യുനെസ്കോയുടെ ജുബൈൽ റീജനൽ സെന്റർ പത്താം വാർഷികാഘോഷം
text_fieldsജുബൈൽ: യുനെസ്കോയുടെ ജുബൈൽ റീജനൽ സെന്റർ ഓഫ് ക്വാളിറ്റി ആൻഡ് എക്സലൻസ് പത്താം വാർഷികം ആഘോഷിച്ചു. റീജനൽ സെൻററിന്റെ പുതിയ ഐഡന്റിറ്റി ലോഞ്ചിങ്ങും നടന്നു.
വിദ്യാഭ്യാസ മന്ത്രി യൂസഫ് അൽ-ബെൻയാന്റെ നേതൃത്വത്തിൽ ജുബൈൽ ഇൻഡസ്ട്രിയൽ സിറ്റിയിലെ മറൈൻ ക്ലബ് ഹെഡ് ക്വാർട്ടേഴ്സിൽ നടന്ന ചടങ്ങിൽ യുനെസ്കോ ഗ്ലോബൽ നെറ്റ്വർക്ക് ഓഫ് ലേണിങ് സിറ്റിയിൽ അംഗത്വം നേടിയ നഗരങ്ങളെ ആദരിച്ചു. രാജ്യത്തിനകത്തും പുറത്തുമുള്ള വിശിഷ്ട വ്യക്തികളും വിദഗ്ധരും പങ്കെടുത്തു.
ഭരണ നേതൃത്വത്തിന്റെ പിന്തുണയോടെ യുനെസ്കോയുടെ മേൽനോട്ടത്തിൽ രാജ്യത്ത് വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിനായി 10 വർഷം മുമ്പാണ് റീജനൽ സെൻറർ നിലവിൽ വന്നതെന്ന് വിദ്യാഭ്യാസ മന്ത്രി യൂസഫ് അൽ-ബെൻയാൻ പറഞ്ഞു.
വർധിച്ചുവരുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനും ‘സൗദി വിഷൻ 2030’ മുന്നോട്ടു വെക്കുന്ന വികസന കാഴ്ചപ്പാടുകൾ സാക്ഷാത്കരിക്കുന്നതിനും വിദ്യാഭ്യാസ ഗുണമേന്മ ഉറപ്പുവരുത്താൻ നിക്ഷേപം നടത്തേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും അദ്ദേഹം വിശദീകരിച്ചു.
പ്രാദേശികവും അന്തർദേശീയവുമായ സഹകരണത്തിലൂടെ വിദ്യാഭ്യാസ സമ്പ്രദായങ്ങൾ വികസിപ്പിക്കേണ്ടതിന്റെയും നൂതനമായ തലമുറകളെ സൃഷ്ടിക്കേണ്ടതിന്റെയും പ്രാധാന്യവും അദ്ദേഹം ഊന്നിപ്പറഞ്ഞു.
ജുബൈൽ, യാംബു, മദീന, അൽ അഹ്സ, കിങ് അബ്ദുല്ല ഇക്കണോമിക് സിറ്റി എന്നീ ലേണിങ് സിറ്റി പാർട്ണർമാരെ ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി ആദരിച്ചു. പരിപാടിയുടെ സമാപനത്തോട് അനുബന്ധിച്ച് അറബ് നെറ്റ്വർക്ക് ഫോർ ലേണിങ് സിറ്റീസ് പ്ലാറ്റ്ഫോം അനാച്ഛാദനം ചെയ്തു.
ആജീവനാന്ത വിദ്യാഭ്യാസത്തിനായുള്ള സാമൂഹിക സംരംഭങ്ങളെയും മികച്ച വിദ്യാഭ്യാസ രീതികളെയും കണ്ടെത്താനാണ് ഈ പ്ലാറ്റ്ഫോം. റീജനൽ സെന്ററും യുനെസ്കോ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലൈഫ് ലോങ് ലേണിങ്ങുമായി (യു.ഐ.എൽ) തന്ത്രപ്രധാനമായ സഹകരണ കരാർ പ്രഖ്യാപനവും നടന്നു. 2024 മുതൽ 2028 വരെയുള്ള സംയുക്ത പ്രവർത്തന പദ്ധതി കൂടി ഉൾപ്പെടുന്നതായിരിക്കും പുതിയ കരാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.