ ഗാർഡുകളെയും ഓരോ ഹോട്ടലിലും നിശ്ചയിച്ചിരിക്കണം.
താമസ കേന്ദ്രങ്ങളിൽനിന്ന് ഉംറക്കും നമസ്കരിക്കാനും പുറപ്പെടുന്നത് 'ഇഅ്തമർനാ' ആപ്ലിക്കേഷനിലെ അനുമതി പത്രത്തിന് അനുസൃതമാണോയെന്ന് ഹോട്ടൽ അധികൃതർ ഉറപ്പുവരുത്തണം. താമസസ്ഥലങ്ങൾക്കുള്ളിലെ റസ്റ്റാറൻറുകളിലും ബൂഫിയകളിലും കോവിഡ് പ്രോട്ടോകോളുകൾ പാലിച്ചുള്ള അന്തരീക്ഷം ഉറപ്പുവരുത്തേണ്ടതും തീർഥാടകരുടെ താമസകേന്ദ്രങ്ങൾക്ക് നിശ്ചയിച്ച നിബന്ധനകളിൽപെട്ടതാണെന്നും ഹജ്ജ്-ഉംറ ദേശീയ സമിതി അംഗം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.