വിദേശ ഉംറ തീർഥാടകരുടെ ആദ്യ സംഘം പുണ്യഭൂമിയിലെത്തി
text_fieldsജിദ്ദ: വിദേശ ഉംറ തീർഥാടകരുടെ ആദ്യസംഘം പുണ്യഭൂമിയിലെത്തി. കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര പുതിയ വിമാനത്താവളത്തിലെ ഒന്നാം നമ്പർ ടെർമിനലിൽ ഞായറാഴ്ച വൈകീട്ടാണ് തീർഥാടകരെയും വഹിച്ച ആദ്യ വിമാനമെത്തിയത്. പാകിസ്താനിൽ നിന്നുള്ള ആദ്യസംഘത്തിൽ 38 പേരാണുള്ളത്. ആദ്യസംഘത്തെ ഹജ്ജ് ഉംറ മന്ത്രി ഡോ. മുഹമ്മദ് സ്വലിഹ് ബിന്ദൻ, സഹമന്ത്രി ഡോ. അബ്ദുൽഫതാഹ് സുലൈമാൻ മുശാത്, ജിദ്ദ വിമാനത്താവള മേധാവി ഇസാം ഫുവാദ് നൂർ തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു.
രണ്ടാമത്തെ വിമാനമെത്തിയത് ഇന്തോനോഷ്യയിൽ നിന്നാണ്. 224 തീർഥാടകരാണ് ഇന്തോനോഷ്യയിൽ നിന്നുള്ള വിമാനത്തിലുള്ളത്. ഇന്തോനേഷ്യയിലെ സൗദി അംബാസഡർ ഇസാം സഖഫി ആദ്യസംഘത്തെ യാത്രയയക്കാൻ ജക്കാർത്ത അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയിരുന്നു. എട്ട് മാസത്തിന് ശേഷം ആദ്യമായാണ് വിദേശ ഉംറസംഘം പുണ്യനഗരിയിലെത്തുന്നത്. അനുമതി നൽകിയ മറ്റ് രാജ്യങ്ങളിൽ നിന്നുള്ള തീർഥാടകരുടെ വരവ് ഇനിയുള്ള ദിവസങ്ങളിൽ തുടരും. സംഘങ്ങളായാണ് തീർഥാടകരുടെ വരവ്.
പുണ്യഭൂമിയിൽ തീർഥാടകരുടെ താമസത്തിന് 10 ദിവസമാണ് ഹജ്ജ് ഉംറ മന്ത്രാലയം നിശ്ചയിച്ചിരിക്കുന്നത്. സൗദിയിലെത്തിയാൽ ഉടനെ മൂന്ന് ദിവസം ക്വാറൻറിനിൽ കഴിയണം. തീർഥാടകരെ വരവേൽക്കുന്ന വിമാനത്താവളത്തിലെ ഒന്നാം നമ്പർ ടെർമിനൽ ഏറ്റവും ആധുനികമായ ലോകോത്തര ടെർമിനലുകളിലൊന്നാണ്. തീർഥാടകർ കോവിഡ് മുക്തരാണെന്ന് ഉറപ്പുവരുത്താൻ മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ശരീരോഷ്മാവ് പരിശോധിക്കുകയും 72 മണിക്കൂറിനകം ഇഷ്യു ചെയ്ത പി.സി.ആർ പരിശോധന സർട്ടിഫിക്കറ്റ് ഉറപ്പുവരുത്തുകയും ശേഷമാണ് തീർഥാടകരെ വിമാനത്താവളത്തിൽ നിന്ന് പുറത്തേക്ക് വിട്ടത്.
വിമാനത്തിൽ നിന്ന് ടെർമിനലിലേക്ക് കടക്കുന്നിടുത്തും മറ്റ് ഭാഗങ്ങളിലും കൈകൾ അണുമുക്തമാക്കുന്നതിന് ആവശ്യമായ സംവിധാനങ്ങൾ ഒരുക്കിയിരുന്നു. കോവിഡ് ബാധയുണ്ടെന്ന് സംശയിക്കുന്നവർക്ക് ക്വാറൻറീനായി പ്രത്യേക സ്ഥലവും നിശ്ചയിച്ചിരുന്നു. സമൂഹ അകലം പാലിക്കാൻ കൗണ്ടറുകൾക്കടുത്തും ലഗേജുകൾ സ്വീകരിക്കുന്നിടത്തും സ്റ്റിക്കറുകൾ പതിക്കുകയും ചെയ്തിരുന്നു. തീർഥാടകരെ മക്കയിലെത്തിക്കുന്നതിന് പ്രത്യേക ബസുകളും ഒരുക്കിയിരിക്കുന്നു.
സമൂഹ അകലം പാലിക്കാൻ ഒരോ ബസിലും 50 ശതമാനം സീറ്റുകളാണ് ഉപയോഗപ്പെടുത്തിയത്. ഹജ്ജ് മന്ത്രാലയത്തിന്റെ നിർദേശത്തെ തുടർന്ന് തീർഥാടകരെ താമസിപ്പിക്കുന്ന ഹോട്ടലുകളിൽ ആവശ്യമായ ഒരുക്കങ്ങൾ അധികൃതർ പൂർത്തിയാക്കിയിരുന്നു. പേര് വിവരങ്ങൾ രജിസ്റ്റർ ചെയ്ത ശേഷം ലഗേജുകൾ അണുമുക്തമാക്കിയ ശേഷമാണ് റൂമുകളിലെത്തിച്ചത്. കാവാടങ്ങളിൽ വെച്ച് തീർഥാടകരുടെ ശരീരോഷ്മാവ് പരിശോധനക്ക് വിധേയമാക്കി. വിദേശ തീർഥാടകർക്ക് മൂന്ന് ദിവസമാണ് ക്വാറൻറീൻ നിശ്ചയിച്ചിരിക്കുന്നത്. ഈ സമയങ്ങളിൽ ആവശ്യമായ എല്ലാ സേവനങ്ങൾ തീർഥാടകർക്ക് ലഭ്യമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.