ഉംറ: വിദേശ തീർഥാടകർ ഇന്നെത്തും
text_fieldsജിദ്ദ: എട്ടുമാസത്തെ ഇടവേളക്കു ശേഷം വിദേശ രാജ്യങ്ങളിൽനിന്ന് ഉംറ തീർഥാടകർ ഞായറാഴ്ച സൗദിയിലെത്തും. തീർഥാടകരെയും വഹിച്ച ആദ്യ വിമാനം ജിദ്ദ വിമാനത്താവളത്തിലെത്തുമെന്ന് സൗദി പ്രസ് എജൻസി റിപ്പോർട്ട് ചെയ്തു. കോവിഡ് മുൻകരുതലിെൻറ ഭാഗമായി എട്ട് മാസത്തോളം നിർത്തിവെച്ച വിദേശ തീർഥാടകരുടെ വരവാണ് ഉംറ മൂന്നാംഘട്ടത്തിൽ ആരംഭിക്കുന്നത്.കർശന ആരോഗ്യ മുൻകരുതൽ പാലിച്ചാണ് വിദേശികൾക്ക് അനുമതി നൽകുന്നത്. സ്വീകരിക്കാനുള്ള ഒരുക്കം വിമാനത്താവളത്തിൽ പൂർത്തിയായി. പാസ്പോർട്ട് കൗണ്ടറുകളും മറ്റും സമൂഹ അകലം പാലിച്ച് പ്രവർത്തിക്കും.
വിദേശ തീർഥാടകരെ സ്വീകരിക്കാനുള്ള നടപടികൾ മന്ത്രാലയത്തിനു കീഴിൽ നേരത്തേ ആരംഭിച്ചിട്ടുണ്ട്. പ്രത്യേക സാഹചര്യത്തിൽ ബന്ധപ്പെട്ട വകുപ്പുകളുമായി ചേർന്നാണ് ഉംറക്കാവശ്യമായ എല്ലാ നടപടികളും. തീർഥാടകരും വിദേശ ഏജൻസികളും ആഭ്യന്തര ഉംറ സേവന സ്ഥാപനങ്ങളും പാലിക്കേണ്ട നിബന്ധനകളും മന്ത്രാലയം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്ത് പ്രവേശിച്ച ശേഷം യാത്രയിലും ഉംറക്കിടയിലും സേവനം നൽകുന്ന സ്ഥാപനങ്ങൾ പാലിക്കേണ്ട വ്യവസ്ഥകളും നിശ്ചയിച്ചിട്ടുണ്ട്. തീർഥാടകരെ ആരോഗ്യ മുൻകരുതൽ സംബന്ധിച്ച ബോധവത്കരിക്കേണ്ടതിെൻറ പ്രധാന്യം പ്രത്യേകം ഉൗന്നിപ്പറഞ്ഞിട്ടുണ്ട്.
ആരോഗ്യ മുൻകരുതൽ പാലിച്ചും സമയബന്ധിതവും സാധ്യമായ പ്രവർത്തനശേഷി അനുസരിച്ചും തീർഥാടകരുടെയും നമസ്കരിക്കാനെത്തുന്നവരുടെയും പ്രവേശനം വ്യവസ്ഥാപിതമാക്കാൻ മികച്ച സാേങ്കതിക സംവിധാനങ്ങളാണ് മന്ത്രാലയം ഒരുക്കിയിരിക്കുന്നത്. 'ഇഅ്തമർനാ'ആപ് വഴിയാണ് ഉംറയും മദീന സന്ദർശനവും പൂർത്തിയാക്കുക. രാജ്യത്ത് പ്രവേശിച്ച് തിരിച്ചുപോകുന്നതു വരെ മുഴുവൻ തീർഥാടകരും ആരോഗ്യ മുൻകരുതൽ പാലിക്കണം. തീർഥാടകരുടെ സുരക്ഷ നിർദേശങ്ങൾ പാലിച്ചുള്ള യാത്രയായിരിക്കണമെന്നും പ്രതിരോധം, അണുവിമുക്തമാക്കൽ, അവബോധം എന്നിവ പ്രധാനമാണെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. തീർഥാടന, സന്ദർശന രംഗത്തുണ്ടാകുന്ന ആളുകളുടെ വർധനവ് കണക്കിലെടുത്ത് മസ്ജിദുൽ ഹറാമിലും മസ്ജിദുന്നബവിയിൽ വേണ്ട സൗകര്യങ്ങൾ ഇരുഹറം കാര്യാലയവും പൂർത്തിയാക്കിയിട്ടുണ്ട്. മൂന്നാം ഘട്ടം ആരംഭിക്കുന്ന ഇന്ന് മുതൽ മസ്ജിദുൽ ഹറാമിൽ എത്തുന്ന തീർഥാടകരുടെ എണ്ണം 20,000 ഉം നമസ്കരിക്കാനെത്തുന്നവർ 60,000 ഉം ആകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.