ടെലികമ്യൂണിക്കേഷൻ ഉപകരണങ്ങളുടെ അനധികൃത വിൽപനക്ക് കനത്ത പിഴ
text_fieldsജുബൈൽ: രാജ്യത്ത് ആശയവിനിമയോപാധികളുടെയും ഉപകരണങ്ങകളുടെയും അനധികൃത വിൽപനക്കെതിരെ സൗദി അധികൃതർ കടുത്ത നടപടിക്ക്. ടെലികമ്യൂണിക്കേഷൻ ഉപകരണങ്ങൾ പ്രാദേശിക വിപണിയിൽ അനധികൃതമായി വിറ്റാൽ സൗദി ടെലികോം നിയമപ്രകാരം പരമാവധി 25 ദശലക്ഷം റിയാൽ വരെ പിഴ ചുമത്തും.
ഇത്തരം വ്യാജ ഉപകരണങ്ങൾ വിപണിയിൽ നിന്ന് പിൻവലിക്കാനുള്ള കാലയളവ് അവസാനിപ്പിച്ചതായി കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി കമീഷൻ (സി.ഐ.ടി.സി) പ്രഖ്യാപിച്ചു. തുടർന്നും കുറ്റം ആവർത്തിക്കുന്നത് കണ്ടുപിടിക്കപ്പെട്ടാൽ കനത്ത പിഴ നൽകേണ്ടി വരും. ചട്ടങ്ങൾ ലംഘിച്ച് ഏതെങ്കിലും ഉപകരണങ്ങളുടെ വിതരണം, വിൽപന എന്നിവക്കെതിരെ ടെലികമ്യൂണിക്കേഷൻ ഉപകരണ വിതരണക്കാർക്ക് അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ലൈസൻസില്ലാത്ത ടെലികമ്യൂണിക്കേഷൻ ഉപകരണങ്ങളും നിയമവിരുദ്ധ നെറ്റ്വർക് ബൂസ്റ്ററുകളും ഇതിൽ ഉൾപ്പെടുന്നു.
ഉപകരണങ്ങളുടെ ഗുണനിലവാരം കണ്ടെത്തുന്നതിന് ടെലികോം മാർക്കറ്റുകളിലും സ്റ്റോറുകളിലും നിരവധി പരിശോധനകൾ നടത്തിയതായി സി.ഐ.ടി.സി അറിയിച്ചു. നിയമവിരുദ്ധ നെറ്റ്വർക് ബൂസ്റ്ററുകൾ മൊബൈൽ ടെലികമ്യൂണിക്കേഷൻ സേവനങ്ങളെ പ്രതികൂലമായി ബാധിക്കുന്നതിന് കാരണമാകുന്നെന്നും ഗുണനിലവാരമില്ലാത്ത ഉപകരണങ്ങൾ വിൽക്കുന്നതു വഴി ഉപയോക്താക്കൾക്ക് ലഭിക്കേണ്ട സേവനം നൽകുന്നില്ലെന്നും കണ്ടെത്തിയിരുന്നു. ഉപകരണങ്ങൾക്ക് ലൈസൻസ് നൽകാനുള്ള സൗകര്യം അതോറിറ്റിയുടെ വെബ്സൈറ്റിൽ ഉണ്ട്. ആശയവിനിമയ, വിവരസാങ്കേതിക ഉപകരണങ്ങൾ നിർമിക്കാനോ രാജ്യേത്തക്ക് ഇറക്കുമതി ചെയ്യാനോ ഈ വെബ് പോർട്ടൽ വഴി അപേക്ഷിക്കണം.
രാജ്യം അനുവദിച്ച സാങ്കേതിക സവിശേഷതകളുമായി തങ്ങളുടെ ഉൽപന്നങ്ങളുടെ സവിശേഷതകൾ പൊരുത്തപ്പെടുന്നുണ്ടെന്ന് നിർമാതാക്കളും വിതരണക്കാരും ഉറപ്പുവരുത്തണം. അതിന് അതോറിറ്റിയുടെ വെബ്സൈറ്റിലെ 'ഡിവൈസ് ലൈസൻസിങ്' സർവിസ് സഹായിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.