യു.എൻ.ആർ.ഡബ്ല്യു.എയുടെ പ്രവർത്തനത്തെക്കുറിച്ചുള്ള സ്വതന്ത്രസമിതി റിപ്പോർട്ടിനെ സൗദി സ്വാഗതംചെയ്തു
text_fieldsയാംബു: ഫലസ്തീൻ അഭയാർഥികൾക്കായുള്ള യു.എൻ റിലീഫ് ആൻഡ് വർക്സ് ഏജൻസി (യു.എൻ.ആർ.ഡബ്ല്യു.എ) യുടെ പ്രവർത്തനത്തെക്കുറിച്ചുള്ള സ്വതന്ത്രസമിതി റിപ്പോർട്ടിനെ സൗദി സ്വാഗതം ചെയ്തതായി സൗദി പ്രസ് ഏജൻസി കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തു. ഫലസ്തീൻ ജനതയുടെ ദുരിതാശ്വാസ, മാനുഷിക, വികസന ശ്രമങ്ങളെ പിന്തുണക്കുന്നതിൽ യു.എൻ.ആർ.ഡബ്ല്യു.എയുടെ പ്രധാന പങ്ക് സ്ഥിരീകരിച്ച റിപ്പോർട്ടിനെ രാജ്യം പിന്തുണച്ചതായി സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അഭയാർഥികൾക്കുള്ള എല്ലാത്തരം പിന്തുണയുടെയും സുസ്ഥിരതയും ഫലപ്രാപ്തിയും ഉറപ്പുവരുത്തുന്നതിന്, അവരുടെ കഷ്ടപ്പാടുകൾ കുറക്കുന്ന തരത്തിൽ, പ്രത്യേകിച്ച് ഇസ്രായേൽ അധിനിവേശത്തിന്റെ അന്താരാഷ്ട്ര ലംഘനങ്ങളുടെ വെളിച്ചത്തിൽ, യു.എൻ.ആർ.ഡബ്ല്യു.എയോടുള്ള ദാതാക്കളുടെ രാജ്യങ്ങളുടെ പ്രതിബദ്ധത യുടെ പ്രാധാന്യത്തെക്കുറിച്ച് സൗദിയുടെ ഊന്നൽ മന്ത്രാലയം ആവർത്തിച്ചു.
ഇസ്രായേൽ നടത്തിയ വ്യാജ പ്രചാരണത്തെ തുടർന്ന് 15 രാജ്യങ്ങൾ യു.എൻ ഏജൻസിയായ യു.എൻ.ആർ.ഡബ്ല്യു.എ ക്കുള്ള സഹായം നിർത്തിവെച്ചിരുന്നു. ആരോപണം കള്ളമാണെന്ന് വ്യക്തമായതിനാൽ ജർമനി അടക്കമുള്ള രാജ്യങ്ങൾ ഫലസ്തീന് സഹായം പുനഃസ്ഥാപിക്കാൻ തീരുമാനിക്കുകയായിരുന്നു. ഫലസ്തീൻ ആരോഗ്യ, വിദ്യാഭ്യാസ, ഭക്ഷ്യവിതരണ മേഖലയിൽ 70 ലേറെ വർഷമായി പ്രവർത്തിക്കുന്ന സംഘടനയാണ് യു.എൻ.ആർ.ഡബ്ല്യു.എ. ആറു മാസമായി ഇസ്രായേൽ ഗസ്സയിൽ നടത്തുന്ന നരനായാട്ടിൽ ദുരിതമനുഭവിക്കുന്ന ഫലസ്തീനികളുടെ ആശ്രയമാണ് ഈ ഏജൻസി. വിവിധ രാജ്യങ്ങളുടെ സാമ്പത്തിക സഹായത്തോടെയാണ് ഇവരുടെ സേവനം. എന്നാൽ യു.എൻ.ആർ.ഡബ്ല്യു.എ യെ നിർവീര്യമാക്കാൻ ഇസ്രായേൽ ഇവർക്കെതിരെ വ്യാജാരോപണവുമായി രംഗത്തെത്തി.
സ്വതന്ത്രസമിതി അന്വേഷണം നടത്തുകയും ആരോപണങ്ങൾ പച്ചക്കള്ളമെന്ന് വ്യക്തമാവുകയും ചെയ്തു. ഇതേത്തുടർന്ന് ആസ്ട്രേലിയ, കാനഡ, സ്വീഡൻ, ജപ്പാൻ,ജർമനി തുടങ്ങിയ രാജ്യങ്ങൾ യു.എൻ.ആർ.ഡബ്ല്യു.എ യുമായുള്ള സഹകരണം പുനരാരംഭിക്കുമെന്നു പ്രഖ്യാപിച്ചത്. അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെ വിജയവും ജീവകാരുണ്യ സംഘടനയോടുള്ള വിവിധ രാജ്യങ്ങളുടെ പ്രതിബദ്ധതയുടെ പ്രാധാന്യവും സമിതിയുടെ റിപ്പോർട്ട് വഴി വ്യക്തമാകുന്നതായും പുതിയ പ്രതീക്ഷകൾക്ക് ഇത് വഴിവെക്കുമെന്നും സൗദി വിദേശകാര്യ മന്ത്രാലയം ഊന്നിപ്പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.