മൂന്നരമാസമായി അബോധാവസ്ഥയിൽ; മലയാളിയെ നാട്ടിലെത്തിച്ചു
text_fieldsഅബഹ: നീന്തൽകുളത്തിൽ നീന്തുന്നതിനിടയിൽ അബോധാവസ്ഥയിലായി മൂന്നര മാസം സൗദിയിലെ ആശുപത്രിയിലായിരുന്ന മലയാളിയെ നാട്ടിലെത്തിച്ചു. നജ്റാനിലെ കിങ് ഖാലിദ് ആശുപത്രിയിലായിരുന്ന തിരുവനന്തപുരം ആറ്റിങ്ങൽ പെരുങ്കുളം സ്വദേശി സാബു സുദേവനെയാണ് (42) സാമൂഹികപ്രവർത്തകരുടെ ശ്രമഫലമായി നാട്ടിലെത്തിച്ചത്. നജ്റാനിൽ 13 വർഷമായി കെട്ടിടനിർമാണ മേഖലയിൽ ജോലി ചെയ്യുന്ന സാബു ഒരു വർഷം മുമ്പാണ് നാട്ടിൽ അവധിക്കുപോയി തിരിച്ചുവന്നത്.
നജ്റാനിലെ ഒരു നീന്തൽകുളത്തിൽ നീന്തുന്നതിനിടയിൽ ബോധം നഷ്ടപ്പെടുകയായിരുന്നു. ഉടൻ സുഹൃത്തുക്കൾ കിങ് ഖാലിദ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മൂന്നരമാസം അവിടെ തുടർന്നെങ്കിലും ബോധം തിരിച്ചുകിട്ടിയില്ല. അതോടെ നാട്ടിലെ ബന്ധുക്കളുടെ അഭ്യർഥനയെ തുടർന്ന് നജ്റാനിലെ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് വളൻറിയറും നജ്റാൻ പ്രതിഭ കലാസാംസ്കാരിക വേദി സേവനവിഭാഗം കാൺവീനറുമായ അനിൽ രാമചന്ദ്രൻ മുന്നിട്ടിറങ്ങി നാട്ടിലേക്ക് അയക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കുകയായിരുന്നു.
തുടർന്ന് ബിൽ തുക 2,30,000 റിയാലാക്കി കുറച്ചു. തുടർന്ന് ഇൻഷുറൻസ് കമ്പനി അത് വഹിക്കാൻ തയാറായി. ഇതോടെ ഇദ്ദേഹത്തെ നാട്ടിൽ എത്തിക്കാൻ ചെലവ് വരുന്ന 41,000 റിയാൽ കണ്ടെത്താൻ ശ്രമം ആരംഭിച്ചു. കുറച്ച് തുക ജിദ്ദ കോൺസുലേറ്റ് സഹായിക്കാം എന്ന് അറിയിച്ചു. ആ തുക വായ്പയായി കണ്ടെത്തുകയും ബാക്കി നജ്റാനിലെ പ്രവാസിസമൂഹം നൽകുകയും ചെയ്തു.
കഴിഞ്ഞദിവസം നജ്റാനിൽനിന്ന് റിയാദിലും അവിടെനിന്ന് കൊച്ചിയിലേക്കും കൊണ്ടുപോയി. നോർക്കയുടെ ആംബുലൻസിൽ തിരുവനന്തപുരം മെഡിക്കൽ കോളജിൽ എത്തിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആശുപത്രിയിലെ വിപിൻ അടക്കമുള്ള മലയാളി ജീവനക്കാർ, ഡോക്ടർമാർ, സൗദി ഗവൺമെന്‍റ് ഉദ്യോഗസ്ഥർ, ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്ഥർ എന്നിവർക്കും നജ്റാനിലെ പ്രവാസി സമൂഹത്തിനും സിറാജ്, റോബിൻ, ബഷീർ, വൈശാഖ്, സെയ്ഫു, സുരേഷ്, ആദർശ് തുടങ്ങിയവർക്കും പ്രതിഭ സാംസ്കാരിക വേദി നന്ദി അറിയിച്ചു. പ്രതിഭ കലാസാംസ്കാരിക വേദിയുടെ അംഗമാണ് സാബു സുദേവൻ. ഇന്ദു ആണ് ഭാര്യ. വൈഗ, വൈരുദ്ധ് എന്നിവർ മക്കളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.