നാട്ടിൽപോകാൻ കഴിയാതെ മറ്റൊരു അവധിക്കാലം കൂടി
text_fieldsയാംബു: ഇന്ത്യൻ സ്കൂളുകളിൽ അവധിക്കാലം ആരംഭിക്കാനിരിക്കെ നാട്ടിലേക്കു മടങ്ങാനുള്ള വഴി തേടുകയാണ് പ്രവാസി കുടുംബങ്ങൾ. വർഷംതോറും നാട്ടിൽ പോയിരുന്ന കുടുംബങ്ങൾ ഇൗ അവധിക്കാലത്ത് എന്താക്കുമെന്ന ആശങ്കയിലാണ്. പൊള്ളുന്ന ചൂടിൽനിന്ന് താൽക്കാലിക രക്ഷതേടുന്നതോെടാപ്പം നാട്ടിലെ മഴക്കാലം ആസ്വദിക്കാം എന്ന ലക്ഷ്യത്തോടെയാണ് പലരും സ്കൂൾ അവധിക്കാലം നാട്ടിലേക്കുള്ള യാത്രക്കായി തെരഞ്ഞെടുക്കുന്നത്. കുട്ടികളെ സ്വന്തം നാടു കാണിക്കാനും ബന്ധുക്കളുമായി ഇടപഴകാനും കിട്ടുന്ന അവസരവുമാണ് പലർക്കുമിത്.
കോവിഡ് പ്രതിസന്ധിയിൽ യാത്ര മാറ്റിവെക്കേണ്ട സാഹചര്യത്തിലാണ് പലരും. വിമാന സർവിസ് ഉണ്ടെങ്കിലും തിരിച്ചുവരവ് പ്രതിസന്ധിയിലാകുമെന്നത് ഭീഷണിയാണ്. രണ്ടു മൂന്നു വർഷമായി നാട്ടിൽ പോകാത്ത ബാച്ചിലർമാരിൽ പലരും സ്കൂൾ അവധിക്കാലം ഉപയോഗപ്പെടുത്തി നാട്ടിലേക്ക് പോകുന്നുണ്ട്. മറ്റു രാജ്യങ്ങളിൽ കൂടിയാണെങ്കിലും തിരിച്ചു സൗദിയിലെത്താമെന്ന പ്രതീക്ഷയിലാണ് ഇവർ. വരാനിരിക്കുന്ന ബക്രീദ് ആഘോഷം നാട്ടിലെ കുടുംബത്തോടൊപ്പം ചെലവഴിക്കാമെന്നും ഇവർ കണക്കുകുട്ടുന്നു.
മറ്റു രാജ്യങ്ങളിൽ കൂടിയാണ് ഇന്ത്യയിൽനിന്നുള്ള പ്രവാസികൾ ഇപ്പോൾ സൗദിയിലേക്ക് പ്രവേശിക്കുന്നത്. യാത്രപോകാൻ പറ്റുന്ന രാജ്യങ്ങളിൽ അപ്രതീക്ഷിതമായി വിമാന, പ്രവേശന വിലക്ക് വരുമോ എന്നതാണ് ഭീതി. ഇപ്പോൾ വിലക്കുള്ള യു.എ.ഇ അടുത്തമാസം അനുമതി നൽകിയേക്കുമെന്നാണ് പ്രതീക്ഷ.
ദിനംപ്രതിയുള്ള കോവിഡ് സാഹചര്യം കണക്കിലെടുത്ത് ഓരോ രാജ്യവും എടുക്കുന്ന തീരുമാനവും തിരിച്ചടിയാകും. ഭീമമായ യാത്രാചെലവും പല കുടുംബങ്ങളെയും യാത്രയിൽനിന്ന് പിന്തിരിപ്പിക്കുന്നു.
ത്യാഗം സഹിച്ച് നാട്ടിലെത്തിയ ചിലർ തിരിച്ചെത്താൻ വഴി തേടുകയാണിപ്പോൾ. ഇക്കാര്യം അറിയുന്ന ചില പ്രവാസികൾ പ്രതിസന്ധി മാറുന്നതും കാത്ത് യാത്ര മാറ്റി. മാസങ്ങളായി വരുമാനം നിലച്ച പലരും നാട്ടിൽ പ്രയാസത്തിലാണ്.
നാട്ടിൽ എന്തെങ്കിലും ഏർപ്പാട് തുടങ്ങാമെന്ന് വിചാരിച്ച് ജോലി ഉപേക്ഷിച്ച് പോയവർക്കും പ്രതീക്ഷിച്ച ഫലം ലഭിച്ചില്ല. ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്ന സന്തോഷത്തിലാണ് പ്രവാസികളേറെയും. രോഗവ്യാപനം കുറയുന്നതോടെ വിമാന സർവിസ് പുനഃസ്ഥാപിച്ചേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.