ഉംറ വിസ കാലാവധി മൂന്നുമാസമായി ദീർഘിപ്പിച്ചു
text_fieldsജിദ്ദ: ഉംറ വിസയുടെ കാലാവധി ഒരു മാസത്തിൽനിന്ന് മൂന്ന് മാസമായി ദീർഘിപ്പിച്ചു. ഉംറ വിസയിലെത്തിയാൽ രാജ്യം മുഴുവൻ സഞ്ചരിക്കാൻ അനുവാദമുണ്ടെന്നും ഓൺലൈനായി അപേക്ഷിച്ചാൽ 24 മണിക്കൂറിനുള്ളിൽ വിസ ലഭിക്കുമെന്നും സൗദി ഹജ്ജ്-ഉംറ മന്ത്രി ഡോ. തൗഫീഖ് അൽറബീഅ പറഞ്ഞു.
യാതൊരു നിയന്ത്രണങ്ങളുമില്ലാതെയാണ് വിസകാലാവധി ദീർഘിപ്പിക്കുന്നത്. ഉംറക്ക് വരുന്ന വിദേശിക്ക് നിയന്ത്രണങ്ങളൊന്നും ഇല്ലാതെ സൗദിയുടെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിക്കാം. ജോർദാനിൽ നടത്തിയ വാർത്തസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 'വിഷൻ 2030'ന്റെ ഭാഗമായി തീർഥാടകരുടെ സേവനങ്ങൾ വികസിപ്പിക്കുന്നതിനും ഇരുഹറമുകളിലേക്കുള്ള തീർഥാടകരുടെ പ്രവേശനം സുഗമമാക്കുന്നതിനുമാണ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
തീർഥാടകർക്ക് നൽകുന്ന സേവനങ്ങൾ ഗുണനിലവാരമുള്ളതാക്കാൻ വിവിധ പദ്ധതികളാണ് നടപ്പാക്കുന്നത്. വിദേശത്തുനിന്ന് തീർഥാടകർ വരുന്നതിനും ഇരുഹറമുകളിൽ എത്തുന്നതിനും ഉംറ നിർവഹിക്കുന്നതിനും ടൂറിസം ഏജന്‍റുമാർ വഴിയാണ് മുമ്പ് നടപടികൾ സ്വീകരിച്ചിരുന്നത്. എന്നാൽ ഇപ്പോൾ തീർഥാടകർക്ക് ഓൺലൈനായി അപേക്ഷിക്കാനും നേരിട്ട് ഉംറ വിസ നേടാനും കഴിയും. മക്കയിലേക്ക് പോകുമ്പോൾ പാർപ്പിടം, ഗതാഗതം തുടങ്ങിയ സൗകര്യങ്ങളെല്ലാം ഓൺലൈനായി ബുക്ക് ചെയ്യാനും തെരഞ്ഞെടുക്കാനും തീർഥാടകന് നേരിട്ട് സാധിക്കും.
ഓൺലൈൻ രീതിയിൽ ഇത്തരം സേവനങ്ങൾ നൽകുന്ന വിശ്വസനീയമായ കമ്പനികളെ കുറിച്ചുള്ള വിവരങ്ങൾ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ ലഭ്യമാണ്. ഇങ്ങനെ അംഗീകാരമുള്ള കമ്പനികളാണെന്ന് വെബ്സൈറ്റ് പരിശോധിച്ച് തീർഥാടകർ തന്നെ ഉറപ്പുവരുത്തണം. തീർഥാടകർക്കുള്ള സേവന സൗകര്യങ്ങൾ വികസിപ്പിക്കാൻ ഡിജിറ്റൽ സംവിധാനം അനിവാര്യമായിരുന്നെന്നും അതാണ് നടപ്പാക്കിയതെന്നും മന്ത്രി പറഞ്ഞു.
കോവിഡ് കാലഘട്ടത്തിൽ ആരംഭിച്ച സേവനങ്ങളിൽ ഒന്നാണ് 'ഇഅ്തമർനാ' പോർട്ടൽ. ഉംറ നടപടികൾ എളുപ്പവും വ്യവസ്ഥാപിതവുമാക്കാൻ ഇത് ഗണ്യമായ സംഭാവന നൽകി. ഈ ഹജ്ജ് സീസണിൽ 10 ലക്ഷം തീർഥാടകർക്ക് സൗകര്യമൊരുക്കും. കോവിഡിൽ നിന്നുള്ള തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്ന രീതിയിലാണ് പദ്ധതികൾ ആവിഷ്കരിച്ചിരിക്കുന്നത്.
ഈ വർഷം ഹജ്ജ് നിർവഹിക്കാൻ വലിയ അപേക്ഷകൾ ഉണ്ടെന്ന് ഞങ്ങൾക്കറിയാം. എന്നാൽ ഹജ്ജുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും തീർഥാടകരുടെ സുരക്ഷയും സുരക്ഷിതമായ യാത്രയും ഉറപ്പുവരുത്തുന്നതിൽ അതീവ ജാഗ്രത പുലർത്തുകയാണ്. 'സ്മാർട്ട് ഹജ്ജ് കാർഡ്' ഉൾപ്പെടെയുള്ള സാങ്കേതികവിദ്യ ഈ വർഷത്തെ ഹജ്ജിനും ഉപയോഗിക്കും. തീർഥാടകരുടെ സഞ്ചാരം സുഗമമാക്കുന്നതിനും അവരുടെ സൈറ്റുകളിലേക്കും ക്യാമ്പുകളിലേക്കും വേഗത്തിൽ എത്തിച്ചേരുന്നതിനും ഇതു സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.