ഏജൻറ് മുങ്ങിയതിനെ തുടർന്ന് ഉംറ തീർഥാടകർ സൗദിയിൽ കുടുങ്ങി
text_fieldsഅൽ ഖോബാർ: ഏജൻറ് മുങ്ങിയതിനെ തുടർന്ന് കേരളത്തിൽ നിന്നടക്കമുള്ള ഉംറ തീർഥാടകർ സൗദിയിൽ കുടുങ്ങി. കർണാടകയിലും കേരളത്തിലും നിന്നുള്ള 164 തീർഥാടകരാണ് വഴിയാധാരമായത്. ഉംറ നിർവഹിക്കുന്നതിനായി അഷ്‌റഫ് സഖാഫി എന്ന ഏജൻറ് വഴിയാണ് ഇവർ സൗദിയിൽ എത്തിയത്. ഉംറ നിർവഹിച്ച ശേഷം ഡിസംബർ 26, 27 തീയതികളിൽ നാട്ടിലേക്ക് മടങ്ങേണ്ടതായിരുന്നു. എന്നാൽ ഉംറ സംഘത്തെ മദീനയിൽ ഉപേക്ഷിച്ച് വിമാന ടിക്കറ്റും ഹോട്ടൽ ബില്ലുകളും നൽകാതെ അഷ്‌റഫ് സഖാഫി കഴിഞ്ഞ 26ന് നാട്ടിലേക്ക് മുങ്ങിയതായാണ് പരാതി.
തീർഥാടകർ താമസിച്ചിരുന്ന ഹോട്ടൽ ബിൽ തുക അടക്കാഞ്ഞതിനാൽ പ്രായമായവരും രോഗികളും സ്ത്രീകളും ഉൾപ്പെടുന്ന സംഘം ഭക്ഷണം ലഭിക്കാതെ ബുദ്ധിമുട്ടിലായി. പരാതി ലഭിച്ചതിനെ തുടർന്ന് ഇവർക്ക് വിസ ഇഷ്യൂ ചെയ്ത സൗദിയിലെ സ്ഥാപനം (മുതവിഫ്) ഇടപെട്ട് തീർഥാടകർക്ക് രണ്ടു ദിവസത്തെ ഭക്ഷണവും താമസവും ക്രമീകരിക്കുകയും വിമാനടിക്കറ്റ് കൈമാറുകയും ചെയ്തു.
യാത്രക്കാരെ ബസ് മാർഗം ദമ്മാമിലെ വിമാനത്താവളത്തിൽ നേരിട്ടെത്തിച്ച് അവിടെനിന്ന് കോഴിക്കോട്, കണ്ണൂർ, ബംഗളുരു എയർപ്പോർട്ടുകളിലേക്ക് പോകുന്നതിനുള്ള സജ്ജീകരങ്ങൾ ഒരുക്കുകയും ചെയ്തു. ഇതിനിടെ അഷ്‌റഫ് സഖാഫി ഉൾക്കൊള്ളുന്ന ഒരു മത സംഘടനയുടെ നേതാക്കൾ മുതവിഫ് നൽകിയ ഭക്ഷണവും താമസവും വിമാന ടിക്കറ്റും തങ്ങളുടേതെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുകയും ഭക്ഷണ വിതരണത്തിെൻറ വീഡിയോയും മറ്റും പ്രചരിപ്പിക്കുകയും ചെയ്തതായി ആക്ഷേപവുമുണ്ട്.
ഇതറിഞ്ഞ മുതവിഫ് ഇൗയാളുകളെ മദീനയിൽ തീർഥാടകർ താമസിച്ചിരുന്ന ഹോട്ടലിൽ പ്രവേശിക്കുന്നതും യാത്രക്കാരുമായി സമ്പർക്കം പുലർത്തുന്നതും വിലക്കിയത്രെ. ഇതിനിടെ മദീനയിൽനിന്നും തീർഥാടകർ കയറിയ ബസ് യാത്രാമദ്ധ്യേ ഈ സംഘടനയിലെ ആളുകൾ ഇടപെട്ട് ബുറൈദയിൽ നിർത്തിച്ച് ഭക്ഷണം നൽകി. അങ്ങനെ ചെയ്തതിനാൽ ദമ്മാം വിമാനത്താവളത്തിൽ എത്തിച്ചേരാൻ കാലതാമസം നേരിട്ടു. മുതവിഫ് ഏർപ്പെടുത്തിയിരുന്ന വിമാനങ്ങളിൽ ആദ്യ രണ്ടെണ്ണം ഇതുമൂലം പോവുകയും തീർഥാടകർ വിമാനത്താവളത്തിൽ കുടുങ്ങുകയും ചെയ്തു. രാവിലെ ആറ് മണിക്കുള്ള ബംഗളുരു വിമാനത്തിൽ പോകേണ്ട ആദ്യ ബസിലെ യാത്രക്കാർ ഏഴ് മണിക്കാണ് ദമ്മാം എയർപോർട്ടിൽ എത്തിയത്. രാവിലെ 11.45നുള്ള കോഴിക്കോട് വിമാനത്തിൽ പോകേണ്ട രണ്ടാമത്തെ ബസിലെ യാത്രക്കാർക്ക് ഉച്ചക്ക് ഒരു മണിക്കാണ് എത്താൻ കഴിഞ്ഞത്.
മൂന്നാമത്തെ ബസിലെത്തിയ യാത്രക്കാരുടെ വിമാനം രാത്രി ഒമ്പത് മണിക്കാണ് പോകേണ്ടിയിരുന്നത്. ആ വിമാനത്തിെൻറ സമയം മാറ്റിയതിനെ തുടർന്ന് വ്യാഴാഴ്ച രാവിലെ അഞ്ച് മണിക്കാണ് നാട്ടിലേക്കാണ് പോയത്. ഏജൻറിെൻറയും അവരുടെ സംഘടനയുടെയും നിരുത്തരവാദപരമായ സമീപനമാണ് തങ്ങളെ ദുരിതത്തിലാക്കിയതെന്നാണ് തീർഥാടകർ ആരോപിക്കുന്നത്. മുമ്പും സമാനമായ സംഭവമുണ്ടാവുകയും അത് മൂലം അഷ്‌റഫ് സഖാഫി വിലക്ക് നേരിട്ടിട്ടുണ്ടെന്നും ഈ ഉംറ യാത്ര ശരിയായ പേര് മറച്ച് വെച്ചാണ് സംഘടിപ്പിച്ചതെന്നും ആരോപണമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.