യുനെസ്കോയുടെ അന്താരാഷ്ട്ര പഠനനഗരങ്ങളുടെ സമ്മേളനം ജുബൈലിൽ
text_fieldsജുബൈൽ: ഡിസംബർ മൂന്ന് മുതൽ അഞ്ചു വരെ നടക്കുന്ന യുനെസ്കോയുടെ ആറാമത് അന്താരാഷ്ട്ര പഠനനഗരങ്ങളുടെ സമ്മേളനത്തിന് ജുബൈൽ ആതിഥേയത്വം വഹിക്കും. കാലാവസ്ഥ അവബോധം വളർത്താനും സുസ്ഥിര സമൂഹത്തിന് പൗരന്മാരെ സജ്ജരാക്കാനും പ്രതിജ്ഞാബദ്ധരാണെന്ന് യുനെസ്കോയുടെ ആജീവനാന്ത പഠന ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഇസബെൽ കെംഫ് സമ്മേളന പ്രഖ്യാപന വേളയിൽ പറഞ്ഞു.
കാലാവസ്ഥ മെച്ചപ്പെടുത്താനുള്ള പ്രവർത്തനങ്ങൾക്ക് ഈ സമ്മേളനം ഊർജം നൽകും. സൽമാൻ രാജാവ് പരിപാടിയുടെ രക്ഷാധികാരിയായിരിക്കും. ജുബൈൽ ഇൻഡസ്ട്രിയൽ സിറ്റിയിലെ ജുബൈൽ യാംബു റോയൽ കമീഷനിലാണ് സമ്മേളനം നടക്കുക.
1975ൽ സ്ഥാപിതമായ റോയൽ കമീഷൻ 50ാം വാർഷിക ആഘോഷങ്ങൾക്കുള്ള തയാറെടുപ്പിലാണ്. സുസ്ഥിര വികസനത്തിനായുള്ള വിദ്യാഭ്യാസ രീതിക്ക് പഠനനഗരങ്ങളുടെ ആഗോള കൂട്ടായ്മയിൽ അംഗമായ സൗദി അറേബ്യയിലെ ജുബൈൽ ഇൻഡസ്ട്രിയൽ സിറ്റിയുടെ മാതൃകാപരമായ പങ്ക് തെളിയിക്കുന്നതായിരിക്കും ഈ പരിപാടി.
ലോകമെമ്പാടുമുള്ള നഗരങ്ങളുമായി അനുഭവങ്ങളും ആശയങ്ങളും കൈമാറ്റം ചെയ്യുന്നതിനും ആഗോള വെല്ലുവിളികളെ പ്രത്യേകിച്ച് കാലാവസ്ഥ വ്യതിയാനത്തെ അഭിമുഖീകരിക്കുന്നതിൽ പഠനനഗരങ്ങളുടെ കൂട്ടായ്മ വൻ പ്രാധാന്യം നൽകുന്നുണ്ട്. 2020ൽ ഈ ഗ്രൂപ്പിൽ അംഗമായതു മുതലുള്ള സജീവ പങ്കാളിത്തം, എല്ലാവർക്കും ആജീവനാന്ത പഠനാവസരങ്ങൾ വർധിപ്പിക്കുന്നതിന് വികസിപ്പിച്ച സംരംഭങ്ങൾ എന്നിവ കണക്കിലെടുത്താണ് സമ്മേളനത്തിന് ആതിഥ്യം വഹിക്കാൻ ജുബൈൽ തിരഞ്ഞെടുക്കപ്പെട്ടത്.
‘സൗദി വിഷൻ 2030’ന്റെ ഭാഗമായി ആരംഭിച്ച മാനവശേഷി വികസന പരിപാടികൾ പോലുള്ള ദേശീയ പരിപാടികളിലേക്ക് യുനെസ്കോ ശ്രദ്ധ ക്ഷണിച്ചു. ആജീവനാന്ത വിദ്യാഭ്യാസത്തോടൊപ്പം സർക്കാർ ഏജൻസികൾ, സ്വകാര്യ മേഖല, നോൺ-പ്രോഫിറ്റ് സെക്ടർ എന്നിവയുടെ സഹകരണത്തോടെ പൊതുവിദ്യാഭ്യാസ മേഖല കൂടി ഈ പദ്ധതി ഉൾക്കൊള്ളുന്നു.
ഡിസംബറിൽ നടക്കുന്ന സമ്മേളനം മുനിസിപ്പൽ ഉദ്യോഗസ്ഥർ, പഠന-വിദ്യാഭ്യാസ മേഖലകളിൽ നിന്നുള്ളവർ, യുനെസ്കോ പഠന നഗര ശൃംഖല പ്രതിനിധികൾ എന്നിവർക്ക് ആശയങ്ങൾ കൈമാറാൻ അവസരം ഉണ്ടാകും.
79 രാജ്യങ്ങളിലെ 356 നഗരങ്ങൾ ഉൾപ്പെടുന്നതാണ് യുനെസ്കോ പഠന നഗര ശൃംഖല. നയരൂപകർ, ലേണിങ് സിറ്റി മേയർമാർ, ആജീവനാന്ത പഠന വിദഗ്ധർ, സർക്കാറിതര സംഘടനകൾ, പൊതുജനങ്ങൾ, ഗവേഷകർ, അധ്യാപകർ, യു.എൻ സ്ഥാപനങ്ങൾ എന്നിവയും പങ്കെടുക്കും. ജുബൈൽ ഇൻഡസ്ട്രിയൽ സിറ്റിക്ക് 2021ൽ യുനെസ്കോ പഠന നഗര അവാർഡ് ലഭിച്ചിരുന്നു.
സൗദി കിരീടാവകാശിയും ഗ്രീൻ സൗദിയുടെ ഉന്നതതല കമ്മിറ്റി ചെയർമാനുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ 2021ൽ ആരംഭിച്ച ‘സൗദി-മിഡിൽ ഈസ്റ്റ് ഗ്രീൻ ഇനിഷ്യേറ്റിവി’ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി ‘കാലാവസ്ഥ സംബന്ധമായ പ്രവർത്തനങ്ങൾക്ക് മുൻനിരയിലുള്ള പഠന നഗരങ്ങൾ’ എന്നതായിരിക്കും സമ്മേളനത്തിന്റെ പ്രമേയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.