'മദ്റസത്തീ' പോർട്ടലിന് യുനെസ്കോ ബഹുമതി
text_fieldsജുബൈൽ: ലോകത്തെ മികച്ച നാല് വിദ്യാഭ്യാസ പോർട്ടലുകളിൽ ഒന്ന് സൗദി അറേബ്യയുടെ 'മദ്റസത്തീ' ഒാൺലൈൻ. ഇറ്റലിയിലെ കാറ്റാനിയയിൽ നടന്ന ജി-20 വിദ്യാഭ്യാസ മന്ത്രിമാരുടെ യോഗത്തിലാണ് സൗദി അറേബ്യക്ക് യുനെസ്കോയുടെ ബഹുമതി ലഭിച്ചത്.
കോവിഡിെൻറ പശ്ചാത്തലത്തിൽ ഓൺലൈൻ പഠനരീതികളിലേക്ക് വേഗംമാറുകയും മികവുറ്റതാക്കുകയും ചെയ്തതിനെ െഎക്യരാഷ്ട്ര സഭയുടെ വിദ്യാഭ്യാസ, സാംസ്കാരിക ശാസ്ത്ര ഏജൻസിയായ 'യുനെസ്കോ'യുടെ വിദ്യാഭ്യാസ അസിസ്റ്റൻറ് ഡയറക്ടർ ജനറൽ സ്റ്റെഫാനിയ ജിയാനിനി പ്രശംസിച്ചു.
യോഗത്തിൽ സൗദി വിദ്യാഭ്യാസമന്ത്രി ഡോ. ഹമദ് ബിൻ മുഹമ്മദ് അൽ-അശൈഖുമായി നടത്തിയ കൂടിക്കാഴ്ചയിൽ കോവിഡ് കാലത്ത് ഇ-ലേണിങ്, വിദൂര വിദ്യാഭ്യാസം എന്നിവയിൽ രാജ്യം മികച്ച വിജയം കൈവരിച്ചതായി സ്റ്റെഫാനിയ ജിയാനിനി അറിയിച്ചു. സൗദി അവതരിപ്പിച്ച 'മദ്റസത്തീ' പോർട്ടൽ മികച്ച നാല് ആഗോള മോഡലുകളിൽ ഒന്നാണെന്ന് ജിയാനിനി വ്യക്തമാക്കി. വിദ്യാഭ്യാസത്തിെൻറ ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യാതെ ഓൺലൈൻ പഠനത്തിലേക്ക് അതിവേഗം മാറാൻ സൗദിക്ക് കഴിഞ്ഞു. ചുരുങ്ങിയ സമയത്തിനുള്ളിൽ വിദൂരപഠനം പരിചയപ്പെടുത്തുന്നതിൽ നേടിയ വിജയം മറ്റുരാജ്യങ്ങൾക്ക് മാതൃകയാണ്.
കോവിഡിെൻറ കാലത്ത് രാജ്യത്തുടനീളമുള്ള സ്കൂളുകൾ അടച്ചുപൂട്ടിയതിനെ തുടർന്ന് വിദ്യാഭ്യാസം നിലക്കാതിരിക്കാനാണ് സമ്പൂർണ സംവേദനാത്മക ഡിജിറ്റൽ പ്ലാറ്റ്ഫോം വികസിപ്പിച്ചത്.
വിദ്യാർഥികൾക്ക് ലോഗിൻ ചെയ്യാനും ക്ലാസുകളിൽ പങ്കെടുക്കാനും അധ്യാപകരുമായി സംവദിക്കാനും സ്വന്തം പുരോഗതി വിലയിരുത്താനും കഴിയുന്ന തരത്തിലാണ് 'മദ്റസത്തീ' രൂപകൽപന ചെയ്തിരിക്കുന്നത്. വിദ്യാർഥികൾക്ക് വെർച്വൽ ക്ലാസുകൾ, ഗൃഹപാഠം, അസൈൻമെൻറുകൾ, ഡെലിവറി ഉപകരണങ്ങൾ എന്നിവ നൽകുന്നു. യൂട്യൂബ് ചാനലായും ദേശീയ വിദ്യാഭ്യാസ പോർട്ടലായും ഇത് ലഭ്യമാണ്.
സ്കൂൾ അധികൃതർ 'മദ്റസത്തീ' വഴി വിദ്യാഭ്യാസ പ്രക്രിയയെ സ്ഥിരമായി നിരീക്ഷിക്കുകയും ക്ലാസ് പട്ടിക തയാറാക്കുകയും ഹാജരാകാത്ത വിദ്യാർഥികളുമായി ആശയവിനിമയം നടത്തി വിദ്യാർഥികൾക്കും അവരുടെ മാതാപിതാക്കൾക്കും സാങ്കേതികസഹായം നൽകുകയും ചെയ്തുവരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.