ജുബൈൽ വ്യവസായ നഗരത്തിന് യുനെസ്കോ അംഗീകാരം
text_fieldsജുബൈൽ: സമഗ്രവും സുരക്ഷിതവും ഊർജസ്വലവും സുസ്ഥിരവുമായ വികസനം പ്രോത്സാഹിപ്പിക്കുന്ന നയങ്ങൾ കാഴ്ചവെച്ചതിന് ജുബൈൽ വ്യവസായ നഗരത്തിന് യു.എൻ ഏജൻസിയായ യുനെസ്കോയുടെ അംഗീകാരം. വ്യവസായിക, ഉൽപാദന മേഖലയിലെ പ്രഫഷനൽ വികസനത്തിൽ ശ്രദ്ധകേന്ദ്രീകരിച്ച് വിദ്യാഭ്യാസ, ജീവിത നിലവാരം ഉയർത്തിയതിനാണ് അംഗീകാരം.
യു.എൻ എജുക്കേഷനൽ സയൻറിഫിക് ആൻഡ് കൾചറൽ ഓർഗനൈസേഷൻ (യുനെസ്കോ), ജുബൈലിനെ ഗ്ലോബൽ നെറ്റ്വർക് ഓഫ് ലേണിങ് സിറ്റികളിലൊന്നായി (ജി.എൻ.എൽ.സി) ഉൾപ്പെടുത്തുന്നതായി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു.കരുത്തുറ്റ പഠന സംസ്കാരം വളർത്തിയെടുക്കുന്നതിലും വിദ്യാഭ്യാസ ഗുണനിലവാരം ഉയർത്തുന്നതിലും സമഗ്രമായ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനും അടിസ്ഥാനതലം മുതൽ ഉന്നത ബിരുദം വരെ എല്ലാ മേഖലകളിലും വിഭവങ്ങൾ ഫലപ്രദമായി വിതരണം ചെയ്യുന്നതിനും ജുബൈൽ മികച്ച പ്രകടനം കാഴ്ചവെച്ചു.
ലോകത്തിലെ തന്നെ ഏറ്റവും വലിയ വ്യവസായ നഗരമായ ജുബൈൽ മികവുറ്റ ഒരു വിദ്യാഭ്യാസ-തൊഴിൽ കേന്ദ്രം കൂടിയാണ്. കെമിക്കൽ എൻജിനീയറിങ് മുതൽ ഇൻഡസ്ട്രിയൽ വെൽഡിങ് വരെയുള്ള കോഴ്സുകൾ 11,000 വിദ്യാർഥികൾ പഠിക്കുന്നുണ്ട്.നഗരവാസികൾക്ക് മികവുറ്റ പഠനാവസരങ്ങൾ നൽകുന്നതിൽ അർപ്പണബോധം പ്രകടിപ്പിക്കുന്ന നഗരങ്ങളെ മാത്രമേ നെറ്റ്വർക്കിൽ പ്രവേശിപ്പിക്കൂവെന്ന് യുനെസ്കോ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലൈഫ്ലോങ് ലേണിങ് ഡയറക്ടർ ഡേവിഡ് അച്ചോറെന പറഞ്ഞു. പ്രാദേശിക സംരംഭകർക്കായി അധികൃതർ ബിസിനസ് ഇൻകുബേറ്ററുകൾ നടത്തുന്നു.
കൂടാതെ നഗരത്തിലെ താമസക്കാർക്ക് പ്രഫഷനൽ പരിശീലനവും തൊഴിൽ അവസരങ്ങളും നൽകുന്നതിന് ബെക്ടെൽ, യോകോഗവ പോലുള്ള പ്രമുഖ ആഗോള കമ്പനികളുമായി നിരന്തരം ബന്ധപ്പെട്ടുനിൽക്കുന്നു. ജുബൈൽ വ്യവസായ നഗരം യു.എന്നിെൻറ സുസ്ഥിര വികസന ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്നതിനോടൊപ്പം വിഷൻ 2030 അടിസ്ഥാന ലക്ഷ്യങ്ങളെ പൂർത്തീകരിക്കുകയും ചെയ്യുന്നതായി റോയൽ കമീഷൻ ഫോർ ജുബൈലിലെ വിദ്യാഭ്യാസ ജനറൽ മാനേജർ ഡോ. അലി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.