ജി.സി.സി കൗൺസിലും മുസ്ലിം വേൾഡ് ലീഗും അറബ് പാർലമെന്റും സ്വാഗതം ചെയ്തു
text_fieldsറിയാദ്: യു.എന്നിൽ പൂർണ അംഗത്വത്തിനുള്ള ഫലസ്തീന്റെ അവകാശത്തെ പിന്തുണക്കുന്ന പ്രമേയം യു.എൻ ജനറൽ അസംബ്ലി അംഗീകരിച്ചതിനെ സ്വാഗതം ചെയ്യുന്നതായി ജി.സി.സി കൗൺസിൽ സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ ബുദൈവി പറഞ്ഞു. ഈ പ്രമേയത്തിന് 143 രാജ്യങ്ങളിൽനിന്ന് വോട്ട് ലഭിച്ചെന്നത് ഫലസ്തീൻ അവകാശത്തിലുള്ള സ്ഥിരീകരണവും വിശ്വാസവുമാണ്. യു.എന്നിൽ ഫലസ്തീന് അതിന്റെ എല്ലാ അവകാശങ്ങളും കടമകളും വിനിയോഗിക്കാൻ കഴിയുന്നതിനാണ്. ഫലസ്തീൻ ലക്ഷ്യത്തെ പിന്തുണക്കുന്നതിലും ഐക്യരാഷ്ട്ര പ്രമേയങ്ങളുടെയും അറബ് സമാധാന സംരംഭത്തിന്റെ അടിസ്ഥാനത്തിലും ഇസ്രായേൽ അധിനിവേശം അവസാനിപ്പിച്ച് 1967 ലെ അതിർത്തിയിൽ കിഴക്കൻ ജറുസലേമിനെ തലസ്ഥാനമാക്കി ഒരു സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിലും അധിഷ്ഠിതമായ ഒരു പരിഹാരത്തിലെത്തിച്ചേരുന്നതിലുള്ള സഹകരണ കൗൺസിലിന്റെ ഉറച്ച നിലപാട് അൽബുദൈവി ഊന്നിപ്പറഞ്ഞു.
ആർട്ടിക്കിൾ നാല് അനുസരിച്ച് ഫലസ്തീൻ ഐക്യരാഷ്ട്രസഭയിൽ പൂർണ അംഗത്വത്തിന് യോഗ്യമാണെന്ന് അംഗീകരിക്കുന്ന പ്രമേയം യു.എൻ ജനറൽ അസംബ്ലി വൻ ഭൂരിപക്ഷത്തോടെ അംഗീകരിച്ചതിനെ മുസ്ലിം വേൾഡ് ലീഗും സ്വാഗതം ചെയ്തു. ഇതവർക്ക് അധിക അവകാശങ്ങളും ആനുകൂല്യങ്ങളും നൽകുന്നു. ദ്വിരാഷ്ട്ര പരിഹാരത്തിന്റെ ചട്ടക്കൂടിനുള്ളിൽ സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കാനുള്ള ഫലസ്തീൻ ജനതയുടെ അവകാശത്തെക്കുറിച്ചുള്ള അന്താരാഷ്ട്ര സമവായം ഈ പ്രമേയം വ്യക്തമായി പ്രകടിപ്പിക്കുന്നുവെന്ന് മുസ്ലിം വേൾഡ് ലീഗ് ജനറൽ സെക്രട്ടറി ഡോ. മുഹമ്മദ് ബിൻ അബ്ദുൽകരീം അൽഈസ പ്രസ്താവനയിൽ പറഞ്ഞു. പ്രമേയത്തെ പിന്തുണക്കാൻ വോട്ട് ചെയ്ത രാജ്യങ്ങളുടെ മഹത്തായ നിലപാടിനെ അഭിനന്ദിക്കുന്നു. അതോടൊപ്പം രക്ഷാസമിതിയിലെ അംഗരാജ്യങ്ങളുടെ നേതാക്കളോട് അവരുടെ ചരിത്രപരമായ ഉത്തരവാദിത്തം നിറവേറ്റാനും ഫലസ്തീൻ ജനതയുടെ മനുഷ്യാവകാശവും നിയമപരവുമായ അവകാശങ്ങൾക്കൊപ്പം നിൽക്കാനും ആഹ്വാനം ചെയ്യുന്നുവെന്നും മുസ്ലിം വേൾഡ് ലീഗ് സെക്രട്ടറി ജനറൽ പറഞ്ഞു.
ഐക്യരാഷ്ട്രസഭയിൽ പൂർണ അംഗത്വത്തിനുള്ള ഫലസ്തീൻ രാഷ്ട്രത്തിന്റെ അവകാശത്തെ അനുകൂലിച്ച് ജനറൽ അസംബ്ലി വൻതോതിൽ വോട്ട് ചെയ്തതിനെ അറബ് പാർലമെന്റ് സ്പീക്കർ ആദിൽ ബിൻ അബ്ദുറഹ്മാൻ അൽഅസൂമി സ്വാഗതം ചെയ്തു. അന്താരാഷ്ട്ര വേദികളിൽ ഫലസ്തീൻ ജനതയുടെ അവകാശങ്ങളെ പിന്തുണക്കാനും ഉയർത്തിപ്പിടിക്കാനും ഐക്യരാഷ്ട്രസഭയിലെ അറബ് ശ്രമങ്ങളെ അൽഅസൂമി പ്രസ്താവനയിൽ അഭിനന്ദിച്ചു. യു.എൻ സുരക്ഷാ കൗൺസിൽ അതിന്റെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കണമെന്നും നിയമാനുസൃതമായ അവകാശമെന്ന നിലയിൽ ഫലസ്തീൻ രാഷ്ട്രത്തിന്റെ അഭ്യർഥന നിഷ്പക്ഷമായും ക്രിയാത്മകമായും പരിഗണിക്കണമെന്നും ഗസ്സയിലെ ഇസ്രായേലിന്റെ ക്രൂരമായ ആക്രമണം അവസാനിപ്പിക്കണമെന്നും അൽഅസൂമി ആവശ്യപ്പെട്ടു. മേഖലയിലും ലോകത്തും ന്യായവും സമഗ്രവും ശാശ്വതവുമായ സമാധാനം കൈവരിക്കാൻ ഫലസ്തീൻ രാഷ്ട്രത്തെ ഇതുവരെ അംഗീകരിച്ചിട്ടില്ലാത്ത രാജ്യങ്ങൾ അത് തിരിച്ചറിഞ്ഞ് അംഗീകരിക്കണമെന്നും അൽഅസൂമി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.