ഉടമസ്ഥർ ആരെന്ന് അറിയാത്ത 109 ഒട്ടകങ്ങളെ പിടികൂടി
text_fieldsറിയാദ്: അലഞ്ഞുതിരിഞ്ഞ ഉടമസ്ഥർ ആരെന്ന് അറിയാത്ത 109 അജ്ഞാത ഒട്ടകങ്ങളെ പരിസ്ഥിതി- ജല- കൃഷി മന്ത്രാലയത്തിന് കീഴിലുള്ള സംഘം പിടികൂടി. പാൽ ഉൽപാദനത്തിനും ഒട്ടകങ്ങളെ വളർത്തുന്നതിനും ഉപയോഗിക്കുന്ന 14 അനധികൃത ആലയങ്ങളും കണ്ടെത്തി നീക്കംചെയ്തു. ചന്തകളിലും പൊതുവഴികളിലും ക്രമവിരുദ്ധമായ ഒട്ടകപ്പാൽ വിൽപന തടയുന്നതിനായി വിവിധ വകുപ്പുകളുമായി ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇത്രയും ഒട്ടകങ്ങളെ പിടികൂടിയത്.
മാർക്കറ്റുകളിലും റോഡുകളിലും ക്രമവിരുദ്ധമായി വിൽപനക്ക് വെച്ച ലിറ്റർ കണക്കിന് ഒട്ടകപ്പാൽ പിടികൂടി. ക്രമരഹിതമായി പാൽ വിൽക്കുന്നത് ഉപഭോക്താവിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന് പരിസ്ഥിതി- ജല- കൃഷി മന്ത്രാലയം മുന്നറിയിപ്പ് നൽകി.
മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്ക് അപകടകരമായ പല രോഗങ്ങളും പടർന്നുപിടിക്കാൻ ഇത്തരം അനധികൃത കച്ചവടക്കാരിൽനിന്ന് പാൽ വാങ്ങി കുടിക്കുന്നത് കാരണമാകും. വിൽപന സ്ഥലങ്ങളിലെ ശുചിത്വമില്ലായ്മയും കാലഹരണപ്പെട്ട ഉപകരണങ്ങളും മൃഗങ്ങളുടെ ആരോഗ്യസുരക്ഷയെ ബാധിക്കും. വലിയ ആരോഗ്യ പ്രശ്നങ്ങളുണ്ടാകും.
വിശ്വസനീയമല്ലാത്ത സ്രോതസ്സുകളിൽനിന്ന് പാൽ കുടിക്കുമ്പോൾ ഉപഭോക്താവിന് നേരിടേണ്ടിവരുന്ന നിരവധി അപകടസാധ്യതകൾ ഓഫിസ് ചൂണ്ടിക്കാട്ടി. ഇതു സംബന്ധിച്ച് ഉപഭോക്താക്കൾക്കിടയിൽ അവബോധം വർധിപ്പിക്കേണ്ടതിന്റെ പ്രാധാന്യവും അംഗീകൃതവും വിശ്വസനീയവുമായ സ്രോതസ്സുകളിൽനിന്ന് മാത്രം ഭക്ഷ്യസാധനങ്ങൾ വാങ്ങി ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയും മന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.