മടക്ക ടിക്കറ്റ് നൽകാതെ ട്രാവൽസ് ഉടമ മുങ്ങിയ സംഭവം: 23 തീർഥാടകർ ടിക്കറ്റിന് പണമടച്ചു
text_fieldsജിദ്ദ: മലയാളി ഉംറ തീർഥാടകരെ പെരുവഴിയിലാക്കി ട്രവൽസ് ഉടമ മുങ്ങിയ സംഭവത്തിൽ 23 പേർ സ്വന്തം നിലയിൽ ടിക്കറ്റിന് പണമടച്ചു. കാശില്ലാത്തതിനാൽ രണ്ടു പേരുടെ തിരിച്ചുപോക്ക് അനിശ്ചിതമായി നീളുകയാണ്. 23 പേരുടെ ടിക്കറ്റ് ഇന്നോ നാളെയോ ലഭിക്കുമെന്ന് തീർഥാടക സംഘത്തിലെ ഉമർഖാൻ പറഞ്ഞു. പട്ടാമ്പി സ്വദേശികളായ ദമ്പതികളാണ് പണമില്ലാത്തതിനാൽ ടിക്കറ്റില്ലാതെ വിഷമിക്കുന്നത്. മുങ്ങിയ ട്രാവൽസ് ഉടമയെ കുറിച്ച് വിവരമില്ല. 38 അംഗങ്ങളുള്ള തീർഥാടക സംഘമാണ് ട്രാവൽസ് ഉടമയുടെ വഞ്ചനയിൽ പെരുവഴിയിലായത്.
മലപ്പുറം വേങ്ങരയിലെ റബീഹ് ട്രാവല്‍സിന് കീഴില്‍ ഉംറ നിര്‍വഹിക്കാനെത്തിയ തീര്‍ഥാടകർ നാട്ടിലേക്ക് മടങ്ങാന്‍ ടിക്കറ്റ് നൽകിയിരുന്നില്ല. ട്രാവല്‍സ് ഉടമ മുനീര്‍ തങ്ങള്‍ സ്ഥാപനം അടച്ചുപൂട്ടി മുങ്ങി എന്നാണ് തീർഥാടകരുടെ പരാതി. അദ്ദേഹത്തിെൻറ പിതാവ് എത്തിയാണ് സംഘത്തിെൻറ ഹോട്ടൽ വാടക- ഭക്ഷണചെലവുകൾ ഏറ്റെടുത്തത്. തീര്‍ഥാടകര്‍ താമസിക്കുന്ന കെട്ടിടത്തിെൻറ വാടകയും ഭക്ഷണം വിതരണം ചെയ്ത വകയില്‍ 13 ലക്ഷം രൂപ കിട്ടാത്തതിനാല്‍ കെട്ടിട ഉടമ തീര്‍ഥാടകരുടെ പാസ്പോര്‍ട്ട് പിടിച്ചു വെച്ചിരുന്നു. ഒത്തു തീർപ്പിനെ തുടർന്ന് പാസ്പോർട്ട് എല്ലാവർക്കും തിരിച്ചുകിട്ടി. 1350 റിയാൽ വീതമടച്ചാണ് 23 പേർ ടിക്കറ്റിന് കാത്തിരിക്കുന്നത്. 38 തീർഥാടകരിൽ അഞ്ച് പേർ ബുധനാഴ്ച നാട്ടിലേക്ക് തിരിച്ചു. എഴ് പേർ 25ാം തിയതി നാട്ടിലേക്ക് തിരിച്ചു. ഇവരെല്ലാം സ്വന്തം ചെലവിലാണ് പോയത്.
വേങ്ങരയിലെ റബീഹ് ട്രാവല്‍സിന് കീഴില്‍ ജൂണ്‍ രണ്ടിനാണ് ഇവർ ഉംറ നിര്‍വഹിക്കാന്‍ മക്കയിലെത്തിയത്. ഇതില്‍ 15 പേര്‍ ഈമാസം 19-ന് നാട്ടിലേക്ക് മടങ്ങേണ്ടവരുമായിരുന്നു.മടക്ക ടിക്കറ്റുണ്ടെന്ന് വിശ്വസിപ്പിച്ചാണ് ഇവരെ കൊണ്ടുവന്നത്. എന്നാല്‍ നാട്ടിലേക്ക് മടങ്ങേണ്ട സമയത്താണ് തങ്ങള്‍ കബളിപ്പിക്കപ്പെട്ട വിവരം ഇവര്‍ അറിയുന്നത്. 60000 മുതല്‍ തൊണ്ണൂറായിരം രൂപ വരെ നൽകിയാണ് പലരും ഉംറക്ക് വന്നത്. ജൂലൈ രണ്ടുവരെയാണ് ഇവരുടെ വിസാ കാലാവധി. മലപ്പുറം, പാലക്കാട്,വയനാട് ജില്ലകളിൽ നിന്നുള്ളവരാണ് തീർഥാടകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.